കരിപ്പൂര്‍ പൊലീസ് സ്റ്റേഷന് ജപ്തി ഭീഷണി; സ്വന്തം കെട്ടിടമൊരുക്കുന്നതില്‍ കടുത്ത അനാസ്ഥ
text_fieldsകൊണ്ടോട്ടി: വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കരിപ്പൂരിലെ ജനകീയ പൊലീസ് സ്റ്റേഷന് ബാങ്കിന്റെ ജപ്തി ഭീഷണിയും പുതിയ വെല്ലുവിളി തീര്‍ക്കുന്നു. സ്റ്റേഷന് സ്വന്തം കെട്ടിടമൊരുക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം അനന്തമായി നീളുന്നതിനിടെ ഭൂവുടമ കെട്ടിട രേഖകള്‍ ഈടുവെച്ച് കനറ ബാങ്കില്‍നിന്ന് വായ്പയെടുത്തതിലെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി ഭീഷണിയായത്.
അഞ്ച് കോടിയില്‍പരം രൂപയും പലിശയും 60 ദിവസത്തിനകം അടക്കാത്ത പക്ഷം കെട്ടിടം ജപ്തിചെയ്യുമെന്നാണ് ബാങ്ക് അറിയിച്ചത്. ഇതിനുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണ്. കരിപ്പൂർ വിമാനത്താവളവും പരിസരവും കേന്ദ്രീകരിച്ച് മയക്കുമരുന്നും കള്ളക്കടത്തും പ്രതിരോധിക്കുന്നതില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്ന പൊലീസ് സ്റ്റേഷന്റെ നിലനില്‍പ്പാണ് ഇതോടെ ചോദ്യചിഹ്നമാകുന്നത്. സ്‌റ്റേഷന് സ്വന്തം കേന്ദ്രം സര്‍ക്കാര്‍ സംവിധാനത്തില്‍ ഒരുക്കാനുള്ള ശ്രമങ്ങളിലുണ്ടായ വീഴ്ചയെ തുടര്‍ന്ന് ബദല്‍കേന്ദ്രം സ്വകാര്യ മേഖലയില്‍ത്തന്നെ കണ്ടെത്തേണ്ട അവസ്ഥയാണ്.
2009 ഫെബ്രുവരി 10ന് കൊടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെയാണ് കരിപ്പൂര്‍ സ്റ്റേഷന്‍ നിലവില്‍ വരുന്നത്. സ്റ്റേഷന് ഉടന്‍ സൗകര്യപ്രദമായ കെട്ടിടം ഒരുക്കുമെന്ന് അന്ന് പ്രഖ്യാപിച്ചെങ്കിലും 14 വര്‍ഷം പിന്നിട്ടിട്ടും സ്ഥലം ലഭ്യമാക്കാന്‍പോലും നടപടിയായിട്ടില്ല. ലോക്കപ്പ് സൗകര്യം പോലുമില്ലാതെ കുമ്മിണിപ്പറമ്പിലെ ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിലാണ് പ്രവര്‍ത്തനം.
ക്വട്ടേഷന്‍ സംഘങ്ങളേയും മയക്കുമരുന്ന് ലോബികളേയും മറ്റും പിടികൂടുമ്പോള്‍ പ്രതികളെ കസ്റ്റഡിയില്‍വെക്കാന്‍ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനെയാണ് കരിപ്പൂര്‍ പൊലീസ് പലപ്പോഴും ആശ്രയിക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളവും ഇതിനടുത്തായുള്ള പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ 11 വാര്‍ഡുകളും പുളിക്കല്‍ ഗ്രാമപഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളും കൊണ്ടോട്ടി നഗരസഭയിലെ ആറ് വാര്‍ഡുകളുമാണ് കരിപ്പൂര്‍ പൊലീസ് സ്റ്റേഷന്റെ പരിധി.
ഇതില്‍ മിക്ക സ്ഥലങ്ങളില്‍നിന്നും പരാതിക്കാര്‍ക്ക് ജനമൈത്രി പൊലീസിന്റെ സേവനം ലഭിക്കാന്‍ കിലോമീറ്ററുകള്‍ കഞ്ചരിച്ചുവേണം കുമ്മിണിപ്പറമ്പിലെത്താന്‍. ഈ മേഖലയില്‍ പൊതുഗതാഗത സംവിധാനം കുറവായതും സാധാരണക്കാരെ വലക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.