കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: അന്വേഷണം കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക്
text_fieldsകൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി സ്വര്‍ണം കടത്താൻ ഒത്താശ ചെയ്ത കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ പിടിയിലാകുമെന്ന് സൂചന. സി.ഐ.എസ്.എഫ്, കസ്റ്റംസ് വിഭാഗങ്ങള്‍ക്ക് പുറമെ വിമാനത്താവള കരാര്‍ ജീവനക്കാരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേസില്‍ നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥരെ കൊണ്ടോട്ടി ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നേരത്തേ ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കി ചോദ്യം ചെയ്ത് വരുകയാണ്. ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.
വിമാനത്താവളം വഴി നടന്ന 60 സ്വര്ണക്കടത്തുകളില് പങ്കാളിയാണെന്ന് കണ്ടെത്തിയ സി.ഐ.എസ്.എഫ് അസി. കമാന്‍ഡന്റ് നവീന്‍കുമാറിനെ കഴിഞ്ഞദിവസം സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ നവീന്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. തുടര്‍ന്നുള്ള നിയമനടപടികള്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ തുടക്കമിട്ടിട്ടുണ്ട്.
സംഭവത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു ഉദ്യോഗസ്ഥനെ കൂടി പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. നേരത്തേ കരിപ്പൂരില്‍ കസ്റ്റംസ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഈ ഉദ്യോഗസ്ഥനില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരുകയാണ്. ഇയാളും നിലവില്‍ കേസില്‍ പ്രതിചേര്‍ത്ത നവീനും മുന്‍കാല പരിചയക്കാരാണെന്ന വിവരവും പൊലീസിന് ലഭിച്ചതായാണ് സൂചന. വിമാനത്താവളത്തിലെ ലഗേജ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന കരാര്‍ ജീവനക്കാരന് വഴിയാണ് സ്വര്‍ണക്കടത്തിന് കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ വഴിയൊരുക്കിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കരിപ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഓരോ സ്വര്‍ണക്കടത്തിനും 60,000 രൂപ വീതം കരാര്‍ ജീവനക്കാരനും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കള്ളക്കടത്ത് സംഘം നല്‍കിയതിന്റെ തെളിവുകള്‍ മുന്‍നിര്‍ത്തി നടക്കുന്ന അന്വേഷണത്തില്‍ കൂടുതല്‍ പേര് പിടിയിലാകാനുള്ള സാധ്യതയാണുള്ളത്.
ഇക്കഴിഞ്ഞ അഞ്ചിന് കരിപ്പൂര്‍ വഴിയെത്തിയ യാത്രക്കാര്‍ കടത്താന്‍ ശ്രമിച്ച 503 ഗ്രാം സ്വര്‍ണമിശ്രിതം പൊലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണമാണ് ഉന്നത ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കിയത്.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാകും തുടര്‍നടപടികളെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.