കാരുണ്യ: സർക്കാർ ആശുപത്രികൾക്ക് കുടിശ്ശിക 822 കോടി
text_fieldsതിരുവനന്തപുരം: കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ക്ലെയിം ഇനത്തിൽ സർക്കാർ ആശുപത്രികൾക്ക് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി നൽകാനുള്ളത് 822 കോടി രൂപ.
ശസ്ത്രക്രിയ സാമഗ്രികളുമടക്കം കാരുണ്യ വഴി മരുന്നും വാങ്ങിയ ഇനത്തിൽ തിരിച്ചടവിനുള്ള തുകയാണ് ഈ ഭീമമായ സംഖ്യ. കുടിശ്ശിക വീട്ടുന്നത് നീണ്ടാൽ ആശുപത്രികളിലേക്ക് മരുന്ന് നൽകുന്നത് വിതരണക്കാർ നിർത്തിവെക്കുമെന്നതാണ് പ്രതിസന്ധി. കാരുണ്യ പദ്ധതിയിൽ അംഗമായവർക്ക് മരുന്നും ചികിത്സയുമെല്ലാം സൗജന്യമാണ്. ഓരോ രോഗിക്കും ചികിത്സക്കായി ചെലവായ തുക ഇൻഷുറൻസ് നടത്തിപ്പിന് സർക്കാർ രൂപം നൽകിയ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി പിന്നീട് നൽകുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ചികിത്സ നൽകിയ ഇനത്തിലാണ് കുടിശ്ശിക കുമിഞ്ഞുകൂടിയത്.
സർക്കാർ ആശുപത്രികളിൽ നിലവിൽ തന്നെ വിലകൂടിയ മരുന്നുകളെല്ലാം പുറത്തുനിന്ന് എടുക്കാനാണ് കുറിപ്പടി നൽകുന്നത്. താരതമ്യേന വിലകുറഞ്ഞ മരുന്നുകൾ മാത്രമാണ് സർക്കാർ ആശുപത്രികളിലെ ഫാർമസികളിലുള്ളത്. ഇതുകൂടി നിലയ്ക്കുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
കാർഡിയോളജി, ഓർത്തോ വിഭാഗവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകൾക്കാവശ്യമായ സാമഗ്രികൾ മുൻകൂട്ടി വാങ്ങിയ ശേഷം പിന്നീട് പണം നൽകുകയാണ് ചെയ്യുന്നത്. കുടിശ്ശിക കൂടിയതിനെ തുടർന്ന് ഹൃദയ ശസ്ത്രക്രിയക്ക് ആവശ്യമായ സ്റ്റെന്റ്, കത്തീറ്റർ, വയർ എന്നിവയും അനുബന്ധ സാമഗ്രികളുടെയും വിതരണം കമ്പനികൾ പൂർണമായും നിർത്തിയതോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആൻജിയോപ്ലാസ്റ്റികൾ മുടങ്ങിയിരുന്നു. സമയം നിശ്ചയിച്ച് പണം നൽകാമെന്ന ഉറപ്പിലാണ് വിതരണം പുനരാരംഭിച്ചത്.
കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ ലിമിറ്റഡിന് (കെ.എം.എസ്.സി.എൽ) പുറമേ അത്യാവശ്യം മരുന്നുകൾ അതാത് ആശുപത്രി വികസന സമിതികളുടെ ഫണ്ടുപയോഗിച്ച് വാങ്ങാൻ സർക്കാർ മെഡിക്കൽ കോളജുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഈ തുക പിന്നീട് സമിതികൾക്ക് സർക്കാർ തിരികെ നൽകുമെന്നാണ് വ്യവസ്ഥ. ഇത്തരത്തിൽ മരുന്നുവാങ്ങിയ ഇനത്തിൽ വിവിധ മെഡിക്കൽ കോളജുകളിലെ ആശുപത്രി വികസന സമിതികൾക്ക് 16.92 കോടി രൂപ നൽകാനുണ്ട്.
കാരുണ്യ പദ്ധതി വഴി സൗജന്യ ചികിത്സ നൽകിയ ഇനത്തിൽ കുടിശ്ശിക വർധിച്ചതോടെ ഒക്ടോബർ ഒന്ന് മുതൽ പദ്ധതിയിൽ നിന്ന് പിൻമാറാനാണ് സ്വകാര്യ ആശുപത്രികളുടെ തീരുമാനം. ആരോഗ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച കണക്കനുസരിച്ച് 200 കോടിയാണ് സ്വകാര്യ ആശുപത്രികൾക്കുള്ള കുടിശ്ശിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.