ആധ്യാത്മിക പുണ്യവുമായി കർക്കടകം പിറന്നു
text_fieldsതൃശൂർ: രാമായണ പാരായണവും മരുന്ന് സേവയും പിതൃ തര്പ്പണവുമൊക്കെയായി കർക്കടകമെത്തി. വിശ്വാസത്തിെൻറയും ജീവിതചര്യയുടെയും കൂടിച്ചേരലാണ് മലയാളിക്ക് ഈ മാസം. കൃഷിയെ ആശ്രയിച്ചു ജീവിച്ചിരുന്ന പഴമക്കാര്‍ നെല്‍പ്പാടങ്ങളില്‍ ജോലി ചെയ്തും വിതച്ചും കൊയ്തും കിട്ടുന്നത് കൊണ്ട് അരിഷ്ടിച്ചു ജീവിക്കുമ്പോൾ കനക്കുന്ന കർക്കടകത്തിെൻറ കാലവർഷപ്പേമാരിയിൽ പുറത്തിറങ്ങാൻ വയ്യാതെ കഷ്ടപ്പാടുകള്‍ക്ക് അറുതി വരുത്താന്‍ അവര്‍ പ്രാര്‍ഥനകളില്‍ മുഴുകി. പഴമയുടെ ഓർമയില്‍ മലയാളികള്‍ കര്‍കടകത്തെ രാമായണ മാസമായി ആചരിക്കുന്നു. ക്ഷേത്രങ്ങളില്‍ ഇന്ന് പ്രത്യേക പൂജകളുമായി രാമായണ മാസാചരണം തുടങ്ങും.
ഹിന്ദു ഭവനങ്ങളിൽ സന്ധ്യകളില്‍ രാമായണ ശീലുകള്‍ നിറയും. കര്‍ക്കടക മാസം അവസാനമാകുമ്പോഴേക്കും രാമായണം മുഴുവന്‍ വായിച്ചു തീരണമെന്നാണ് കണക്ക്. ക്ഷേത്രങ്ങളെല്ലാം രാമായണ മാസാചരണത്തിന് ഒരുങ്ങിക്കഴിഞ്ഞു. ഇതിനൊപ്പം കര്‍ക്കടകത്തിലെ കറുത്തവാവിന് പിതൃതര്‍പ്പണം പ്രധാനമാണ്. ആഹാരത്തില്‍ മിതത്വം പാലിച്ച് ആയുര്‍വേദ മരുന്നുകള്‍ കഴിച്ച് ദേഹവിശുദ്ധി വരുത്താനുള്ള കാലം കൂടിയായി ഈ മാസത്തെ കണക്കാക്കുന്നു. ആരോഗ്യത്തിനായുള്ള കര്‍ക്കടക കഞ്ഞിയും കര്‍ക്കടക വിഭവമാണ്. കര്‍ക്കടക കഞ്ഞി പാക്കറ്റുകള്‍ വിപണിയില്‍ എത്തിക്കഴിഞ്ഞു. നാലമ്പല തീർഥാടന കാലം കൂടിയാണ് രാമായണ മാസം. തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം, കൂടല്‍മാണിക്യം ഭരതക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് നാലമ്പല ദര്‍ശനത്തില്‍ ഉള്‍പ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.