കരിപ്പൂരിന് അവഗണന; ചെറിയ വിമാനത്താവളങ്ങള്‍ക്കുപോലും ഹജ്ജ് സര്‍വിസ്
text_fieldsകൊണ്ടോട്ടി: ഹജ്ജ് സര്‍വിസിന് അനുമതി നല്‍കുന്നതില്‍ കരിപ്പൂര്‍ വിമാനത്താവളത്തെ അവഗണിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഇളവുകള്‍. കോഡ് ‘സി’യില്‍ ഉള്‍പ്പെടുന്ന ചെറിയ വിമാനത്താവളങ്ങളായ വരണാസി, ഒൗറംഗബാദ്, റാഞ്ചി എന്നിവിടങ്ങളില്‍നിന്നെല്ലാം ഹജ്ജ് സര്‍വിസിന് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. കോഡ് ‘ഡി’യില്‍ ഉള്‍പ്പെടുന്ന വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വിസ് നടത്താനാണ് അനുമതി. വിമാന കമ്പനികളുടെ സുരക്ഷാവിലയിരുത്തലുകള്‍ക്ക് ശേഷം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍െറ (ഡി.ജി.സി.എ) അനുമതിയോടെ സര്‍വിസ് നടത്താമെന്നാണ് ടെന്‍ഡര്‍ നോട്ടീസില്‍ പറയുന്നത്.
ഇതേ മാനദണ്ഡം കരിപ്പൂരിനും നല്‍കുകയാണെങ്കില്‍ കോഡ് ‘ഇ’യില്‍പ്പെട്ട വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വിസ് നടത്താനാകും. കരിപ്പൂരിനെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റായി തെരഞ്ഞെടുത്ത 2002 മുതല്‍ ഈ അടിസ്ഥാനത്തിലായിരുന്നു ജംബോ വിമാനമായ ബി-747 ഉപയോഗിച്ച് സര്‍വിസ് നടത്തിയിരുന്നത്. പരമാവധി 450 തീര്‍ഥാടകര്‍ വരെ ഒരു വിമാനത്തില്‍ കരിപ്പൂരില്‍നിന്ന് യാത്ര തിരിച്ചിട്ടുണ്ട്. നേരത്തേയുണ്ടായിരുന്നതിനെക്കാളും റണ്‍വേ ബലപ്പെടുത്തിയിട്ടും അനുമതി നല്‍കാതെ ഒളിച്ചുകളിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്.
കൂടാതെ, കരിപ്പൂരിന്‍െറ അതേ വിഭാഗത്തില്‍പ്പെടുന്ന കോഡ് ‘ഡി’യില്‍പ്പെടുന്ന വിമാനത്താവളമാണ് ലഖ്നോ. ഇവിടെ നിന്നുള്ളതിനെക്കാള്‍ കൂടുതല്‍ തീര്‍ഥാടകരും ലഖ്നോവില്‍ നിന്നുണ്ട്. എന്നാല്‍, കരിപ്പൂരിനോട് ഒരു നയവും ലഖ്നോവിനോട് മറ്റൊരു നയവുമാണ് വ്യോമയാന മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്.
കോഡ് ‘ഡി’യില്‍പ്പെട്ട എ-310, ബി-767, കോഡ് ‘സി’യില്‍പ്പെട്ട എ-320, ബി-767 ശ്രേണികളിലെ വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വിസ് നടത്താന്‍ ലഖ്നോവിന് അനുമതി നല്‍കി. കരിപ്പൂരിനെക്കാളും 400 മീറ്റര്‍ റണ്‍വേ നീളം കുറവും ടേബിള്‍ ടോപ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നതുമായ മംഗലാപുരത്തിനും അനുമതിയുണ്ട്. കോഡ് സി, കോഡ് ഡി ശ്രേണിയിലെ വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വിസ് നടത്താനാണ് അനുമതി.
ഇതേ ശ്രേണിയിലുള്ള വിമാനങ്ങള്‍ ഉപയോഗിച്ച് കരിപ്പൂരില്‍നിന്ന് സര്‍വിസ് നടത്താമെന്നിരിക്കെ ചിറ്റമ്മ നയമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്.
എയര്‍ ഇന്ത്യയുടെ പുതിയ ഡ്രീംലൈനര്‍ വിമാനമായ ബി-787 ഉപയോഗിച്ച് കരിപ്പൂരില്‍നിന്ന് സുഗമമായി സര്‍വിസ് നടത്താനാകുമെന്ന് വ്യോമയാന മേഖലയിലുള്ളവര്‍ പറയുന്നു. എന്നാല്‍, ഇതിന് കേന്ദ്രം അനുമതി നല്‍കണമെന്ന് മാത്രം.
ഹജ്ജ് സര്‍വിസിന് അനുമതി നല്‍കിയാല്‍ പിന്നീട് വലിയ വിമാനങ്ങള്‍ക്കും അനുമതി നല്‍കേണ്ടി വരുമെന്നതിനാലാണ് കരിപ്പൂരിനെ പരിഗണിക്കാത്തതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നേരത്തേ, ഹജ്ജ് വിമാനങ്ങള്‍ സുഗമമായി സര്‍വിസ് നടത്തിയതിനെ തുടര്‍ന്നായിരുന്നു വലിയ വിമാനങ്ങള്‍ക്കും അനുമതി ലഭിച്ചത്. ഹജ്ജ് സര്‍വിസിന് അനുമതി നിഷേധിച്ചതോടെ വലിയ വിമാനങ്ങള്‍ക്കുള്ള പ്രതീക്ഷയും മങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.