കേരളം പിന്മാറി; കയ്യാർ കിഞ്ഞണ്ണറൈക്ക് കർണാടക സർക്കാർ സ്മാരകം പണിയും
text_fieldsകാസർകോട്: കന്നട മഹാകവിയും സ്വാതന്ത്ര്യസമര നായകനുമായ കയ്യാർ കിഞ്ഞണ്ണറൈക്ക് സ്മാരകം നിർമിക്കാനുള്ള തീരുമാനത്തിൽനിന്ന് സംസ്ഥാന സർക്കാർ പിൻമാറി. ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സ്മാരകം നിർമിക്കാൻ തീരുമാനിച്ചിരുന്നത്. 40 ലക്ഷം രൂപ ഇതിനായി നീക്കിവെക്കുകയും ചെയ്തിരുന്നു.
എന്നാൽ, സ്ഥലം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കൈമാറാൻ കിഞ്ഞണ്ണറൈ ട്രസ്റ്റ് തയാറാകാത്തതിനാൽ പദ്ധതിയുമായി മുന്നോട്ടുപോകാനാവാത്ത സ്ഥിതിയായിരുന്നുവെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ പറഞ്ഞു. ഫണ്ട് പാഴാകാതിരിക്കാൻ മറ്റ് ആവശ്യത്തിലേക്ക് വകയിരുത്തിയതായും പ്രസിഡന്റ് പറഞ്ഞു.
2017 ജൂൺ 22നു ചേർന്ന ജില്ല പഞ്ചായത്ത് യോഗത്തിലാണ് കിഞ്ഞണ്ണറൈ സാംസ്കാരിക സ്ഥാപനം നിർമിക്കാൻ സമിതിയുണ്ടാക്കിയത്. ഇതിൽ പ്രസന്നറൈ അംഗമാണ്. അതേസമയം, കർണാടക സർക്കാർ 1.10 കോടി ചെലവിൽ ട്രസ്റ്റ് സ്ഥലത്ത് കിഞ്ഞണ്ണറൈ സ്മാരകം നിർമിക്കുമെന്ന് ട്രസ്റ്റ് ചെയർമാനും കിഞ്ഞണ്ണറൈയുടെ മകനുമായ ഡോ. പ്രസന്ന റൈ പറഞ്ഞു. കഴിഞ്ഞ കർണാടക ബജറ്റിലാണ് കിഞ്ഞണ്ണറൈ സ്മാരകത്തിന് തുക വകയിരുത്തിയത്.
ബദിയഡുക്കയിൽ 30 സെന്റ് സ്ഥലം കിഞ്ഞണ്ണറൈയുടെ കുടുംബം സ്മാരകത്തിനായി വിട്ടുകൊടുക്കാൻ തീരുമാനിച്ചിരുന്നു. കേരള സർക്കാറിന്റെ ഫണ്ടിൽ കെട്ടിടം നിർമിക്കുന്നതിന് സ്ഥലം സർക്കാറിനോ തദ്ദേശ സ്ഥാപനത്തിനോ കൈമാറണമെന്നാണ് ചട്ടം. കിഞ്ഞണ്ണറൈയുടെ കുടുംബം ആദ്യഘട്ടത്തിൽ ജില്ല പഞ്ചായത്തിന് സ്ഥലം കൈമാറാൻ സമ്മതം അറിയിച്ചിരുന്നെങ്കിലും പിന്നിട് തീരുമാനവുമായി മുന്നോട്ടുപോയില്ല. തുടർന്നാണ് കർണാടക സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമാണം നടത്താൻ തീരുമാനിച്ചത്. മാർച്ച് 23ന് ശിലാസ്ഥാപനം നടത്താനാണ് തീരുമാനമെന്ന് പ്രസന്നറൈ പറഞ്ഞു.
ലൈബ്രറി, മ്യൂസിയം, സമ്മേളന ഹാൾ, സ്റ്റേജ്, അതിഥി മന്ദിരം, കിഞ്ഞണ്ണറൈയുടെ പ്രതിമ എന്നിവയുൾപ്പെട്ടതാണ് കേന്ദ്രം. ഇതിനായി ബദിയഡുക്ക പെർഡാലക്കടുത്ത കല്ലളയിലെ 1447/ഒന്ന് ബി-2 വിൽപെട്ട, കവിയുടെ കുടുംബത്തിന്റെ 30 സെൻറ് സ്ഥലം നീക്കിവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.