കരിപ്പൂർ: റൺവേ റീകാർപറ്റിങ് മേയിൽ പൂർത്തിയാകും; ഹജ്ജ് പുറപ്പെടൽ കേന്ദ്രത്തിന് പ്രതീക്ഷ
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ റീകാർപറ്റിങ് പ്രവൃത്തി 100 ദിവസത്തിനകം പൂർത്തിയാകും. മേയ് മാസത്തിനകം റീകാർപറ്റിങ് പൂർത്തിയാക്കാനാണ് ശ്രമം. ഇതോടെ, ഈ വർഷം കരിപ്പൂരിൽ നിന്നും ഹജ്ജ് സർവിസ് നടക്കാനുള്ള പ്രതീക്ഷയേറി. ജനുവരി 25 ഓടെയാണ് റീകാർപറ്റിങ് പ്രവൃത്തി ആരംഭിച്ചത്. 11 മാസമാണ് സമയപരിധി വിമാനത്താവള അതോറിറ്റി നിശ്ചയിച്ചത്. നിശ്ചയിച്ചതിലും നേരത്തെ മേയിൽ തന്നെ പൂർത്തീകരിക്കാൻ ശ്രമിക്കുമെന്ന് കരാർ ഏറ്റെടുത്ത എൻ.എസ്.സി കമ്പനി ടെക്നിക്കൽ വിഭാഗം ഡയറക്ടർ ആർ.കെ. അഗർവാൾ എം.കെ. രാഘവൻ എം.പിയുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.
കമ്പനി ഡയറക്ടർ രജീന്ദർ സിങ്, മാനേജിങ് പാർട്ണർ നർബീർ സിങ് എന്നിവരുമായി നേരത്തെ നിരവധി തവണ എം.പി ചർച്ച നടത്തിയിരുന്നു. തുടക്കത്തിൽ നിർമാണ പ്രവൃത്തിക്കാവശ്യമായ സാധനങ്ങൾ ലഭിക്കാനുണ്ടായിരുന്ന തടസ്സം നീങ്ങിയിട്ടുണ്ടെന്നും എം.പി അറിയിച്ചു. മൂന്ന് പാളികളായാണ് റീകാർപറ്റിങ് പ്രവൃത്തി നടക്കുന്നത്. 2,860 മീറ്ററാണ് റൺവേയുടെ നീളം. ആദ്യഘട്ടത്തിലെ 1,000 മീറ്റർ ഇതിനകം പൂർത്തിയായിട്ടുണ്ട്. ആദ്യഘട്ടത്തിന് ശേഷമാണ് ഗ്ലാസ് ഗ്രിഡ് വിരിക്കുക. ഇതിനോടൊപ്പം റൺവേ സെന്റർ ലൈൻ ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും നടക്കുന്നത്.
30 മീറ്റർ ഇടവിട്ടാണ് ലൈറ്റുകൾ സ്ഥാപിക്കുക. റൺവേയുടെ മധ്യഭാഗത്ത് ഇരുവശങ്ങളിലുമായി സ്ഥാപിക്കുന്ന ലൈറ്റുകൾ പ്രതികൂല കാലാവസ്ഥയിൽ ഉൾപ്പെടെ വൈമാനികന് ലാൻഡിങിന് സഹായിക്കും. മേയിൽ പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ ഈ വർഷത്തെ ഹജ്ജ് സർവിസ് കരിപ്പൂരിൽ നിന്ന് നടത്താനാകും. നിലവിൽ പകൽ സമയങ്ങളിൽ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് ഹജ്ജ് സർവിസിനെ ബാധിക്കുമെന്ന ആശങ്ക ഉയർന്നിരുന്നു.
റൺവേയുടെ പി.സി.എൻ (പേവ്മെൻറ് ക്ലാസിഫിക്കേഷൻ നമ്പർ) 74നും മുകളിൽ ഉണ്ടാകുമെന്നും വലിയ വിമാന സർവിസ് സുഗമമായി നടത്താനാകുമെന്നും അഗർവാൾ കൂടിക്കാഴ്ചയിൽ അറിയിച്ചു. മറ്റു അനുബന്ധ പ്രവൃത്തി ഈ വർഷം അവസാനത്തോടെയാണ് പൂർത്തിയാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.