കരുണ എസ്റ്റേറ്റില്‍ റീ സര്‍വേ ഉറപ്പായി
text_fieldsപാലക്കാട്: പോബ്സ് ഗ്രൂപ്പിന്‍െറ അധീനതയിലുള്ള നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റില്‍ റീ സര്‍വേ ഉറപ്പായി. കരുണക്ക് കരമടക്കാന്‍ അനുമതി നല്‍കിയതടക്കമുള്ള മുന്‍ സര്‍ക്കാറിന്‍െറ അവസാന കാലത്തെ വിവാദ തീരുമാനങ്ങളെപറ്റി അന്വേഷിക്കാന്‍ നിയുക്തമായ മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ടില്‍ ഈ ശിപാര്‍ശ ഉണ്ടാകുമെന്നാണ് വിവരം. വിവാദ തീരുമാനങ്ങള്‍ക്ക് വഴിവെച്ച ഫയലുകളുടെ പരിശോധന അന്തിമഘട്ടത്തിലായെന്ന് മന്ത്രി എ.കെ. ബാലന്‍ കണ്‍വീനറായ സമിതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നറിവായി. കരുണ എസ്റ്റേറ്റിന് എന്‍.ഒ.സി നല്‍കാന്‍ മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് ഉദ്യോഗസ്ഥതല സമിതി തീരുമാനിച്ചത് ക്രമപ്രകാരമല്ളെന്ന് നേരത്തെ കണ്ടത്തെിയിരുന്നു. കൈവശാവകാശം ഉറപ്പിക്കുന്നതിന് എസ്റ്റേറ്റ് ലോബി വ്യാജരേഖ ചമച്ചതിനെപറ്റി അന്വേഷിക്കാന്‍ നിയോഗിച്ച സമിതി അജണ്ടയില്‍ നിന്ന് മാറിയാണ് 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് എന്‍.ഒ.സി നല്‍കാന്‍ തീരുമാനിച്ചത്.
833 ഏക്കര്‍ വരുന്ന കരുണ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഭൂമിയുണ്ടെന്ന് നേരത്തെ കണ്ടത്തെിയിരുന്നു. ഇപ്പോഴത്തെ പാലക്കാട് കലക്ടര്‍ പി. മേരിക്കുട്ടി ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയായിരിക്കെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കരുണ സര്‍ക്കാര്‍ ഭൂമിയാണെന്ന് വ്യക്തമാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടിനെ അധികരിച്ചുള്ള സത്യവാങ്മൂലം ഹൈകോടതിയില്‍ സമര്‍പ്പിച്ച ശേഷമാണ് കരമടക്കാനുള്ള വിവാദ തീരുമാനം മുന്‍മന്ത്രിസഭയില്‍ നിന്ന് ഉണ്ടായത്. പ്രതിഷേധത്തെ തുടര്‍ന്ന്, തീരുമാനം പിന്നീട് മരവിപ്പിച്ചെങ്കിലും മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനക്ക് വിട്ട പ്രധാന വിഷയങ്ങളിലൊന്ന് കരുണ തന്നെയായിരുന്നു.
നികുതി അടക്കുന്നുവെന്നതിന്‍െറ അടിസ്ഥാനത്തില്‍ കരുണയുടെ പക്കലുള്ള ഭൂമി സര്‍ക്കാറിന്‍േറതല്ളെന്ന് കരുതാനാവില്ളെന്ന നിലപാടിലാണത്രെ മന്ത്രിസഭാ ഉപസമിതി. ഇത് വ്യക്തമാവണമെങ്കില്‍ ഇതോട് ചേര്‍ന്ന മറ്റ് ഭൂമിയും സര്‍വേ ചെയ്യണം. റീ സര്‍വേയിലൂടെ മാത്രമേ കൃത്യമായ തെളിവുകളോടെ ഇക്കാര്യം സമര്‍ഥിക്കാനാവൂ. ഭൂ പരിഷ്കരണ നിയമത്തിന്‍െറ വെളിച്ചത്തില്‍ സര്‍ക്കാര്‍ ഭൂമിയാണെന്ന് വാദിക്കുന്നതോടൊപ്പം റീ സര്‍വേ ഫലവും നിര്‍ണായകമാവും. മന്ത്രിമാരായ തോമസ് ഐസക്, വി.എസ്. സുനില്‍കുമാര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ അംഗങ്ങളായ ഉപസമിതി വിവാദ തീരുമാനങ്ങളുമായി ബന്ധപ്പെട്ട 350 ഫയലുകള്‍ ഇതിനകം പരിശോധിച്ചുകഴിഞ്ഞു.
ഭൂമിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലാണ് ഏറെയും ക്രമക്കേട് കണ്ടത്തെിയതത്രെ. മന്ത്രിസഭയിലും നിയമസഭയിലും വരാത്ത വിഷയങ്ങള്‍ ഉത്തരവുകളായി ഇറങ്ങിയിട്ടുണ്ട്.
അനുകൂല വിധികളുണ്ടായ കോടതി വ്യവഹാരങ്ങളില്‍ കരുണ എസ്റ്റേറ്റുകാര്‍ ഹാജരാക്കിയത് സാധുവായ രജിസ്ട്രേഷന്‍ രേഖകളല്ളെന്ന് വനംവകുപ്പ് സര്‍ക്കാറിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് ഇക്കാര്യം പരിശോധിക്കാന്‍ ഉദ്യോഗസ്ഥ സമിതിയെ നിശ്ചയിച്ചത്.
എന്നാല്‍, ടേംസ് ഓഫ് റഫറന്‍സില്‍ നിന്ന് വ്യതിചലിച്ച് ഈ സമിതി എന്‍.ഒ.സി നല്‍കാന്‍ തീരുമാനിച്ചത് മുന്‍ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഉപസമിതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടികള്‍ കൈക്കൊള്ളേണ്ടത് മന്ത്രിസഭയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.