പിതൃസ്മരണയിൽ ബലിതർപ്പണം നടത്തി പതിനായിരങ്ങൾ
text_fieldsതിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണം
തിരുവനന്തപുരം: പിതൃമോക്ഷത്തിനായുള്ള പ്രാർഥനയോടെ പതിനായിരങ്ങൾ ബലിതർപ്പണം നടത്തി. ആലുവ, തിരുവല്ലം, വർക്കല, തിരുനെല്ലി തുടങ്ങി സംസ്ഥാനത്തെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലും കന്യാകുമാരി സാഗരസംഗമത്തിലും ബലിതർപ്പണത്തിനെത്തിയവരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ബലിതർപ്പണത്തിന് എത്തിയവർക്ക് പലയിടങ്ങളിലും പൊലീസും ഗതാഗതക്രമീകരണം ഏർപ്പെടുത്തിയിരുന്നു. യാത്രാസൗകര്യങ്ങളും മെഡിക്കൽ, ആംബുലൻസ് സൗകര്യങ്ങളും ലൈഫ് ഗാർഡ്, ഫയർഫോഴ്സ് തുടങ്ങിയ ആവശ്യ സേവനങ്ങളും വിവിധ കേന്ദ്രങ്ങളിൽ ഉറപ്പാക്കിയിരുന്നു.
കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ബലിയിട്ട് പിണ്ഡം സമർപ്പിക്കുന്നു (ചിത്രം -ബിമൽ തമ്പി)
തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രത്തിൽ പുലർച്ചെ 2.30 മുതൽ ബലിതർപ്പണം ആരംഭിച്ചു. തിരുവല്ലത്ത് സന്ധ്യ വരെ എത്തുന്ന എല്ലാവർക്കും ബലിയിടാൻ സൗകര്യമുണ്ടാകും.
കണ്ണൂർ പയ്യാമ്പലത്തെ ബലിതർപ്പണം
വർക്കല പാപനാശം കടപ്പുറത്ത് ഇന്നലെ രാത്രി പത്തര മുതൽ ബലിതർപ്പണം തുടങ്ങി. വർക്കലയിൽ കടപ്പുറത്തും ബലിമണ്ഡപങ്ങളിലുമാണ് തർപ്പണം നടക്കുന്നത്. അരുവിപ്പുറം ശിവക്ഷേത്രം, മാറനല്ലൂർ അരുവിക്കര ശാസ്താക്ഷേത്രം എന്നിവിടങ്ങളിലും നിരവധി ആളുകൾ ബലിതർപ്പണത്തിന് എത്തും.
ആലുവ ശിവക്ഷേത്രതിൽ ബലിതർപ്പണത്തിന് എത്തിയവരുടെ തിരക്ക്
ആലുവ മണപ്പുറത്ത് അമ്പതിലധികം ബലിത്തറകളാണ് ഒരുക്കിയത്. ഞായർ അർധരാത്രി മുതൽ ബലിതർപ്പണത്തിന് ആളുകൾ എത്തി. തിങ്കൾ പുലര്‍ച്ചെ നാലു മുതല്‍ ആരംഭിച്ച ബലിതര്‍പ്പണം ഉച്ച വരെ നീളും. സുരക്ഷയ്‌ക്കായി മണപ്പുറത്ത് പൊലീസ് താൽക്കാലിക കൺട്രോൾ റൂം ഒരുക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.