കണ്ണൂർ, കരുണ: ‘ഞങ്ങളെ ബലിയാടാക്കുന്നു’ –കരുണയിലെ വിദ്യാർഥികൾ
text_fieldsപാലക്കാട്: സർക്കാറും കരുണ മെഡിക്കൽ കോളജ് മാനേജ്മെൻറും തമ്മിലെ തർക്കത്തിൽ തങ്ങളെ ബലിയാടാക്കുകയാണെന്ന് മെഡിക്കല്‍ പ്രവേശനം റദ്ദാക്കിയതിനെ തുടര്‍ന്ന് പഠനം അനിശ്ചിതത്വത്തിലായ വിദ്യാര്‍ഥികള്‍. നീതി കിട്ടാനായി സുപ്രീം കോടതിയിൽ കക്ഷി ചേരുമെന്നും വിദ്യാർഥികളും രക്ഷിതാക്കളും വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സർക്കാർ കരാറിൽനിന്ന് കരുണ മെഡിക്കൽ കോളജ് പിന്മാറിയതിലെ വൈരാഗ്യം തീർക്കാനാണ് ആരോഗ്യ വകുപ്പ് സെക്രട്ടറിയും ജെയിംസ് കമ്മിറ്റിയും ശ്രമിക്കുന്നത്. ജെയിംസ് കമ്മിറ്റിയുടെ എല്ലാ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിച്ചാണ് പ്രവേശനം തേടിയത്. മെറിറ്റ് അട്ടിമറിച്ചെന്ന് പ്രചരിപ്പിക്കുന്നത് വാസ്തവ വിരുദ്ധമാണ്. 31 കുട്ടികളുടെ പ്രവേശനത്തിലാണ് പ്രശ്നമുണ്ടായത്. ഇതിൽ ഒരു വിദ്യാർഥി ഹൈകോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ച് ഇപ്പോഴും പഠനം തുടരുന്നു. തങ്ങൾക്കു പകരം മെറിറ്റുണ്ടെന്ന് ജെയിംസ് കമ്മിറ്റി പറഞ്ഞ കുട്ടികളിൽ ഏഴുപേർക്ക് നിലവിലെ വിദ്യാർഥികളേക്കാൾ മാർക്ക് കുറവാണ്. ഇതിൽ 22 കുട്ടികൾ മാത്രമാണ് പഠിക്കാനെത്തിയതെന്നും കോളജിനോടുള്ള പക തീർക്കാൻ വിദ്യാർഥികളെ കരുവാക്കുകയായിരുന്നുവെന്നും ഇവർ ആരോപിച്ചു.
പ്രവേശന നടപടിക്രമങ്ങള്‍ ലംഘിച്ചെന്ന ആരോപണത്തിന് മറുപടി പറയാന്‍ ജെയിംസ് കമ്മിറ്റി അവസരം നല്‍കിയില്ല. ഇതിനായി ഹിയറിങ് നടത്തിയില്ല. ഹിയറിങ് നടത്തിയെന്നാണ് ജെയിംസ് കമ്മിറ്റി പറയുന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. വാര്‍ത്തസമ്മേളനത്തില്‍ അക്ഷയ്കുമാര്‍, നിഥിന് തോമസ്, ഫഹദ് ഫിറോഷ്, രക്ഷിതാക്കളായ മുഹമ്മദ് ഫാറൂഖ്, പി.കെ. മന്‍സൂര്‍ എന്നിവർ പങ്കെടുത്തു.
നിയമപരമായി മുന്നോട്ടുപോകും –രക്ഷാകർത്താക്കളും വിദ്യാർഥികളും
തിരുവനന്തപുരം: പ്രവേശനം സാധൂകരിച്ചുള്ള ഓര്‍ഡിനന്‍സ് സുപ്രീംകോടതി സ്റ്റേ ചെയ്തതിനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍കോളജിലെ രക്ഷിതാക്കളും വിദ്യാർഥികളും. മേയ് ഏഴിന് സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോള്‍ കക്ഷിചേരാന്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. വിദ്യാർഥികളുടെ ഭാഗം കോടതി കേട്ടാല്‍ 137 പേർക്കും തുടര്‍ന്ന് പഠിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വിധി മറിച്ചായാലും നിയമപോരാട്ടം തുടരുമെന്നും അവർ വാര്‍ത്തസമ്മേളനത്തില്‍ അവര്‍ പറഞ്ഞു.
2016-17 വര്‍ഷം കോളജില്‍ പ്രവേശനംനേടിയ 150 പേരില്‍ അവശേഷിക്കുന്ന 137 പേരും ഓണ്‍ലൈനായി അപേക്ഷ നൽകി നീറ്റ് പരീക്ഷ എഴുതി യോഗ്യതനേടിയവരാണ്. മറ്റ് സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനംനേടിയ വിദ്യാർഥികളേക്കാള്‍ ഉയര്‍ന്ന റാങ്കുള്ളവരാണ് ഇപ്പോള്‍ പെരുവഴിയിലായിരിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടേതല്ലാത്ത കുറ്റത്തിന് അവരെ ശിക്ഷിക്കരുതെന്ന് കോളജിലെ പി.ടി.എ സെക്രട്ടറി മോഹനന് കോട്ടൂര്‍ പറഞ്ഞു.
മെറിറ്റുള്ള കുട്ടികളുടെ പഠനം തടസ്സപ്പെടുത്തരുതെന്നാണ് സുപ്രീംകോടതി നിര്‍ദേശം. കണ്ണൂര്‍ കോളജില്‍ ഒന്നാം റാങ്കുകാരിയുടെ നീറ്റ് റാങ്ക് 18,499 ആണ്. മറ്റ് സ്വാശ്രയ കോളജുകളിലെ ബഹുഭൂരിപക്ഷം കുട്ടികളുടെയും മെറിറ്റ് റാങ്ക് ഈ കുട്ടിയേക്കാള്‍ വളരെ പിന്നിലാണ്. ഈ സാഹചര്യത്തില്‍ യോഗ്യതയുണ്ടായിട്ടും പഠനം നിഷേധിക്കുന്നത് സ്വാഭാവികനീതിയുടെ നിഷേധമാണെന്നും അവർ പറയുന്നു. പി.ടി.എ ഭാരവാഹികളായ മഷ്ഹൂഖ്, കെ.ജി.പി. നായര്‍, കെ. മോഹന്‍കുമാര്‍, ജേക്കബ് എബ്രഹാം എന്നിവരും വിദ്യാർഥികളും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.