ബി.ജെ.പി എം.എൽ.എയുടെ അഴിമതിക്കെതിരെ പ്രതിഷേധിച്ച സിദ്ധരാമയ്യയടക്കമുള്ള കോൺഗ്രസ് നേതാക്കൾ കസ്റ്റഡിയിൽ
text_fieldsബംഗളൂരു: കർണാടക എം.എൽ.എയുടെ അഴിമതിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്ത് കർണാടക പൊലീസ്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, രൺദീപ് സിങ് സുർജേവാല, ഡി.കെ.ശിവകുമാർ എന്നിവരാണ് പിടിയിലായത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ പ്രതിഷേധവുമായി എത്തിയ കോൺഗ്രസ് നേതാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കർണാടക മുഖ്യമന്ത്രി ജനങ്ങളോട് നുണ പറഞ്ഞുവെന്നും ബി.ജെ.പി എം.എൽ.എ മദൽ വിരുപാക്ഷപ്പയെ അറസ്റ്റ് ചെയ്യാൻ സംസ്ഥാന സർക്കാർ തയാറാവണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. കർണാടക ബി.ജെ.പി എം.എൽ.എ മദൽ വിരുപാക്ഷാപ്പയുടെ മകന്റെ വീട്ടിൽ കഴിഞ്ഞ ദിവസം ലോകായുക്ത പരിശോധന നടത്തിയിരുന്നു. ആറ് കോടിയുടെ പണം ഇയാളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് പരിശോധനയുണ്ടായത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുന്നതാണ് കള്ളപ്പണം പിടിച്ച സംഭവം.
നേരത്തെ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബി.ജെ.പി എം.എൽ.എയുടെ മകൻ പിടിയിലായിരുന്നു. എം.എൽ.എയായ മാദൽ വിരുപക്ഷാപ്പയുടെ മകനെയാണ് ലോകായുക്ത അറസ്റ്റ് ചെയ്തത്. ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡിലെ ചീഫ് അക്കൗണ്ട്സ് ഓഫീസറായ പ്രശാന്ത് കുമാറിനെ കർണാടക സോപ്പ്സ് ആൻഡ് ഡിറ്റർജന്റ് കമ്പനിയുടെ(കെ.എസ്.ഡി.എൽ) ഓഫീസിൽവെച്ചാണ് പിടികൂടിയത്.
ഛന്നഗിരി മണ്ഡലത്തിലെ എം.എൽ.എയായ വിരുപക്ഷപ്പ കെ.എസ്.ഡി.എൽ കമ്പനിയുടെ ചെയർമാനാണ്. മൂന്ന് ബാഗുകളിൽ നിന്നാണ് പണം കണ്ടെത്തിയത്. 2008 ബാച്ച് കർണാടക അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസറാണ് കുമാർ. കോൺട്രാക്ടറിൽ നിന്നും 81 ലക്ഷം രൂപയുടെ കൈക്കൂലി ഇയാൾ ആവശ്യപ്പെട്ടുവെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.