കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: പണം മുടക്കിയവർ ഒളിവിൽ
text_fieldsകോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിൽ അന്വേഷണം പുരോഗമിക്കവെ സ്വർണത്തിന് പണം മുടക്കിയവർ മുങ്ങി. മൂന്നുപേരാണ് 30 കിലോയിലേറെ സ്വര്‍ണം കടത്തുന്നതിനായി പണം മുടക്കിയത് എന്നാണ് ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസിന് (ഡി.ആർ.െഎ) ലഭിച്ച വിവരം.
അരീക്കോട്, താമരശ്ശേരി, മുക്കം എന്നിവിടങ്ങളിലുള്ള ഇവരുടെ വീടുകളില്‍ ഡി.ആർ.െഎ പരിശോധന നടത്തിയതിനു പിന്നാലെയാണ് ഇവർ ഒളിവിൽപോയത്. മൂവരും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ സമര്‍പ്പിച്ചതായാണ് വിവരം. മുൻകൂർ ജാമ്യം ലഭിക്കുംമുമ്പ് കസ്റ്റഡിയിലെടുക്കാൻ ഇവരുടെ മൊബൈൽ ഫോൺ ലൊക്കേഷൻ ഉൾപ്പെടെ മനസ്സിലാക്കിയാണ് അന്വേഷണം. സ്വർണം എത്തിച്ചത് കൊയിലാണ്ടി, കൊടുവള്ളി സ്വദേശികളായ യാത്രക്കാരാണെന്ന് മനസ്സിലായതോടെ ഇവരിൽനിന്നും ഡി.ആർ.െഎ വിവരങ്ങൾ ശേഖരിച്ചു.
അതിനിടെ കേസില്‍ നേരത്തേ ജാമ്യം ലഭിച്ച വിമാനത്താവള ശുചീകരണവിഭാഗം തൊഴിലാളികളായ മൂന്നുപേരെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചു. കോടതി അനുമതിയോടെയാവും ചോദ്യംചെയ്യൽ.സെപ്റ്റംബർ ആറിനാണ് കേസിനാസ്പദമായ സംഭവം. ദോഹയില്നിന്നെത്തിച്ച സ്വര്‍ണം വിമാനത്താവളത്തിലെ ശുചീകരണവിഭാഗം ജീവനക്കാര്‍ മുഖേന മുക്കം സ്വദേശി പി. നിസാര്‍, അരീേക്കാട് പത്തനാപുരം സ്വദേശി ഫസലുറഹ്മാന് എന്നിവര്‍ക്ക് കൈമാറിയെന്നാണ് ഡി.ആർ.െഎ കണ്ടെത്തൽ.
സ്വര്‍ണവുമായി മടങ്ങവെ ബൈക്കിൽ പിന്തുടർന്ന ഡി.ആർ.െഎ ഉദ്യോഗസ്ഥരെ നിസാറും ഫസലുറഹ്മാനും ചേര്‍ന്ന് കാറിടിപ്പിച്ചിരുന്നു. ഇതില്‍ ഇരുവര്‍ക്കുമെതിരെ കൊണ്ടോട്ടി പൊലീസ് രജിസ്റ്റർചെയ്ത കേസിൽ നിസാറാണ് അറസ്റ്റിലായത്. ഫസലുറഹ്മാന് രക്ഷപ്പെട്ടു.നിസാറിനെ ചോദ്യംചെയ്തതില്‍നിന്നും ഫോൺകാൾ വിവരങ്ങൾ പരിശോധിച്ചതിൽനിന്നുമാണ് സ്വർണകള്ളക്കടത്തിന് പണം മുടക്കിയവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.