കോടതി പ്രവേശനം നൽകാൻ നിർദേശിച്ച വിദ്യാർഥികളുടെ ഫീസ് നിർണയം അനിശ്ചിതത്വത്തിൽ
text_fieldsതിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവ് പ്രകാരം പാലക്കാട് കരുണ മെഡിക്കൽ കോളജിൽ പ്രവേശനം നൽകേണ്ട വിദ്യാർഥികളുടെ ഫീസ് നിർണയം അനിശ്ചിതമായി വൈകുന്നു. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയാണ് ഫീസ് നിർണയം നടത്തേണ്ടത്. കഴിഞ്ഞവർഷം വഴിവിട്ടരീതിയിൽ കരുണ മെഡിക്കൽ കോളജ് പ്രവേശനം നൽകിയ 30 വിദ്യാർഥികളുടെ പ്രവേശനം ആദ്യം ജസ്റ്റിസ് ജയിംസ് കമ്മിറ്റി റദ്ദാക്കിയിരുന്നു. ഇൗ സീറ്റുകളിലേക്ക് ഹൈകോടതി നിർദേശപ്രകാരം പ്രവേശനപരീക്ഷ കമീഷണർ മെറിറ്റ് അടിസ്ഥാനത്തിൽ 30 വിദ്യാർഥികൾക്ക് പ്രവേശനംനൽകിയിരുന്നു. എന്നാൽ ഇത് അംഗീകരിക്കാതെ കരുണ കോളജ് ഹൈകോടതിയെ സമീപിച്ചെങ്കിലും കോളജിെൻറ വാദം കോടതി തള്ളി. പിന്നീട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിധി കോളജിന് എതിരായി. പ്രവേശനപരീക്ഷ കമീഷണർ പ്രവേശനംനൽകിയ 30 വിദ്യാർഥികൾക്ക് മുൻഗണനനൽകി അടുത്തവർഷം പ്രവേശനംനൽകാനും കോടതി നിർദേശിച്ചു. ഇൗവർഷം ഇവർക്ക് കോളജ് പ്രവേശനംനൽകണം.ഇവർക്കുള്ള ഫീസ് നിശ്ചയിച്ചുനൽകേണ്ടത് ജയിംസ് കമ്മിറ്റിക്ക് പകരംവന്ന രാജേന്ദ്രബാബു കമ്മിറ്റിയാണ്. ഇതിനായുള്ള അപേക്ഷ മാസങ്ങളായി ഒാഫിസിൽ തീർപ്പുകാത്തുകിടക്കുകയാണ്.
കോളജിെൻറ ബാലൻസ് ഷീറ്റ് പരിശോധിച്ചുവേണം ഫീസ് നിശ്ചയിച്ചുനൽകാൻ. രാജേന്ദ്രബാബു കമ്മിറ്റിക്ക് ഒരു ഒാഡിറ്ററുടെ സേവനമാണ് ലഭിക്കുന്നത്. കഴിഞ്ഞവർഷം ഫീസ് നിശ്ചയിക്കുന്നതിൽ തർക്കമുണ്ടായ കോളജുകളുടെയും ഫീസ് രാജേന്ദ്രബാബു കമ്മിറ്റിയാണ് നിശ്ചയിക്കേണ്ടത്. പ്രവർത്തനബാഹുല്യമാണ് ഫീസ് നിശ്ചയിക്കുന്നതിന് തടസ്സമെന്നാണ് കമ്മിറ്റി പറയുന്നത്. കഴിഞ്ഞവർഷം കരുണ കോളജിന് 4.4 ലക്ഷം രൂപയായിരുന്നു ജയിംസ് കമ്മിറ്റി ഏകീകൃത ഫീസായി നിശ്ചയിച്ചത്. ഇൗ ഫീസ് ഘടനക്കെതിരെ കോളജ് കോടതിയെ സമീപിച്ചു. താൽക്കാലികമായി ഏഴ് ലക്ഷം രൂപ ഫീസ് വാങ്ങാൻ അനുമതിനൽകിയ കോടതി അന്തിമ ഫീസ് നിശ്ചയിച്ചുനൽകാൻ ജയിംസ് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
അപ്പോഴേക്കും പകരം രാേജന്ദ്രബാബു കമ്മിറ്റി നിലവിൽവന്നു. ഫീസ് നിർണയം വൈകിയാൽ ഉയർന്ന ഫീസ് നൽകേണ്ടിവരുമെന്ന ആശങ്കയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും. ഇൗവർഷം മുതൽ നീറ്റ് വരുന്ന സാഹചര്യത്തിൽ ഏകീകൃത ഫീസാണ് നടപ്പാക്കുക. കഴിഞ്ഞവർഷം പ്രവേശനം നിഷേധിക്കപ്പെട്ട തങ്ങൾക്ക് ഇത്തവണ ഉയർന്ന ഏകീകൃത ഫീസ് ബാധകമാക്കുമോ എന്ന ആശങ്കയിലാണ് 30 വിദ്യാർഥികളും രക്ഷിതാക്കളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.