കരുണാകരന് ശത്രുത ഉണ്ടായിരുന്നില്ല; പ്രശ്നാധിഷ്ഠിത വിയോജിപ്പ് മാത്രമെന്ന് വി.എം സുധീരൻ
text_fieldsതൃശൂർ: കെ. കരുണാകരന് പാർട്ടിയിലും എതിർചേരിയിലും സ്ഥിരമായി ഒരാളോടും ശത്രുത ഉണ്ടായിരുന്നില്ലെന്നും മറിച്ച് പ്രശ്നങ്ങളിലെ വിയോജിപ്പ് മാത്രമാണ് ഉണ്ടായിരുന്നതെന്നും കെ.പി.സി.സി മുൻ പ്രസിഡന്‍റ് വി.എം സുധീരൻ. ഇന്നത്തെ നേതാക്കൾക്ക് മാതൃകയാക്കാവുന്ന രീതിയാണ് അതെന്നും സുധീരൻ പറഞ്ഞു. കരുണാകരന്‍റെ ചരമ വാർഷിക ദിനത്തിൽ തൃശൂർ ഡി.സി.സി സംഘടിപ്പിച്ച ‘ലീഡർ സ്മൃതി’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിയോജിപ്പ് ആകാം, മറിച്ച് ശത്രുത പുലർത്തുന്നത് ബന്ധങ്ങളെ ദുർബലപ്പെടുത്തും. പാർട്ടി സ്ഥാനാർഥികളെ തോൽപ്പിക്കുന്ന രീതി അന്ന് ഉണ്ടായിരുന്നില്ല. ഇന്ന് തനിക്ക് ഇഷ്ടപ്പെട്ട സ്ഥാനാർഥിയല്ലെങ്കിൽ തോൽപ്പിക്കുക എന്നത് ശൈലിയായിരിക്കുന്നു. പാർട്ടി തലത്തിലും ഉദ്യോഗസ്ഥ തലത്തിലും ഓരോ സ്ഥാനങ്ങളിലേക്കുമുള്ള വ്യക്തികളെ കണ്ടെത്തുന്നതിൽ വലിയ കൃത്യത പുലർത്തി എന്നത് കരുണാകരന്‍റെഹ വലിയ പ്രത്യേകതയാണ്. അത് തന്നെയാണ് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ വിജയത്തിന്‍റെ അടിത്തറ.
തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലെ വേഗത ഭരണരംഗത്തെ പ്രതിസന്ധികളെ തരണം ചെയ്യാൻ അദ്ദേഹത്തിന് ഏറെ സഹായകമായി. വിയോജിപ്പുകൾ മുഖത്തുനോക്കി പറഞ്ഞിരുന്ന തന്നോട് ഈ രീതി ഇഷ്ടമാണെന്നും അതുകൊണ്ടുതന്നെ വിശ്വാസമാണെന്നും കെ. മുരളീധരന്‍റെ പാർട്ടി പുനപ്രവേശനവുമായി ബന്ധപ്പെട്ട വേളയിൽ കരുണാകരൻ പറഞ്ഞത് ഓർമയിൽ സൂക്ഷിക്കുന്നതായി സുധീരൻ പറഞ്ഞു. ഡി.സി.സി പ്രസിഡണ്ട് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.