സ്ത്രീ പാറയായ കഥ
text_fieldsരാമായണങ്ങൾ നൂറുകണക്കിനുണ്ടെങ്കിലും വാല്മീകിയുടെ രാമായണമാണ് ആദികാവ്യം. ഉത്തമനായ നരൻ ആരെന്ന അന്വേഷണത്തിെൻറ ആരായലുകൾ അനേകം കഥകളിലൂടെ സംഗമിക്കുകയാണ് ആദി രാമായണത്തിൽ. പ്രതിജന ഭിന്ന വിചിത്ര മാർഗങ്ങളിലൂടെ ഗമനം ചെയ്യുന്ന, അയനം ചെയ്യുന്ന എല്ലാ കാലത്തേയും മനുഷ്യരുടെ ആന്തരിക സംഘർഷങ്ങളുടെ, ലോഭ മോഹങ്ങളുടെ കഥ എക്കാലത്തേക്കുമായി എഴുതിവെച്ചിരിക്കുകയാണ് വാല്മീകി.
സ്ത്രീയും പുരുഷനും രണ്ടു വർഗമാണ്, രണ്ടു നീതിയാണ് അവർക്കുള്ളത് എന്ന് പല കഥകളിലൂടെ (സീതയുടെ കഥയിലൂടെയും) രാമായണം ചൂണ്ടിക്കാട്ടുന്നു. അതിലൊന്ന്, എന്നെ എപ്പോഴും ചിന്തിപ്പിച്ചുകളയുന്ന അഹല്യയുടെ കഥയാണ്. അനേകായിരം വർഷങ്ങൾ ഗൗതമ മഹർഷിയോടൊപ്പം അഹല്യ ആശ്രമത്തിൽ കഴിഞ്ഞു. അവളുടെ അതിസൗന്ദര്യത്തിൽ ആകൃഷ്ടനായി ഇന്ദ്രൻ മഹർഷിയില്ലാത്ത നേരത്ത് മഹർഷിയുടെ വേഷത്തിൽ ആശ്രമത്തിലെത്തി അഭ്യർഥിച്ചു:
‘അല്ലയോ സുന്ദരി, നിന്നോട് ചേരാൻ ഞാൻ ആഗ്രഹിക്കുന്നു.’
ഇന്ദ്രനെന്നറിഞ്ഞിട്ടും (അറിഞ്ഞില്ലെന്ന പാഠഭേദങ്ങളും പ്രചാരത്തിലുണ്ട്) അവൾ വഴങ്ങി. കുളി കഴിഞ്ഞെത്തിയ മഹർഷി കോപിഷ്ഠനായി ഇന്ദ്രനെ ശപിച്ചു. ദുർബുദ്ധേ, നീ വൃഷണരഹിതനായിത്തീരും. അഹല്യക്ക് കിട്ടിയ ശാപം ഇങ്ങനെ: അനേകായിരം വർഷം നീയിവിടെ ആഹാരമില്ലാതെ വായുമാത്രം ഭക്ഷിച്ച് തപിച്ച് ചാരത്തിൽ കിടക്കാനിടവരും. മറ്റൊരു ജീവിക്കും കാണാനാകാതെ നീ ആശ്രമത്തിൽ ഏകാന്തയായിരിക്കും. അഹല്യ പാറയായിപ്പോകുന്ന കഥ വാല്മീകിയിലില്ല. കമ്പരാമായണമുൾപ്പെടെ പല രാമായണങ്ങളിലും അഹല്യയെ ശപിച്ച് പാറയാക്കുന്നു.
