എല്ലാവർക്കും പ്ലസ് വൺ റെഗുലർ പഠനം വേണമെന്ന വാദം തള്ളി കാർത്തികേയൻ കമ്മിറ്റി
text_fieldsതിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ മലബാറിൽ ഉൾപ്പെടെയുള്ള സീറ്റ് ക്ഷാമം പരിഹരിക്കാൻ അധിക ബാച്ചുകൾക്ക് ശിപാർശ ചെയ്യുമ്പോഴും മുഴുവൻ വിദ്യാർഥികളും ഹയർ സെക്കൻഡറി റെഗുലർ ബാച്ചിൽ പഠിക്കണമെന്ന വാദഗതി കാർത്തികേയൻ കമ്മിറ്റി തള്ളുന്നു. പത്താം ക്ലാസ് വിജയിക്കുന്നവർക്ക് ആവശ്യത്തിലേറെ സീറ്റുകൾ തുടർപഠനത്തിന് ലഭ്യമാണെന്ന വിദ്യാഭ്യാസ വകുപ്പിന്റെ പതിവ് വാദവും റിപ്പോർട്ടിൽ ആവർത്തിക്കുന്നു.
എന്നാൽ ആവശ്യമുള്ള മേഖലകളിൽ ഹയർ സെക്കൻഡറി ബാച്ചുകളും തസ്തികകളും അനുവദിക്കേണ്ടത് പൊതുവിദ്യാഭ്യാസ സംരക്ഷണ കാഴ്ചപ്പാടിൽ വലിയ സാമൂഹിക-രാഷ്ട്രീയ ബാധ്യത കൂടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്കോൾ കേരള (പഴയ ഓപൺ സ്കൂൾ) നിലനിർത്തണമെന്നും ഇവിടെ നിശ്ചിത ശതമാനം പ്രവേശനം ഉറപ്പാക്കണമെന്ന വാദവും റിപ്പോർട്ടിലുണ്ട്. എസ്.എസ്.എൽ.സി വിജയിച്ച എല്ലാവരും ഹയർ സെക്കൻഡറി കോഴ്സിന് അപേക്ഷിക്കുന്നില്ലെന്നും അഡ്മിഷൻ എടുക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വി.എച്ച്.എസ്.ഇയിൽ 33,030 സീറ്റുകൾ ലഭ്യമാണ്. പോളിടെക്നിക്കുകളിൽ 10152 സീറ്റുകളും ഐ.ടി.ഐകളിൽ 52096 സീറ്റുകളും ലഭ്യമാണ്. എസ്.എസ്.എൽ.സി കഴിഞ്ഞയുടൻ ചേരാവുന്ന കോഴ്സുകളാണിവയൊക്കെ.
ആനുപാതിക സീറ്റ് വർധന ഇല്ലാതെ അൺഎയ്ഡഡ് ഉൾപ്പെടെ 360540 സീറ്റുകൾ ഹയർ സെക്കൻഡറിയിൽ ലഭ്യമാണ്. ഇതെല്ലാം പരിശോധിച്ചാൽ എസ്.എസ്.എൽ.സി കഴിയുന്നവർക്കും മറ്റ് ബോർഡുകളിൽനിന്ന് പത്താം ക്ലാസ് ജയിക്കുന്നവരിൽ അപേക്ഷിക്കുന്നവർക്കും കേരളത്തിൽ ആവശ്യത്തിലേറെ സീറ്റുകൾ തുടർപഠനത്തിന് ലഭ്യമാണ്. ജനസംഖ്യാനുപാതികമായി ബാച്ചുകളും കോഴ്സുകളും അനുവദിക്കുന്നതിൽ വന്ന അപാകതയാണ് പ്ലസ് വൺ പ്രവേശനത്തിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.