ഐ.എം.എ നിക്ഷേപ തട്ടിപ്പ് കേസിൽ മുൻ മന്ത്രി റോഷൻ ബേയ്ഗിന് ജാമ്യം
text_fieldsബംഗളൂരു: കോടികളുടെ ഐ.എം.എ ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസിൽ മുൻ കോൺഗ്രസ് മന്ത്രി ആർ. റോഷൻ ബേയ്ഗിന് സി.ബി.ഐ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടികാട്ടിയാണ് ജാമ്യാപേക്ഷയുമായി ബേയ്ഗിെൻറ അഭിഭാഷകർ കോടതിയെ സമീപിച്ചത്.കേസിൽ അറസ്റ്റിലായി രണ്ടാഴ്ചക്കുശേഷമാണ് റോഷൻ ബേയ്ഗിന് ഉപാധികളോടെ ജാമ്യം ലഭിക്കുന്നത്.
റിമാൻഡിലിരിക്കെ ദേഹാസ്വാസ്ഥ്യമുണ്ടായ റോഷൻ ബേയ്ഗിനെ ജയദേവ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം ആഞ്ജിയോ പ്ലാസ്റ്റിക്ക് വിധേയമാക്കിയിരുന്നു. പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങൾ ബേയ്ഗിന് നേരത്തെയുണ്ട്. കോടതിയിൽനിന്നുള്ള മുൻകൂർ അനുമതിയില്ലാതെ ബംഗളൂരുവിന് പുറത്തുപോകരുതെന്ന വ്യവസ്ഥതകളോടെയാണ് ജാമ്യം അനുവദിച്ചത്. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും കോടതി ജാമ്യ വ്യവസ്ഥയിൽ നിർദേശിച്ചു.
പാസ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറണമെന്നും സി.ബി.ഐ അന്വേഷണത്തോട് സഹകരിക്കാനും കോടതി നിർദേശിച്ചു. ഐ.എം.എയുടെയും അവരുടെ ബിസിനസ് സ്ഥാപനങ്ങളുടെയും പ്രമോട്ടറായാണ് റോഷൻ ബേയ്ഗ് പ്രവർത്തിച്ചതെന്നാണ് ആരോപണം. റോഷൻ ബേയ്ഗിലൂടെ നിക്ഷേപകരുടെ വിശ്വാസ്യത പിടിച്ചുപറ്റാൻ ഐ.എം.എ എം.ഡിയും തട്ടിപ്പ് കേസിലെ മുഖ്യപ്രതിയുമായ മുഹമ്മദ് മൻസൂർ ഖാൻ ശ്രമിച്ചുവെന്നുള്ളതിെൻറ തെളിവുകളും സി.ബി.ഐക്ക് ലഭിച്ചിട്ടുണ്ട്.
നിക്ഷേപ തട്ടിപ്പ് കേസിൽ കഴിഞ്ഞമാസം 22നാണ് അറസ്റ്റ് ചെയ്തത്. റോഷന്‍ ബെയ്ഗ് തെൻറ കൈയില്‍ നിന്ന് 400 കോടി വാങ്ങി വഞ്ചിച്ചതായും ഭീഷണിപ്പെടുത്തിയതായും നിക്ഷേപ തട്ടിപ്പ് കേസിലെ മുഹമ്മദ് മന്‍സൂര്‍ ഖാന്‍ ഒളിവില്‍ പോകുന്നതിനു മുമ്പ് വീഡിയോ സന്ദേശത്തില്‍ ആരോപിച്ചിരുന്നു. 4000 കോടിയുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ 80,000ത്തോളം ഇരകളുണ്ടെങ്കിലും 30,000ത്തോളം പേർ മാത്രമാണ് പരാതി നൽകിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ കേസിൽ പ്രതികളാണ്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്കും വിമത നീക്കത്തിനും കോൺഗ്രസിൽനിന്നും അയോഗ്യനാക്കപ്പെട്ട എം.എൽ.എ ആണ് റോഷൻ ബേയ്ഗ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.