കരിപ്പൂർ റൺവേ നീളം കൂട്ടൽ: വിദഗ്ധ സംഘം പരിശോധന നടത്തി
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ നീളം കൂട്ടുന്നത് സംബന്ധിച്ച് പഠിക്കാനും റിപ്പോർട്ട് തയാറാക്കാനുമായി വിദഗ്ധസംഘമെത്തി. കഴിഞ്ഞമാസം ചേർന്ന വിമാനത്താവള ഉപദേശക സമിതി യോഗതീരുമാനം അനുസരിച്ച് വിമാനത്താവള അതോറിറ്റി നിയോഗിച്ച സംഘമാണ് പരിശോധന നടത്തിയത്. അതോറിറ്റി ആസ്ഥാനത്ത് നിന്ന് പ്ലാനിങ് ജനറൽ മാനേജർ അമിത് ഭൗമികിെൻറ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്.
പടിഞ്ഞാറ് ഭാഗത്തെ റൺവേ നീളം കൂട്ടുന്നത് സംബന്ധിച്ചാണ് ചർച്ചകൾ നടക്കുന്നത്. റൺവേ നീളം കൂട്ടുേമ്പാഴുണ്ടാകുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും സംഘം പരിശോധിച്ചു.
കൂടാതെ, കരിപ്പൂരിലെ വ്യോമഗതാഗത വിഭാഗം, കമ്യൂണിക്കേഷൻ ആൻഡ് നാവിഗേഷൻ, ഒാപ്പറേഷൻസ്, സിവിൽ, ഇലക്ട്രിക്കൽ തുടങ്ങി വിവിധ വകുപ്പുമേധാവികളുമായി ചർച്ച നടത്തി. പരിശോധനയുടെ റിപ്പോർട്ട് പ്ലാനിങ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർക്കാണ് സമർപ്പിക്കുക.
ആവശ്യമായ ഭൂമി മാത്രം ഏറ്റെടുത്ത് പരമാവധി വികസനം നടത്താനായിരുന്നു ഉപദേശക സമിതി തീരുമാനം. 2,700 മീറ്ററാണ് നിലവിലെ റൺവേ നീളം. വികസനത്തിനായി അതോറിറ്റിയുടെ ഉടമസ്ഥതയിൽ 19 ഏക്കർ ഭൂമി നിലവിലുണ്ട്.
പോരാതെ വരുന്ന ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 721 മീറ്റർ നീളവും 108 മീറ്റർ വീതിയുമാണ് അതോറിറ്റിയുടെ കൈവശമുള്ള സ്ഥലത്തിനുള്ളത്.
റൺവേ സ്ട്രിപ്പിെൻറ വീതി കൂട്ടാനാവശ്യമായ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. നിലവിലുള്ള എ.ടി.സി ടവർ മാറ്റിസ്ഥാപിക്കാൻ സംഘം നിർദേശിച്ചു. ഈ സ്ഥലം പാർക്കിങ് ബേ ആയി ഉപയോഗിക്കാം. കൂടാതെ, റൺവേ ആൻഡ് സേഫ്റ്റി ഏരിയ (റിസ) 240 മീറ്ററായി വർധിപ്പിക്കുക തുടങ്ങിയ നിർദേശവും മുന്നോട്ടുവെച്ചിട്ടിട്ടുണ്ട്.
സംഘത്തിൽ സാേങ്കതിക വിദഗ്ധരായ എൽ.ഡി. മൊഹന്ദി (വ്യോമ ഗതാഗത വിഭാഗം), സോണി (ഒാപ്പറേഷൻസ്), സരദ് ധുബെ (കമ്യൂണിക്കേഷൻ) എന്നിവരടങ്ങിയ സംഘമാണ് കരിപ്പൂരിലെത്തിയത്. പരിശോധന പൂർത്തിയാക്കി സംഘം രാത്രിയോടെ ഡൽഹിക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.