അമ്മയെഴുത്ത് വെളിച്ചം കാണാതെ അമ്മ യാത്രയായി
text_fieldsചെറുവത്തൂർ: ശനിയാഴ്ച ചെമ്പ്രകാനത്ത് നിര്യാതയായ കരുവാച്ചേരി മീനാക്ഷിയമ്മ വിടപറഞ്ഞത് തന്റെ ആത്മകഥയായ ‘അമ്മയെഴുത്ത്’വെളിച്ചം കാണാതെ. പഠിച്ച ക്ലാസുകളിലത്രയും ആൺകുട്ടികളെ രണ്ടാമതാക്കി ഒന്നാം സ്ഥാനക്കാരിയായിരുന്നു മീനാക്ഷിയമ്മ.
മോളെ ടീച്ചറാക്കണമെങ്കിൽ കുഞ്ഞീനെ നോക്കാൻ വേലക്കാരിയെ വെക്കണമെന്ന വലിയമ്മയുടെ പരിഹാസം തന്റെ മനസ്സിന് ഏല്പിച്ച മുറിവ് ഇന്നും ഉണങ്ങിയിട്ടില്ലെന്ന് മീനാക്ഷിയമ്മ എപ്പോഴും പരാതിപ്പെടാറുണ്ടത്രെ. ഏഴാം ക്ലാസിൽ പാതിവഴിയിൽ പഠനം മുടങ്ങിയതിനെക്കുറിച്ച കദനകഥയാണ് 66ാം വയസ്സിൽ പഴയ ഒരു ഡയറി ബുക്കിൽ ആത്മകഥയായി എഴുതിത്തുടങ്ങിയത്. ഒന്നര വർഷം കൂടി പള്ളിക്കൂടത്തിലെ ബെഞ്ചിലിരുന്നിരുന്നെങ്കിൽ ലഭിക്കുമായിരുന്ന മികച്ച അധ്യാപികയെയാണ് വല്യമ്മയുടെ ശകാര വാക്കുകൾമൂലം നഷ്ടമായത്.
80ാം വയസ്സുവരെ മങ്ങിയകാഴ്ചയിൽപോലും മീനാക്ഷിയമ്മ വായന മുടക്കിയില്ല. വീട്ടമ്മയായ ഏറ്റവും വലിയ വായനക്കാരിയെന്ന വിശേഷണത്തോടെയാണ് അമ്മയെഴുത്തിന്റെ ആമുഖം. ഒയോളത്തെ വീടിനടുത്തുള്ള ലൈബ്രറിയിൽ മീനാക്ഷി വായിക്കാത്ത ഒരു പുസ്തകംപോലും ഉണ്ടാവില്ല. വലുപ്പംകൂടിയ നാടകവും നോവലും വായിച്ചുതീർക്കാൻ ഒന്നോ രണ്ടോ ദിവസം മാത്രം. വീട്ടുജോലിയും കാർഷികവൃത്തിയും ചെയ്യുന്നതിനിടയിലാണ് അതേ താൽപര്യത്തോടെ പുസ്തകങ്ങളും വായിച്ചുതീർത്തത്. ഏഴാം ക്ലാസിൽ പഠനം നിർത്തിയ മീനാക്ഷി അമ്മമ്മയോടൊപ്പം വയലിൽ പണിക്കിറങ്ങി. രണ്ടു വർഷം കൊണ്ടുതന്നെ മികച്ച കർഷകത്തൊഴിലാളിയെന്ന പേരും സ്വന്തമാക്കി. വായനയിലൂടെ സ്വായത്തമാക്കിയ ഹൃദയസ്പർശിയായ വാക്കുകൾകൊണ്ട് സമ്പന്നമാണ് അമ്മയെഴുത്തിലെ ഓരോ അധ്യായവും. അച്ഛന്റെയും അമ്മയുടെയും തീരുമാനങ്ങൾക്കു മുന്നിൽ തനിക്കു താഴെയുള്ള സഹോദരങ്ങളുടെ സംരക്ഷണത്തിനായി പഠനം നിർത്തേണ്ടിവന്ന പെൺകുട്ടിയുടെ, ജീവിത പ്രാരബ്ധങ്ങളാൽ ചെറുപ്രായത്തിൽതന്നെ പകലന്തിയോളം കഠിനമായ പണികളിൽ ഏർപ്പെടാൻ നിർബന്ധിതതായ യുവതിയുടെ പതിനാറു വയസ്സുവരെയുള്ള കഥയാണ് ആരുമറിയാതെ ഒരു വീട്ടമ്മ സ്വന്തം കൈപ്പടയിൽ ആത്മകഥയായി എഴുതിവെച്ചത്. യാദൃച്ഛികമായി വായിക്കാനിടയായ മകൻ ഒയോളം നാരായണൻ മാഷാണ് ആത്മകഥ പുസ്തകമാക്കുന്നതിനെക്കുറിച്ച് ആദ്യം സൂചിപ്പിച്ചത്.
അമ്മയെഴുത്ത് ആത്മകഥക്ക് ഒരാമുഖം എന്നപേരിൽ ഒയോളം മാഷ് തന്റെ ഫേസ് ബുക്കിലൂടെ പങ്കുവെച്ച കഥകൾ ആയിരക്കണക്കിന് പേരാണ് പങ്കുവെക്കുകയും പുസ്തകമായി പുറത്തിറക്കണമെന്ന് നിർബന്ധിക്കുകയും ചെയ്തത്. ഇനിയങ്ങോട്ടുള്ള കാര്യങ്ങൾ തുറന്നെഴുതിയാൽ അത് പലർക്കും വേദനയുണ്ടാക്കുന്നതായിരിക്കുമെന്നും അതുകൊണ്ട് താൻ കൂടുതലൊന്നും എഴുതുകയില്ലെന്നും എഴുതിയതുതന്നെ വേണ്ടാത്ത കാര്യമായിപ്പോയെന്നും തനി നാടൻഭാഷയിൽ പ്രതികരിച്ച അമ്മയെ ചേർത്തുപിടിച്ചാണ് മകൻ ആത്മകഥ പൂർത്തിയാക്കിയത്. പുസ്തകം പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിനിടയിലാണ് മീനാക്ഷിയമ്മയുടെ ആരോഗ്യം വഷളായതും യാത്ര പറഞ്ഞതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.