കരിപ്പൂര്‍ റണ്‍വേ വിപുലീകരണം: ഭൂരേഖ സ്വീകരണം പുനരാരംഭിച്ചു
text_fieldsകൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവള റണ്‍വേ വികസന സുരക്ഷ മേഖല (റെസ) വിപുലീകരിക്കാനുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികൾ ഓണാവധിക്കു ശേഷം പുനരാരംഭിച്ചു. വെള്ളിയാഴ്ച രണ്ട് ഭൂവുടമകള്‍ മാത്രമാണ് കരിപ്പൂരിലെ ഭൂമിയേറ്റെടുക്കല്‍ കേന്ദ്രത്തില്‍ രേഖകള്‍ ഹാജറാക്കിയത്. ഇവര്‍ പള്ളിക്കല്‍ വില്ലേജില്‍ ഉള്‍പ്പെടുന്നവരാണ്.
കഴിഞ്ഞ മാസം 24ന് ആരംഭിച്ച ഭൂരേഖ സമര്‍പ്പണത്തില്‍ ഇതുവരെ 13 പേരുടെ സമ്പൂര്‍ണ ഭൂരേഖകള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. സ്ഥലം നല്കുന്നവര്ക്കുള്ള നഷ്ടപരിഹാരം അപര്യാപ്തമാണെന്നും കൂടുതല്‍ വ്യക്തത വേണമെന്നും ഭൂവുടമകളും സമരസമിതിയും നിലപാട് കര്‍ശനമാക്കിയതോടെയാണ് ഭൂരേഖ സമര്‍പ്പണം ഇഴയുന്നത്.പള്ളിക്കല്‍ വില്ലേജില്‍നിന്ന് 26, നെടിയിരുപ്പ് വില്ലേജില്‍നിന്ന് 54 എന്നിങ്ങനെ 80 ഭൂവുടമകളില്‍നിന്നായി 14.5 ഏക്കര്‍ ഭൂമിയാണ് റെസ വിപുലീകരണത്തിനായി ഏറ്റെടുക്കുന്നത്.
ഭൂരേഖ സമര്‍പ്പണത്തില്‍ ആദ്യ രണ്ടു ദിവസം 11 പേരുടെ രേഖകള്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞമാസം 26ന് ആരും രേഖകള്‍ സമര്‍പ്പിച്ചില്ല. ഈ മാസം 15നു മുമ്പ് 14.5 ഏക്കര്‍ ഏറ്റെടുത്ത് കേന്ദ്രത്തിന് കൈമാറുമെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം നിലനില്‍ക്കെയാണ് ജനങ്ങളുടെ നിസ്സഹകരണം ഉദ്യോഗസ്ഥരെ വലക്കുന്നത്.
വില അപര്യാപ്തമാണെന്നും ഇതിൽ വ്യക്തതയില്ലാതെ ഭൂരേഖകള്‍ സമര്‍പ്പിക്കില്ലെന്നും സമരസമിതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍, ഭൂവിവരങ്ങള്‍ ഈ മാസം അഞ്ചിനു മുമ്പ് ലഭിക്കുമെന്നും സാങ്കേതിക പ്രയാസങ്ങളുള്ള സ്ഥലവിവരങ്ങള്‍ ലഭിക്കാനാണ് കാലതാമസമുണ്ടായതെന്നും ഭൂമിയേറ്റെടുക്കല്‍ വിഭാഗം അധികൃതര്‍ വ്യക്തമാക്കി.
ഭൂരേഖകള്‍ പരിശോധിച്ച ശേഷം ഉടൻ നഷ്ടപരിഹാരം
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വിപുലീകരിക്കാൻ ഏറ്റെടുക്കുന്ന ഭൂമിക്ക് രേഖകള്‍ വിലയിരുത്തിയ ശേഷം ഉടന്‍ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടികള്‍ ഊര്‍ജിതമാക്കി. നിയമതടസ്സങ്ങളില്ലാത്ത സ്ഥലങ്ങള്‍ക്ക് ആദ്യം നഷ്ടപരിഹാരം ലഭിക്കും. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം നല്‍കുക.
വീടുകള്‍ നഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേക പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തിയ 10 ലക്ഷം രൂപ നേരത്തേ ലഭിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വീടൊഴിയുന്നതോടെയാകും ഈ തുക ലഭ്യമാകുക. ഇതിനുശേഷം റവന്യൂ, വനം, കൃഷി, പൊതുമരാമത്ത് വകുപ്പുകള്‍ നിശ്ചയിച്ച തുകയും നല്‍കും. ഓരോ വകുപ്പുകളും ഇതുവരെ നിര്‍ണയിച്ച തുകയുടെ ഇരട്ടിവിലയാണ് സ്ഥലമുടമകള്‍ക്ക് നല്‍കുന്നത്.
ഈ മാസം അഞ്ചിനകം ഭൂരേഖകള്‍ ശേഖരിച്ച ശേഷമാണ് നിയമാനുസൃത പരിശോധനകള്‍ നടത്തുക. പണയപ്പെടുത്തിയ ഭൂമിയുടെ രേഖകള്‍ സംബന്ധിച്ച വിവരങ്ങള്‍ ബാങ്കുകളുമായി ചേര്‍ന്നും ശേഖരിക്കുന്നുണ്ട്. ബാങ്കുകളില്‍ വായ്പക്കായി നല്കിയ ഭൂരേഖകള്‍ സമര്‍പ്പിക്കണമെന്ന് ഭൂമി ഏറ്റെടുക്കല്‍ വിഭാഗം നേരത്തേ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.