അനന്യം ആദികാവ്യം
text_fieldsആദികാവ്യമായ രാമായണം ജനമനസ്സുകളിൽ ഇത്രമാത്രം സ്വാധീനംചെലുത്താൻ കാരണമെന്തായിരിക്കും? അതു മുന്നോട്ടുവെക്കുന്ന ഏറ്റവും അഭികാമ്യമായ ജീവിതദർശനം തന്നെയെന്നാണ് മറുപടി. ഒരു രാമായണമല്ല, രാമായണത്തിെൻറ വിവിധ ഭാഷ്യങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, എല്ലാ രാമായണത്തിലും രാമൻ തന്നെയാണ് ഏറ്റവും വ്യക്തി പ്രഭാവത്തോടെ തിളങ്ങിനിൽക്കുന്നത്. മകൻ, ഭർത്താവ്, സഹോദരൻ, ഭരണാധികാരി എന്നീ തലങ്ങളിൽ ഒരു ശരാശരി ഭാരതീയെൻറ മനസ്സിലെ ഏറ്റവും മഹത്തായ മാതൃക രാമൻ തന്നെയാണ്. അതിനപ്പുറം രാമായണം മുന്നോട്ടുവെക്കുന്ന ജീവിതദർശനം എല്ലാ കാലത്തും എല്ലാ സമൂഹത്തിനും സ്വീകരിക്കാവുന്നതുമാണ്. അതാണ് രാമായണം എന്ന ആദികാവ്യത്തെ അനന്യമാക്കുന്നത്.
ഹിംസക്കെതിരായ ആഹ്വാനത്തിൽനിന്നുമാണ് രാമായണത്തിെൻറ പിറവി. ലോകത്തിൽതന്നെ ഹിംസക്കെതിരെ സർഗാത്മക മണ്ഡലത്തിൽ എന്നും മുഴങ്ങിക്കേട്ട ആദ്യ ശബ്ദവും രാമായണത്തിൽ നിന്നാണ്. കുടുംബജീവിതത്തിെൻറ മഹനീയ മാതൃകകളെ പരിചയപ്പെടുത്തുന്നുവെന്നതും രാമായണത്തിെൻറ പ്രത്യേകതയാണ്. വ്രതശാഠ്യത്തോടെ ഏകപത്നിയിൽ മാത്രം മനസ്സുറപ്പിച്ച രാമൻ പിന്നീട് വലിയൊരു മാതൃകയാവുന്നു.
രാമെൻറ സഹോദരന്മാരും ഏക പത്നിയിൽ മനസ്സുറപ്പിച്ചു. മാതാപിതാക്കൾ മാനിക്കപ്പെടേണ്ടവരാണെന്ന ബോധത്തിെൻറ ആദിബീജം രാമായണത്തിൽ നിഗൂഢനം ചെയ്യപ്പെട്ടിരിക്കുന്നു. അധികാരത്തിലേറാൻ പോവുന്ന അവസാന മുഹൂർത്തത്തിൽ പിതാവിെൻറ ‘ചാപല്യ’ത്തിന് വഴങ്ങി അധികാരം വെടിഞ്ഞു കാട്ടിലേക്ക് പോകുന്ന രാമൻ പിൽക്കാല സമൂഹത്തിന് വലിയൊരു മാതൃകയാണ്. സമൂഹത്തിലെ ഒരു വിഭാഗത്തെയും രാമായണം പാർശ്വവത്കരിക്കുന്നില്ല. ദലിത് വിഭാഗം പരിഗണിക്കപ്പെടേണ്ടവരാണെന്ന് രാമായണം ഉദ്ഘോഷിക്കുന്നു. വനവാസത്തിന് പോകുന്ന രാമനെ നദികടക്കാൻ സഹായിക്കുന്നത് നിഷാദ (ദലിതൻ) രാജാവായ ഗുഹനാണ്.
എതിർശബ്ദം അംഗീകരിക്കുക എന്നത് ജനാധിപത്യത്തിെൻറ അന്തസ്സത്തയാണ്. ഭാരതീയ ചിന്താമണ്ഡലത്തിലൊരിടത്തും അത്തരമൊരു ആലോചനക്ക് പ്രസക്തിയില്ലാതിരുന്ന കാലത്ത് എതിർശബ്ദം കൂടി ശ്രദ്ധിക്കപ്പെടണമെന്ന് ഒാർമെപ്പടുത്തുന്ന ആദ്യ കൃതിയായും രാമായണം മാറുന്നുണ്ട്. തന്നെ സന്ദർശിക്കാൻ വന്ന ഭരതനോട് രാമൻ പ്രത്യേകം ഒാർമിപ്പിക്കുന്നത്, എന്തിനേയും എതിർക്കുന്ന ചാർവാക വിഭാഗം എന്തു പറയുന്നു എന്നുകൂടി ശ്രദ്ധിക്കണമെന്നാണ്.
ലങ്കയിൽനിന്നും സീതയുമായി തിരിച്ചുവരാനൊരുങ്ങുേമ്പാൾ ആ നാടിെൻറ മനോഹാരിതയിൽ അഭിരമിച്ച ലക്ഷ്മണൻ രാമനോട് ചോദിക്കുന്നത്, ഇൗ സുന്ദരഭൂമിയിൽ നമുക്ക് സ്ഥിരതാമസമാക്കിക്കൂടെയെന്നാണ്. അതിന് രാമെൻറ മറുപടി: ‘ജനനീ ജന്മ ഭൂമിശ്ച, സ്വർഗീയ ദപി ഗരീയസി’ അമ്മയും പിറന്ന മണ്ണും സ്വർഗത്തെക്കാൾ മഹത്തരമാണ് എന്നും. ജീവിതത്തിെൻറ സമസ്ത മേഖലകളെയും സ്പർശിച്ചുകൊണ്ട്, ഏറ്റവും ശ്രേഷ്ഠമായ മനുഷ്യപ്പിറവിക്ക് കാരണമാകണമെന്നതാണ് രാമായണദർശനം നമ്മെ ഒാർമെപ്പടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.