കരിപ്പൂർ: ഭൂമി ഏറ്റെടുക്കുന്നതിന്‍റെ നഷ്ടം കണക്കാക്കാൻ സർവേ തിങ്കളാഴ്ച മുതൽ
text_fieldsമലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ) ദീർഘിപ്പിക്കാൻ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വേ നടപടികള്‍ക്ക് തിങ്കളാഴ്ച തുടക്കമാകുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. മലപ്പുറം കലക്ടറേറ്റിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സമരസമിതി എന്നിവരുമായി നടത്തിയ ചർച്ചക്കുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സർവേ നടപടികളുടെ ഭാഗമായി ജില്ല റവന്യൂ ഉദ്യോഗസ്ഥർ തിങ്കൾ മുതൽ ബുധൻ വരെ ഭൂ ഉടമകളെ വീടുകളിൽ ചെന്ന് സന്ദർശിച്ച് നഷ്ടപരിഹാര തുക സംബന്ധിച്ച് ബോധ്യപ്പെടുത്തും. ഭൂമി, വീട്, കെട്ടിടങ്ങൾ എന്നിവ വിട്ടുകൊടുക്കുന്നവർക്ക് പ്രത്യേകമായി നഷ്ടം കണക്കാക്കി വിശദീകരിക്കും.
ഒരു സ്ക്വയർ ഫീറ്റ് സ്ഥലത്തിന് 4500 രൂപ നൽകാനാണ് സർക്കാർ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ഇത് കുറവാണെന്ന് തോന്നുന്നില്ല. നഷ്ടം തിട്ടപ്പെടുത്തിയാൽ മാത്രമേ എത്രയാണ് നഷ്ടക്കണക്കെന്ന് ബോധ്യപ്പെടുകയുള്ളൂ.
നിലവിലെ റണ്‍വെയുടെ പടിഞ്ഞാറ് പള്ളിക്കല്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന ഏഴ് ഏക്കറും കിഴക്ക് നെടിയിരുപ്പ് വില്ലേജിലെ 7.5 ഏക്കറുമടക്കം ആകെ 14.5 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. തിങ്കളാഴ്ച പള്ളിക്കല്‍ വില്ലേജിലും ബുധനാഴ്ച നെടിയിരുപ്പ് വില്ലേജിലും സര്‍വേ നടത്തും. ശേഷം ഓരോരുത്തര്‍ക്കുമുള്ള നഷ്ടപരിഹാരം കണക്കാക്കും. നഷ്ടപരിഹാരം ബോധ്യപ്പെടുത്തിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കല്‍ നടപടികളിലേക്ക് നീങ്ങൂ എന്നും മന്ത്രി പറഞ്ഞു.
വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്കും മരങ്ങൾ, കിണറുകൾ തുടങ്ങിയവക്കെല്ലാം നിലവിലെ മാനദണ്ഡപ്രകാരമുള്ള നഷ്ടപരിഹാരം നൽകും. ഇതോടൊപ്പം വീട് നഷ്ടമാകുന്നവർക്ക് പുനരധിവാസത്തിന് നേരത്തേ നിശ്ചയിച്ച 4.6 ലക്ഷം രൂപ 10 ലക്ഷമാക്കി വർധിപ്പിച്ച് പുതിയ പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായും മന്ത്രി പറഞ്ഞു. വിമാനത്താവളത്തില്‍ നിന്നുള്ള മലിനജലം സമീപ പ്രദേശങ്ങളിലേക്ക് ഒഴുക്കുന്നുണ്ടെന്ന പരാതി പരിശോധിക്കുന്നതിനായി ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിമാനത്താവള അധികൃതര്‍ എന്നിവരടങ്ങുന്ന സംഘം പരിശോധന നടത്തും. വിമാനത്താവള പരിസരത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച വീടുകള്‍ക്ക് വിമാനത്താവള അതോറിറ്റിയുടെ എന്‍.ഒ.സി ലഭിക്കാത്ത പ്രശ്നം പരിഹരിക്കാന്‍ മന്ത്രി വിമാനത്താവള അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.