തലവരിക്കൊപ്പം റാങ്കും ലക്ഷക്കണക്കിൽ
text_fieldsതിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് നീറ്റ് റാങ്ക് പട്ടിക പ്രകാരം മെറിറ്റുണ്ടെന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ വാദം പൊളിയുന്നു. പ്രവേശനം നേടിയവർ നീറ്റ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടെങ്കിലും വളരെ പിറകിൽ നിൽക്കുന്നവർക്കാണ് തലവരിപ്പണം ലക്ഷ്യമിട്ട് കണ്ണൂർ, കരുണ മെഡിക്കൽ കോളജുകൾ പ്രവേശനം നൽകിയതെന്ന് കഴിഞ്ഞ ഫെബ്രുവരി 14ലെ സർക്കാർ ഉത്തരവിനൊപ്പം പുറത്തുവിട്ട പട്ടിക വ്യക്തമാക്കുന്നു. കണ്ണൂർ മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ ഒരു വിദ്യാർഥിയുടെ നീറ്റ് റാങ്ക് 4,30,592 ആണ്. കരുണ മെഡിക്കൽ കോളജിൽ പ്രവേശനം നൽകിയ ഒരു കുട്ടിയുടെ നീറ്റ് റാങ്ക് 4,10,204. മൂന്ന് ലക്ഷത്തിനും നാല് ലക്ഷത്തിനുമിടയിൽ റാങ്ക് േനടിയ ഒേട്ടറെ വിദ്യാർഥികൾക്ക് രണ്ട് കോളജിലും പ്രവേശനം നൽകിയിട്ടുണ്ട്.
കണ്ണൂർ മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ 48 വിദ്യാർഥികളുടെ നീറ്റ് റാങ്ക് ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനുമിടയിലാണ്. 11 വിദ്യാർഥികളുടെ റാങ്ക് രണ്ട് ലക്ഷത്തിനും മൂന്ന് ലക്ഷത്തിനുമിടയിലുമാണ്. കരുണയിൽ പ്രവേശനം നേടിയ എട്ട് പേരുടെ റാങ്ക് മൂന്ന് ലക്ഷത്തിന് താഴെയാണ്. പത്ത് പേരുടെ റാങ്ക് രണ്ട് ലക്ഷത്തിന് താഴെയുമാണ്. എട്ട് പേരുടെ റാങ്ക് ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനുമിടയിലാണ്. സർക്കാറുമായി കരാർ ഒപ്പിടാതെ പ്രവേശനം നടത്തിയ കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളജിലെ വിദ്യാർഥികളുടെ റാങ്കുമായി താരതമ്യം ചെയ്യുേമ്പാൾ കണ്ണൂർ കോളജിൽ 150ൽ 44 പേർക്ക് പ്രവേശനത്തിന് യോഗ്യതയുണ്ടെന്നാണ് സർക്കാർ പരിശോധനക്കായി നിയോഗിച്ച ആയുഷ് സെക്രട്ടറി ബി. ശ്രീനിവാസ് റിപ്പോർട്ട് നൽകിയത്. ഇതുപോലും അംഗീകരിക്കാതെയാണ് പ്രവേശനം സാധുവാക്കിയത്.
2016-17ൽ സർക്കാർ നേരിട്ട് അലോട്ട്മെൻറ് നടത്തിയ 20 സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പട്ടികവർഗ സംവരണേക്വാട്ടയിൽ അവസാനം പ്രവേശനം ലഭിച്ച വിദ്യാർഥികളുടെ നീറ്റ് റാങ്ക് നാൽപ്പതിനായിരത്തിന് താഴെയാണ്. പട്ടികജാതി സംവരണേക്വാട്ടയിൽ അവസാനം പ്രവേശനം നേടിയ വിദ്യാർഥികളുടെ റാങ്ക് ഇരുപതിനായിരത്തിന് താഴെയുമാണ്. സ്റ്റേറ്റ് മെറിറ്റിൽ പ്രവേശനം നേടിയവരുടെ റാങ്ക് ഒമ്പതിനായിരത്തിന് താഴെയുമാണ്. കണ്ണൂർ മെഡിക്കൽ കോളജിന് കീഴിലുള്ള സ്വാശ്രയ ഡെൻറൽ കോളജിലേക്ക് 2016 -17 വർഷം സർക്കാറാണ് അലോട്ട്മെൻറ് നടത്തിയത്. ഇവിടെ ഇൗ വർഷം പ്രവേശനം നേടിയവരുടെ റാങ്ക് ഇവരുടെ മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ വിദ്യാർഥികളെക്കാൾ എത്രയോ മുന്നിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.