ദേവകൾ ഇന്ദ്രെൻറ ദുഃഖത്തിന് അറുതിവരുത്തി. ഇന്ദ്രൻ എന്ന പുരുഷൻ തിരിച്ച് സന്തോഷിച്ച് ദേവലോകത്തേക്ക് പോയി. ഇന്ദ്രനെ അപേക്ഷിച്ച് ചെറിയ തെറ്റുകാരിയായ അഹല്യയോ? അനേകായിരം വർഷങ്ങൾ പാറയായി കിടന്നു. ശ്രീരാമൻ വരുന്ന കാലംവരെ, ശ്രീരാമെൻറ പാദസ്പർശം ഏൽക്കുന്ന കാലം വരെ.
വികാര വിചാരങ്ങളില്ലാത്ത ഒരു വെറും കല്ല്. കമ്പരാമായണത്തിൽ, തെറ്റെന്നറിഞ്ഞിട്ടും ആ പ്രലോഭനത്തിൽ അഹല്യ വീണുപോയി. ‘അവളുടേതല്ലാത്തതിനെ വശങ്ങളിലേക്ക് തള്ളി മാറ്റാനാകാതെ അവൾ സ്വന്തം ആനന്ദത്തിൽ അഭിരമിച്ചു’ എന്ന് കമ്പൻ. പക്ഷേ, തേടിവന്ന, തേടിയ ഇന്ദ്രൻ മഹാതെറ്റുകാരൻ.
അഹല്യയോ? ഭർത്താവിെൻറ രൂപത്തിലാണ് ഇന്ദ്രൻ വന്നത്. അപ്പോൾ മോഹിച്ചത് തെറ്റോ? ഭർത്താവിെൻറ ശരീരവുമായല്ലേ അവൾ രമിച്ചത്, ഭർത്താവിെൻറ രൂപത്തിലല്ലായിരുന്നു ഇന്ദ്രൻ വന്നതെങ്കിൽ അഹല്യ വഴങ്ങുമായിരുന്നോ? ഉണ്ടാവാനിടയില്ല. എന്നിട്ട് കിട്ടിയ ശിക്ഷയോ? നൂറ്റാണ്ടുകളോളം വികാരങ്ങളില്ലാത്ത പാറക്കല്ലായി വിധിക്കപ്പെട്ടു.
ഗാന്ധിജി കസ്തൂർബക്ക് എഴുതിയ ഒരു കത്തിൽ ഇങ്ങനെ വായിക്കാം: രാമായണ കാലം മുതൽക്കുപോലും സ്ത്രീകൾക്ക് അനീതി നേരിടേണ്ടിവന്നു. ഒരു അലക്കുകാരെൻറ പാഴ്വാക്ക് കേട്ട് രാമൻ വിശ്വസ്ത പത്നിയെ ഉപേക്ഷിച്ചു. ഗർഭിണിയായിരുന്നപ്പോഴും അവളോട് അലിവ് കാട്ടാതെ ഉപേക്ഷിച്ചു. സ്ത്രീകളോടുള്ള അനീതിയുടെ ഇൗ പാരമ്പര്യം ഇപ്പോഴും തുടരുന്നു. സീതയുടെ എത്രയോ നൂറ്റാണ്ട് മുമ്പ് അഹല്യയുടെ കാലംതൊേട്ടാ ഇൗ ആൺകോയ്മ നിലനിന്നു എന്നാണ് സ്ത്രീ പാറയായ കഥ സൂചിപ്പിക്കുന്നത്. വാസ്തവത്തിൽ, അഹല്യക്ക് മോക്ഷം കിട്ടിയോ? അടുക്കളയിലെ ചാരത്തിൽ, ഏകാന്തമായി, മറ്റാരുടെയും ശ്രദ്ധയിൽപെടാതെ ഇരുട്ടിലായ സ്ത്രീയുടെ അവസ്ഥക്ക് മാറ്റമുണ്ടായോ? അതെ, എക്കാലവും പ്രശസ്തമായ കുറെ ചോദ്യങ്ങളാണ് രാമായണത്തിലൂടെ വാല്മീകി ഉന്നയിക്കുന്നത്. നമ്മൾ ഉത്തരം കണ്ടെത്തേണ്ട കുറെ ചോദ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.