കരിപ്പൂർ സ്വർണക്കടത്ത്; അർജുന് ബന്ധമെന്ന് ഭാര്യ മൊഴി നൽകിയതായി കസ്റ്റംസ്
text_fieldsകൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി അർജുൻ ആയങ്കിക്ക് നേരത്തേയും സ്വർണക്കടത്തുമായി ബന്ധമുണ്ടായിരുന്നതായി ഭാര്യയുടെ മൊഴി. അർജുന്റെ ജാമ്യാപേക്ഷയിൽ കസ്റ്റംസ് സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് ഭാര്യ അനിലയുടെ മൊഴിയുടെ വിശദാംശമുള്ളത്. എെൻറ അറിവിൽ അർജുന് നേരത്തേയും സ്വർണ ക്കടത്തുമായി ബന്ധമുണ്ടായിരുന്നു, കൂടാതെ അർജുൻ ചില സാമൂഹിക വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലർത്തുന്നതായി സുഹൃത്തുക്കളും ബന്ധുക്കളും അറിയിച്ചതായാണ് കസ്റ്റംസ് കോടതിയിൽ അനിലയുടെതായി പറയുന്ന മൊഴിയിലുള്ളത്. കഴിഞ്ഞ 15നാണ് കസ്റ്റംസ് അനിലയെ ചോദ്യം ചെയ്തത്.
അർജുെൻറ വരുമാന മാർഗങ്ങളെക്കുറിച്ച് അറിയില്ലെന്നും അനില മൊഴി നൽകിയിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കാതെ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്ന രീതിയാണ് പ്രതി സ്വീകരിക്കുന്നത്. ഇതുതന്നെ പ്രതിക്ക് കുറ്റകൃത്യത്തിൽ പ്രധാന പങ്കുണ്ടെന്നതിന് തെളിവാണ്. പ്രതിയുടെ വീട് പരിശോധിച്ചപ്പോൾ ലഭിച്ച രേഖകളിൽനിന്ന് പ്രതി 2020 മുതൽ സ്വർണക്കടത്തിൽ പങ്കാളിയാണെന്ന് വ്യക്തമാകുന്നുണ്ട്.
അർജുൻ കള്ളക്കടത്തിന് ഉപയോഗിച്ച വാഹനത്തിെൻറ രജിസ്റ്റേഡ് ഉടമ സജേഷിനെയും ചോദ്യം ചെയ്തിരുന്നു. സാമൂഹിക വിരുദ്ധ സംഘങ്ങളുമായുള്ള അർജുെൻറ ബന്ധവും സ്വർണക്കടത്തിലെ പങ്കാളിത്തവും അറിഞ്ഞപ്പോൾ വാഹനത്തിെൻറ ഉടമസ്ഥത മാറ്റണമെന്ന് അർജുനോട് ആവശ്യപ്പെട്ടെങ്കിലും ഇതിന് തയാറായില്ലെന്നും സജേഷ് പറഞ്ഞു. കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്നതിലെ പ്രധാനി അർജുനാണെന്നും മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിലും ഇയാൾക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞെന്നും ജീവന് ഭീഷണിയുണ്ടാവുമെന്ന് കരുതിയാണ് ഇക്കാര്യം ആരോടും പറയാതിരുന്നതെന്നും സജേഷ് പറഞ്ഞു.
വിമാനത്താവളങ്ങളിൽ ക്യാരിയർമാരായി എത്തുന്നവരിൽനിന്ന് സ്വർണം തട്ടിയെടുക്കുന്നതിൽ അർജുൻ ആയങ്കിക്ക് പ്രധാന പങ്കുണ്ടെന്ന് മറ്റൊരു പ്രതി അജ്മലും വെളിപ്പെടുത്തിയിട്ടുണ്ട്. അർജുന് കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന സംഘത്തെക്കുറിച്ചും രാഷ്ട്രീയ ബന്ധമുള്ള ചിലരുടെ പേരുകളും അജ്മൽ വെളിപ്പെടുത്തി. അർജുെൻറ സംഘത്തിൽനിന്ന് വധഭീഷണി ഉയർന്നതിനെത്തുടർന്ന് സ്വർണം കൊണ്ടുവന്ന ഷഫീഖിനോട് ഇതിൽനിന്ന് പിന്മാറാൻ താൻ പറഞ്ഞതായും അജ്മലിെൻറ മൊഴിയിലുണ്ട്.
ഉദ്യോഗസ്ഥർ ഉപദ്രവിച്ചുവെന്ന പ്രതിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും കസ്റ്റംസ് ബോധിപ്പിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കൊടി സുനി, ഷാഫി എന്നിവരുമായി പ്രതിക്കുള്ള ബന്ധം ഉറപ്പിക്കാനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും കസ്റ്റംസ് ബോധിപ്പിച്ചു.
കേസിലെ പ്രധാന സാക്ഷികളെല്ലാം കണ്ണൂരിൽനിന്നുള്ളവരാണ്. ഈ സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണം അട്ടിമറിക്കാനും സാധ്യതയുണ്ടെന്നും ജാമ്യം നൽകരുതെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു. ഇരുഭാഗം വാദവും കേട്ട കോടതി ജാമ്യാപേക്ഷ വ്യാഴാഴ്ച വിധി പറയാനായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.