കർണാടക പൊലീസുകാർ പണം തട്ടിയത് കൊച്ചിയിലെ പണമിരട്ടിപ്പ് സംഘത്തിൽ നിന്ന്; 3.95 ലക്ഷം രൂപ കണ്ടെടുത്തു -കൊച്ചി ഡി.സി.പി
text_fieldsകൊച്ചി: കളമശ്ശേരിയിൽനിന്ന് പിടിയിലായ കർണാടക പൊലീസിൽനിന്ന് 3.95 ലക്ഷം രൂപ കണ്ടെടുത്തതായി കൊച്ചി ഡി.സി.പി എസ്. ശശിധരൻ. കർണാടക സ്വദേശിനിയുടെ പണംതട്ടിയ സംഭവത്തിൽ കൊച്ചിയിലെ പണമിരട്ടിപ്പ് സംഘത്തെ തേടിയെത്തിയതായിരുന്നു കർണാടക പൊലീസുകാർ. 1000 രൂപ തന്നാൽ അഞ്ച് ദിവസം കൊണ്ട് 1030 രൂപ തരാമെന്ന് ഓഫർ ചെയ്ത് കർണാടക സ്വദേശിനിയുടെ 26 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഈ കേസിലെ പ്രതികളെ സമീപിച്ച് നാലുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കർണാടക പൊലീസ് സംഘത്തിനെതിരായ പരാതിയെന്ന് ഡി.സി.പി എസ്. ശശിധരൻ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തെ കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ: ‘ബന്ധുവിനെ കർണാടക പൊലീസ് കൊണ്ടുപോയെന്നും കാശ് തന്നാൽ വിട്ടയക്കാമെന്ന് പറഞ്ഞുവെന്നും ഒരു സ്ത്രീ ഫോൺ വിളിച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. കർണാടക പൊലീസുകാരുടെ ഫോൺ സംഭാഷണവും ഇവർ പൊലീസിന് കൈമാറി. 25 ലക്ഷം രൂപ തന്നാൽ കേസ് ഒഴിവാക്കാമെന്നായിരുന്നു കർണാടക പൊലീസ് ഇവരോട് പറഞ്ഞത്. ഒടുവിൽ 10 ലക്ഷം രൂപ തന്നാൽ മതിയെന്നായി. പിന്നീട് നാലുലക്ഷം രൂപ വാങ്ങി. ഒരു ചുവന്ന സ്വിഫ്റ്റ് കാറും ഇവർ കൊണ്ടുപോയി. വിവരം കിട്ടിയ ഉടൻ കളമശ്ശേരി പൊലീസ്, കർണാടക പൊലീസ് സംഘത്തെ പിന്തുടർന്ന് പിടികൂടി. വാഹനത്തിൽ നിന്ന് 3.95 ലക്ഷം രൂപ കണ്ടെടുത്തു. ഇതിന്റെ ഉറവിടത്തെക്കുറിച്ച് ചോദിച്ചപ്പോൾ അവർക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. തുടർന്ന് അന്വേഷണ വിധേയമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബംഗളൂരു വൈറ്റ് ഫോർട്ട് പൊലീസ് സ്റ്റേഷൻ സി.ഐ അടക്കമുള്ള നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമവശങ്ങൾ പരിശോധിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും’
പ്രതികളെ പിടികൂടാൻ വന്ന സംഘം പ്രതിയുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം എടുത്തുവെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് നടപടി.
കർണാടകയിലെ വൈറ്റ്ഫോർട്ട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അന്വേഷിക്കുന്നതിനായാണ് കർണാടക പൊലീസ് കേരളത്തിലെത്തിയത്. തുടർന്ന് പ്രതികളുമായി മടങ്ങവേയാണ് പ്രതികളുടെ ബന്ധുക്കളുടെ പരാതിയിൽ കസ്റ്റഡിയിലാകുന്നതും കേസെടുക്കുന്നതും. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കർണാടക എ.സി.പി സ്ഥലത്തെത്തിയതായി കൊച്ചി ഡി.സി.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.