‘കാരുണ്യ’യിലും ഇനി കോവിഡ് ചികിത്സ
text_fieldsതിരുവനന്തപുരം: രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി (കാസ്പ്) സ്വകാര്യ ആശുപത്രികളിലും ഇനി കോവിഡ് ചികിത്സ. മാനേജ്മെൻറുമായി നടത്തിയ ചർച്ചകൾക്കുശേഷം ചികിത്സ നിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. ജനറൽ വാർഡിലെ ചികിത്സക്ക് പ്രതിദിനം 2300 രൂപ നൽകണം. ഹൈ ഡിപ്പെൻഡൻസി യൂനിറ്റിന് (എച്ച്.ഡി.യു) 3300 രൂപയാണ് പ്രതിദിന നിരക്ക്. വെൻറിലേറ്റർ സൗകര്യമില്ലാത്ത െഎ.സി.യുവിന് 6500 രൂപയും വെൻറിലേറ്ററോടു കൂടിയ െഎ.സി.യുവിന് 11,500 രൂപയുമാണ് നിരക്ക്.
കാരുണ്യപദ്ധതിയിൽ അംഗങ്ങളായവർക്കു പുറമെ സർക്കാർ ആശുപത്രികളിൽനിന്ന് റഫർ ചെയ്യുന്ന കേസുകൾക്കും ഇൗ നിരക്കാവും. സാധാരണ പനിക്കും ജലദോഷത്തിനുമുള്ള വാർഡ് അഡ്മിഷൻ നിരക്കാണ് കാസ്പിലും ആയുഷ്മാൻ ഭാരതിലും (എ.ബി-പി.എം.ജെ.എ.വൈ) ഉൾപ്പെടുത്തിയിട്ടുള്ളത്. െഎസൊലേഷൻ സ്വഭാവത്തിൽ കൈകാര്യം ചെയ്യേണ്ട ചെലവേറിയ ചികിത്സയാണ് കോവിഡിന് നൽകേണ്ടതെന്നതിനാൽ പാക്കേജ് അപര്യാപ്തമാണെന്ന് സ്വകാര്യ ആശുപത്രികൾ അറിയിച്ചിരുന്നു.
എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്ന കാപ്സ് അംഗങ്ങളുടെ ചെലവ് സർക്കാർ നേരിട്ട് ആശുപത്രികൾക്ക് നൽകും. കാരുണ്യ പദ്ധതിയിൽനിന്ന് ഇൻഷുറൻസ് ഏജൻസിയെ ഒഴിവാക്കി പകരം ‘അഷുറൻസ്’ സ്വഭാവത്തിൽ സർക്കാർ നേരിട്ട് നടത്തുന്ന സാഹചര്യത്തിലാണിത്. ചികിത്സ ചെലവ് ഇൻഷുറൻസ് ഏജൻസി െക്ലയിം പരിശോധിച്ച് ആശുപത്രികൾക്ക് നൽകുന്ന സമ്പ്രദായം സർക്കാർ അവസാനിപ്പിച്ചിരുന്നു.
കോവിഡ് കണക്ക് ൈകയിലൊതുങ്ങാതെ വർധിക്കുന്ന സാഹചര്യത്തിൽ നേരത്തേ തന്നെ സ്വകാര്യ ആശുപത്രികളുടെ സഹായം സർക്കാർ തേടിയിരുന്നു. സർക്കാർ-സ്വകാര്യ ആശുപത്രികളിലായി സംസ്ഥാനത്താകെ 127658 സാധാരണ കിടക്കകളും 8047 െഎ.സി.യു കിടക്കകളും 2029 വെൻറിലേറ്റർ കിടക്കകളുമാണുള്ളത്. ഇതിൽ 72380 സാധാരണ കിടക്കകളും 6664 െഎ.സി.യു കിടക്കകളും 1470 വെൻറിലേറ്റർ കിടക്കകളുമാണ് സ്വകാര്യ ആശുപത്രികളുടെ വിഹിതം. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ 42 ലക്ഷം അംഗങ്ങളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.