ആഭ്യന്തര യാത്രക്കാരിൽ കണ്ണൂരിനെ മറികടന്ന് കരിപ്പൂർ; അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ നാലാമത്
text_fieldsകരിപ്പൂർ: ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ കണ്ണൂരിനെ മറികടന്ന് കോഴിക്കോട് വിമാനത്താവളം. കോവിഡ് പശ്ചാത്തലത്തിൽ നിരവധി നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് ആഭ്യന്തര യാത്രക്കാരിൽ കോഴിക്കോട് നേട്ടമുണ്ടാക്കിയത്.
ഏറെ മാസങ്ങൾക്കുശേഷമാണ് കണ്ണൂരിനെക്കാളും കുറഞ്ഞ സർവിസുകൾ നടത്തി കൂടുതൽ യാത്രക്കാരുമായി കരിപ്പൂർ മുന്നിലെത്തിയത്. കൂടാതെ, കോവിഡിനുശേഷം ആദ്യമായി ഒരുമാസം ഒരുലക്ഷത്തിന് മുകളിൽ അന്താരാഷ്ട്ര യാത്രക്കാരും കഴിഞ്ഞ ജനുവരിയിൽ കരിപ്പൂർ വഴി സഞ്ചരിച്ചു. ഇതോടെ, രാജ്യത്ത് അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ കരിപ്പൂർ നാലാമതാണ്.
കണ്ണൂർ വിമാനത്താവളം പ്രവർത്തനമാരംഭിച്ചതോടെ സംസ്ഥാന സർക്കാറും കിയാലും നിരവധി ഇളവുകൾ നൽകിയതിനെ തുടർന്ന് ആഭ്യന്തര സർവിസിലും യാത്രക്കാരുടെ എണ്ണത്തിലും കരിപ്പൂരിനെ മറികടന്നിരുന്നു. 2019ൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത വിമാന കമ്പനികളുടെ യോഗത്തിെൻറ അടിസ്ഥാനത്തിൽ പുതുതായി 39 സർവിസുകൾ തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് തുടങ്ങി. ഇവയിൽ ഒന്നുപോലും കരിപ്പൂരിന് ലഭിച്ചിരുന്നില്ല. ഇത്തരത്തിലുള്ള പ്രതിസന്ധികളെ മറികടന്നാണ് കരിപ്പൂർ ആഭ്യന്തര സർവിസിൽ നേട്ടമുണ്ടാക്കിയത്.
ജനുവരിയിൽ കരിപ്പൂരിൽ 456 സർവിസുകളിൽനിന്നായി 28,867 ആഭ്യന്തര യാത്രക്കാരാണ് ഉണ്ടായിരുന്നത്. കണ്ണൂരിൽ ഇതേസമയം 507 സർവിസുകൾ നടത്തിയിട്ടും 27,889 പേരാണ് യാത്ര ചെയ്തത്.
ആഭ്യന്തര യാത്രക്കാർക്കൊപ്പം അന്താരാഷ്ട്ര സർവിസിലും ജനുവരിയിൽ കരിപ്പൂരിന് നേട്ടമുണ്ടാക്കാനായി. വലിയ വിമാനങ്ങൾ അടക്കം കൂടുതൽ സർവിസ് ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് അടക്കമുള്ള രാജ്യത്തെ മുൻനിര വിമാനത്താവളങ്ങളിൽ ഉണ്ടായിരുന്നെങ്കിലും യാത്രക്കാരുടെ എണ്ണത്തിൽ കുറഞ്ഞ സർവിസുകളുമായി കരിപ്പൂരിന് ഇവയെ മറികടക്കാനായി.
കരിപ്പൂരിന് മുന്നിൽ ഡൽഹി, മുംബൈ, കൊച്ചി വിമാനത്താവളങ്ങൾ മാത്രമാണുള്ളത്. 750 അന്താരാഷ്ട്ര സർവിസുകളിൽ നിന്നായി 1,11,139 പേരാണ് ജനുവരിയിൽ കരിപ്പൂർ വഴി സഞ്ചരിച്ചത്. കൊച്ചിയിൽ 1009 സർവിസിൽ നിന്നായി 1,38,173 യാത്രക്കാർ, മുംബൈയിൽ 2,642 സർവിസിൽ നിന്നായി 1,77,974 യാത്രക്കാരുമാണുണ്ടായിരുന്നത്. 4.44 ലക്ഷം യാത്രക്കാരുള്ള ഡൽഹിയാണ് ഒന്നാമത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.