കരിപ്പൂര്‍ വഴി ഹജ്ജ് യാത്ര: കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളം വഴി ഹജ്ജിന് പോകാന്‍ സൗകര്യമുണ്ടാക്കുന്നതിന് കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരിപ്പൂര്‍ വിമാനത്താവളം വികസിപ്പിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് ഉറച്ച നിലപാടാണുള്ളത്. ആവശ്യമായ ഭൂമി ഏറ്റെടുത്തു കൊടുക്കാന്‍ സര്‍ക്കാര്‍ തയാറാണ്. ഭൂമി ഏറ്റെടുക്കുന്നതിലുള്ള എതിര്‍പ്പ് ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം കരിപ്പൂര്‍ വികസിപ്പിക്കുന്നതിന് ഇപ്പോള്‍ അനുകൂലമായ നിലപാട് എടുക്കുന്നുണ്ട്. കുറേക്കാലമായി കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാറിന് ശ്രദ്ധയുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഇന്നത്തെ സ്ഥിതി വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ് ലിം സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പാലോളി കമ്മിറ്റി റിപ്പോർട്ടിന്‍റെ ശിപാര്‍ശകളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. ബാക്കി കാര്യങ്ങളും നടപ്പാക്കും. മതനിരപേക്ഷതക്ക് വലിയ ഭീഷണി ഉയരുന്ന സാഹചര്യമാണ് ദേശീയതലത്തിലുള്ളത്. മതനിരപേക്ഷത ശക്തിപ്പെടുത്തുന്ന നിലപാടാണ് എല്ലാവരും ഈ സാഹചര്യത്തില്‍ സ്വീകരിക്കേണ്ടത്. വര്‍ഗീയതയെയോ തീവ്രവാദത്തെയോ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ഒരു തരത്തിലും ഉണ്ടാവരുത്. തീവ്രവാദത്തെ ശക്തിയായി എതിര്‍ക്കണം.
കന്നുകാലികളുടെ കശാപ്പ് നിയന്ത്രിച്ച പ്രശ്നം ഏതെങ്കിലും മതവിഭാഗത്തിന്‍റെ പ്രശ്നമായി സര്‍ക്കാര്‍ കാണുന്നില്ല. കേരളത്തിലെ ജനങ്ങളുടെ ഭക്ഷണരീതിയുടെയും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള അവകാശത്തിന്‍റെയും പ്രശ്നമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി കെ.ടി ജലീലും യോഗത്തില്‍ സംബന്ധിച്ചു. യോഗത്തില്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍, കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍, കേരള നദ്വത്തുല്‍ മുജാഹിദിന്‍ നേതാവ് ടി.പി അബ്ദുള്ളക്കോയ മദനി, എം.ഇ.എസ് പ്രസിഡണ്ട് ഡോ. ഫസല്‍ ഗഫൂര്‍, എ. സെയ്ഫുദ്ദീന്‍ ഹാജി, ഡോ. ബഹാവുദ്ദീന്‍ നദ്വി, എ.പി അബ്ദുള്‍ വഹാബ്, ഡോ. പി.കെ അബ്ദുള്‍ അസീസ്, സി. മുഹമ്മദ് ഫൈസി, കുഞ്ഞിമുഹമ്മദ് പരപ്പൂര്‍, പി.കെ ഹംസ, ഇ.എം നജീബ്, തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.