മാക്കൂട്ടത്ത് കോവിഡ് പരിശോധന കർശനമാക്കിയ കർണാടകയുടെ നിലപാടിൽ പ്രതിഷേധം; നാട്ടുകാർ കൂട്ടുപുഴ പാലം ഉപരോധിച്ചു
text_fieldsഇരിട്ടി: മാക്കൂട്ടത്ത് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കർണാടകയുടെ നിലപാടിൽ പ്രതിഷേധിച്ച് നാട്ടുകാർ കൂട്ടുപുഴ പാലം ഉപരോധിച്ചു. രണ്ട് മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാം എത്തി വഴിതടഞ്ഞവരെ നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ബുധനാഴ്ച രാവിലെ 11 ഓടെയാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും നേതൃത്വത്തിൽ കൂട്ടുപുഴ പാലം ഉപരോധിച്ചത്. കർണാടകയിലേക്ക് പോകുന്ന യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ പരിശോധന ഫലം കർശനമാക്കിയതാണ് പ്രതിഷേധത്തിന് കാരണമായത്. ദൈനംദിന യാത്രക്കാരെയും അത്യാവശ്യ യാത്രക്കാരെയും കർണാടകയുടെ തീരുമാനം സാരമായി ബാധിക്കുകയും നിരവധി യാത്രക്കാർക്ക് മടങ്ങേണ്ട സ്ഥിതിയുമുണ്ടായി. വിഷയത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെ ഇടപെട്ടെങ്കിലും കർണാടകയുടെ തീരുമാനത്തിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നുവെന്ന പേരിലാണ് കർണാടകയുടെ പുതിയ നിയന്ത്രണം.
ദൈനം ദിന ആവശ്യങ്ങൾക്ക് കൂട്ടുപുഴ, വള്ളിത്തോട്, ഇരിട്ടി എന്നിവിടങ്ങളെ ആശ്രയിച്ചിരുന്ന അതിർത്തിയിലുള്ളവർക്ക് കർണാടക സർക്കാറിെൻറ തീരുമാനം കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. യാത്രക്കാരെ വലക്കുന്ന തീരുമാനത്തിൽ നിന്നും കർണാടക പിന്മാറണമെന്നാവശ്യപ്പെട്ടായിരുന്നു പ്രദേശവാസികൾ ഉൾപ്പെടെ റോഡ് ഉപരോധം നടത്തിയത്.
വഴിതടയൽ അവസാനിപ്പിച്ചെങ്കിലും മാക്കൂട്ടത്തെ പരിശോധന നിബന്ധനകളിൽ ഒരു ഇളവും നൽകാത്തതിനാൽ കർണാടകത്തിലേക്ക് പോകാനാവാതെ നിരവധി വാഹനങ്ങൾ കുടുങ്ങി. ഇരു സംസ്ഥാനങ്ങൾ തമ്മിലുള്ള വിഷയമായതിനാൽ സർക്കാർ തലത്തിൽ കൂടുതൽ ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്. മൂന്ന് ദിവസമായി പൊതു ഗതാഗതം ഉൾപ്പെടെ നിലച്ചതിനാൽ അന്തർസംസ്ഥാന യാത്രക്കാർ വലയുകയാണ്.
ലോക്ഡൗൺ സമയത്ത് അതിർത്തിയിൽ മണ്ണിട്ട് ഗതാഗതം തടഞ്ഞതും അതിർത്തി തുറക്കാൻ വൈകിയതും മുമ്പ് ഏറെ ചർച്ചയായിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്ന്, റോഡിലിട്ട മണ്ണ് നീക്കം ചെയ്യുകയും ഗതാഗതം പുനഃസ്ഥാപിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.