കരിപ്പൂര്‍ റണ്‍വേ വിപുലീകരണം; ഭൂരേഖ പരിശോധന ഇന്ന് പുനരാരംഭിക്കും
text_fieldsകൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് വിമാനത്താവള വികസനത്തിന്റെ ഭാഗമായി റണ്‍വേയുടെ സുരക്ഷ മേഖല (റെസ) വിപുലീകരണത്തിനുള്ള സ്ഥലമേറ്റെടുക്കലിന് മുന്നോടിയായുള്ള ഭൂരേഖ സമര്‍പ്പണം വെള്ളിയാഴ്ച പുനരാരംഭിക്കും. വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശത്തെ തുടര്‍ന്ന് 14.5 ഏക്കര്‍ ഭൂമി ഏറ്റെടുത്താണ് റെസ വിപുലീകരിക്കുന്നത്.
ഇതിനുള്ള അളവെടുക്കലടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. പള്ളിക്കല്‍ വില്ലേജില്‍നിന്ന് 26, നെടിയിരുപ്പ് വില്ലേജില്‍നിന്ന് 54 എന്നിങ്ങനെ 80 ഭൂവുടമകളില്‍നിന്നായി 14.5 ഏക്കര്‍ ഭൂമിയാണ് റെസ വിപുലീകരണത്തിന് ഏറ്റെടുക്കുന്നത്.
ആഗസ്റ്റ് 24ന് ആരംഭിച്ച ഭൂരേഖ സമര്‍പ്പണത്തില്‍ ആദ്യ രണ്ട് ദിവസം 11 പേരുടെ രേഖകള്‍ മാത്രമാണ് വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന ഭൂമിയേറ്റെടുക്കല്‍ കേന്ദ്രത്തില്‍ സ്വീകരിച്ചത്. ഭൂവുടമകള്‍ രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ വരുത്തുന്ന അമാന്തം ഉദ്യോഗസ്ഥര്‍ക്ക് വിനയാകുന്നുണ്ട്.
26ന് ഭൂരേഖ സ്വീകരണം നടന്നിരുന്നില്ല. ഓണാവധിക്കുശേഷം വെള്ളിയാഴ്ച ആരംഭിക്കുന്ന രേഖ സ്വീകരണം രണ്ട്, നാല്, അഞ്ച് തീയതികളിലാണ് പൂര്‍ത്തിയാക്കുക. ഈ മാസം 15നകം ഭൂമിയേറ്റെടുത്ത് കേന്ദ്ര സര്‍ക്കാറിന് കൈമാറുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നിലനിൽക്കേ, ഭൂവിലയും ഭൂഅളവും നിർണയിച്ചതിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയാണ് തദ്ദേശീയര്‍ സമര രംഗത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.