അതിർത്തി കടന്നുള്ള യാത്രക്ക് നാളെ മുതൽ കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക
text_fieldsകാസർകോട്: അതിർത്തി വഴിയുള്ള യാത്രക്ക് കോവിഡ് പരിശോധന വീണ്ടും കർശനമാക്കി കർണാടക. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം നാളെ മുതൽ പ്രവേശനം അനുവദിക്കാനാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. അതേസമയം, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ അതിർത്തി കടക്കാൻ ഇന്നു കൂടി ഇളവ് അനുവദിച്ചു. വിദ്യാർഥികളും നാട്ടുകാരുമായും നടത്തിയ ചർച്ചയിലാണ് ജില്ലാ ഭരണകൂടം ഇളവ് നൽകാൻ തീരുമാനിച്ചത്.
കാസർകോട് അതിർത്തിയിൽ നിന്ന് ദക്ഷിണ കന്നഡയിലേക്ക് പോകുന്നവർക്ക് കർണാടക കോവിഡ് സർട്ടിഫിക്കറ്റ് നേരത്തെ നിർബന്ധമാക്കിയിരുന്നു. ഈ തീരുമാനം കൂടുതൽ കർശനമാക്കാനാണ് ദക്ഷിണ കന്നഡ ഭരണകൂടം ഇപ്പോൾ തീരുമാനിച്ചത്.
ഇന്ന് രാവിലെ തലപ്പാടി അതിർത്തി കടന്ന് ജോലി, പഠനം, ചികിത്സ അടക്കമുള്ള ആവശ്യത്തിനായി പോകുന്നവരെ തടഞ്ഞ പൊലീസ്- ആരോഗ്യ വിദഗ്ധർ, ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരുന്നു. സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ കടത്തിവിടില്ലെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് നടത്തിയ ചർച്ചയിലാണ് ഇന്ന് കൂടി ഇളവ് അനുവദിക്കാൻ തീരുമാനിച്ചത്.
കോവിഡ് വ്യാപനം കേരളത്തിൽ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.