കരിപ്പൂർ റൺവേ നീളം കുറക്കൽ: ഐ.എൽ.എസും ലൈറ്റിങ് സംവിധാനങ്ങളും മാറ്റേണ്ടിവരും
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ നീളം കുറക്കാനുള്ള നിർദേശം അന്തിമമല്ലെന്ന കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രസ്താവനക്കിടയിലും നടപടി പുരോഗമിക്കുന്നതായി സൂചന. റൺവേ നീളം കുറച്ച് റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) 240 മീറ്ററായി വർധിപ്പിക്കാനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം നിയോഗിച്ച സമിതിയുടെ നിർദേശം.
ഇതിനായി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അതോറിറ്റി ആസ്ഥാനത്തുനിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം നടപ്പായാൽ റൺവേ നീളം 2860 മീറ്ററിൽനിന്ന് 2560 ആയി ചുരുങ്ങും. പ്രവൃത്തി പൂർത്തിയാക്കാൻ എട്ടു മാസത്തെ സമയപരിധിയാണ് കണക്കാക്കിയിരിക്കുന്നത്. ഇത് നീളാനും സാധ്യതയുണ്ട്. കൂടാതെ, നിലവിലുള്ള റൺവേയുടെ അനുബന്ധ സംവിധാനങ്ങൾ മുഴുവൻ മാറ്റുകയും വേണം.
ഇതിൽ പ്രധാനം പ്രതികൂല കാലാവസ്ഥയിലും വൈമാനികന് ലാൻഡിങ്ങിന് സഹായിക്കുന്ന ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റം (ഐ.എൽ.എസ്) മാറ്റി സ്ഥാപിക്കണമെന്നതാണ്. കരിപ്പൂരിൽ രണ്ട് റൺവേയിലും പുതിയ ഐ.എൽ.എസുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രവൃത്തി പൂർത്തിയാകുന്നതു വരെ ഐ.എൽ.എസ് കരിപ്പൂരിൽ ലഭ്യമാകില്ല.
ഇത് സർവിസുകളെ സാരമായി ബാധിക്കും. രണ്ടു വശത്തെയും ടേണിങ് പാഡുകൾ പൊളിച്ച് പുതിയത് നിർമിക്കണം. റൺവേയിൽ ലാൻഡ് ചെയ്യുന്ന വിമാനം 180 ഡിഗ്രി തിരിവ് പൂർത്തിയാക്കാനുള്ളതാണ് ടേണിങ് പാഡ്. റൺവേ ത്രഷോൾഡും ലൈറ്റിങ് സംവിധാനങ്ങളും പൂർണമായി നവീകരിക്കണം. നിലവിലുള്ള റൺവേയുടെ നീളത്തിന് അനുസരിച്ചാണ് ലൈറ്റിങ് സംവിധാനം മുഴുവൻ ക്രമീകരിച്ചിരിക്കുന്നത്. റൺവേ 2560 മീറ്ററായി ചുരുങ്ങുന്നതോടെ ഇതിന് അനുസരിച്ച് പുനഃക്രമീകരിക്കണം.
റൺവേക്ക് സമീപത്തെ പാപ്പി ലൈറ്റുകളും മാറ്റി സ്ഥാപിക്കണം. ഈ പ്രവൃത്തി പൂർത്തിയാകുന്നതു വരെ സർവിസുകളെയും ബാധിക്കാൻ സാധ്യതയുണ്ട്. റൺവേ നീളം കുറക്കുന്നതിന് പകരം റെസയുടെ നീളം വർധിപ്പിക്കുകയാണ് സൗകര്യപ്രദമെന്നും ഈ മേഖലയിലുള്ളവർ ഉന്നയിക്കുന്നു. ചെലവ് കുറവും വിമാനത്താവളത്തിന്റെ ഭാവിക്കും ഇതാണ് സഹായകരം.
റെസ വർധിപ്പിക്കൽ നീക്കം വലിയ വിമാനം വൈകിപ്പിക്കാനെന്നും ആക്ഷേപം
കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ നീളം കുറച്ച് റെസ വർധിപ്പിക്കാനുളള നീക്കം വലിയ വിമാനങ്ങളുടെ സർവിസ് വൈകിപ്പിക്കാനെന്നും ആക്ഷേപം. ഈ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. എം.പി, എം.എൽ.എമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ഇതിനെതിരെ രംഗത്തെത്തി. വെള്ളിയാഴ്ച മലബാർ ഡെവലപ്പ്മെന്റ് ഫോറം (എം.ഡി.എഫ്) സംയുക്ത സമിതി ആഭിമുഖ്യത്തിൽ വിമാനത്താവള മാർച്ച് നടക്കും.
രാവിലെ ഒമ്പതിന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. 2020 ആഗസ്റ്റിലുണ്ടായ അപകടത്തിന്റെ പേരിലാണ് വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സർവിസുകൾ പുനരാരംഭിക്കാൻ വിമാനകമ്പനികൾ രംഗത്തെത്തിയെങ്കിലും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനുമതി വൈകുകയാണ്. ഡിസംബറിൽ അനുമതി നൽകുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. അതിനിടയിലാണ് വലിയ വിമാനസർവിസുകൾ പുനരാരംഭിക്കുന്നതിന് പുതിയ തടസ്സം ഉയർന്നിരിക്കുന്നത്.
റെസയുടെ നീളം 240 മീറ്ററായി വർധിപ്പിച്ച ശേഷം അനുമതി നൽകാമെന്നാണ് പുതുതായുള്ള ധാരണ. റൺവേ നീളം കുറച്ചാൽ നിലവിൽ സർവിസ് നടത്തുന്ന കമ്പനികൾ തയാറാകില്ലെന്നും സൂചനകളുണ്ട്. എന്നാൽ, പുതിയ നിർദേശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ നടപടികളിൽ നിന്ന് പിന്നാക്കം പോകാൻ സാധ്യതയുണ്ട്. വലിയ വിമാനസർവിസ് പുനരാരംഭിക്കുന്നതിന് ഇപ്പോൾ അനുമതി ലഭിച്ചാൽ ഹജ്ജ് സർവിസടക്കം കരിപ്പൂരിൽ നിന്ന് നടത്താനാകും. നടപടികൾ നീളുന്നതോടെ ഈ വർഷത്തെ ഹജ്ജ് സർവിസ് കൊച്ചിയിലായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.