കരിപ്പൂർ വിമാന ദുരന്തം: 1.34 കോടി രൂപ വീതം നഷ്ടപരിഹാരം തേടിയുള്ള ഹരജിയിൽ നോട്ടീസ്
text_fieldsന്യൂഡൽഹി: കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും ഇന്ത്യ അംഗീകരിച്ച അന്തർദേശീയ ഉടമ്പടി പ്രകാരമുള്ള നഷ്ടപരിഹാരമായ ഒരു ലക്ഷം എസ്.ഡി.ആർ (ഏകദേശം 1.34 കോടി രൂപ) വീതം നഷ്ടപരിഹാരം നൽകണമെന്ന ഹരജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാറിനും എയർ ഇന്ത്യക്കും നോട്ടീസ് അയച്ചു. 2020 ആഗസ്റ്റ് ഏഴിനുണ്ടായ അപകടത്തിൽ മരിച്ചയാളുടെ ബന്ധുവും പരിക്കേറ്റ 40ഓളം പേരും സമർപ്പിച്ച ഹരജികൾ നേരത്തേ മംഗലാപുരം വിമാനാപകടത്തിൽ മരിച്ചവരുടെ ആശ്രിതർ ഇതേ ആവശ്യമുന്നയിച്ച് നൽകിയ ഹരജിക്കൊപ്പം കേൾക്കാനായി മാറ്റി.
ഒരിക്കൽ കരാറിൽ ഏർപ്പെട്ട് നഷ്ടപരിഹാരം വാങ്ങിയ വിഷയത്തിൽ വീണ്ടും നഷ്ടപരിഹാരം അവകാശപ്പെടാനാകില്ലെന്നും നോട്ടീസ് പോലും അയക്കാതെ ഹരജി തള്ളണമെന്നും എയർ ഇന്ത്യക്കുവേണ്ടി ഹാജരായ ഹസൻ മുർതസ ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിസുമാരായ സി.ടി. രവികുമാർ, സഞ്ജയ് കുമാർ എന്നിവരടങ്ങുന്ന ബെഞ്ച് അംഗീകരിച്ചില്ല. വിമാനാപകടത്തിൽ മരിക്കുന്നവർക്കും പരിക്കേൽക്കുന്നവർക്കും ചുരുങ്ങിയത് ഒരു ലക്ഷം എസ്.ഡി.ആർ (സ്പെഷൽ ഡ്രോയിങ് റൈറ്റ്) നൽകണമെന്ന ഇന്ത്യ ഒപ്പിട്ട അന്തർദേശീയ ഉടമ്പടി നടപ്പാക്കാൻ ബാധ്യസ്ഥമാണെന്ന് ഹരജിയിൽ ബോധിപ്പിച്ചു.
കരിപ്പൂർ ദുരന്തത്തിൽ പരിക്കേറ്റവർക്ക് അന്തർദേശീയ ഉടമ്പടി പാലിക്കാതെ പേരിനൊരു നഷ്ടപരിഹാരം നൽകിയെന്ന് ഹരജി കുറ്റപ്പെടുത്തി. യഥാർഥ നഷ്ടപരിഹാരത്തുക പിന്നീട് നൽകുമെന്ന നിലയിലാണ് തുക കൈപ്പറ്റിയതെന്നും നിലവിൽ 15 മുതൽ 25 ലക്ഷം രൂപ വരെയാണ് നഷ്ടപരിഹാരം നൽകിയതെന്നും ഹരജി തുടർന്നു. മോൺട്രിയാൽ കൺവെൻഷൻ ചട്ടപ്രകാരം കക്ഷികൾ തമ്മിൽ ധാരണയിലെത്തിയാൽപോലും ചുരുങ്ങിയ നഷ്ടപരിഹാരമായ ഒരു ലക്ഷം എസ്.ഡി.ആർ നൽകാതിരിക്കാനാവില്ല.
1972ലെ വ്യോമയാന നിയമത്തിന്റെ 21(1) ചട്ടപ്രകാരം എയർ ഇന്ത്യ ഈ തുക നഷ്ടപരിഹാരം നൽകണം. എതിർപ്പില്ലാതെ നഷ്ടപരിഹാരത്തുക കൈപ്പറ്റിയശേഷമാണ് ഇത്തരമൊരു ആവശ്യവുമായി വന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് ഹരജി തള്ളിയത്. അഭിഭാഷകരായ മുൻ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ, വി. ചിദംബരേഷ്, കോടോത്ത് ശ്രീധരൻ, സുൽഫീക്കർ അലി, മുഹമ്മദ് ആരിഫ്, അബ്ദുൽ ജലീൽ എന്നിവർ കരിപ്പൂരിൽ പരിക്കേറ്റവർക്കുവേണ്ടി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.