കരൂവന്നൂർ ബാങ്ക് തട്ടിപ്പ്: പണം മുഴുവനും വേണമെന്ന് നിക്ഷേപക; പൊലീസിൽ പരാതി
text_fieldsതൃശൂർ: തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്കിലെ നിഷേപം പൂർണമായും വേണമെന്ന് നിക്ഷേപക. ബാങ്കിൽ നിന്നും ഗഡുക്കളായി പണം നൽകുന്നതിനെതിരെ ഇവർ പൊലീസിൽ പരാതി നൽകി. ഇരിങ്ങാലക്കുട സ്വദേശി നിഷ ബാലകൃഷ്ണനാണ് പരാതി നൽകിയത്.
എല്ലാ ആഴ്ചയും പണത്തിനായി ബാങ്കിന് മുന്നിൽ കാത്തുനിൽക്കാനാവില്ല. സർക്കാറിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ നിക്ഷേപകരുടെ പണം നഷ്ടപ്പെടാതിരിക്കാൻ നടപടി തുടങ്ങിയെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ അറിയിച്ചിരുന്നു. നിക്ഷേപക ഗ്യാരന്‍റി സ്കീം പ്രകാരമുള്ള പാക്കേജ് ആണ് ആലോചിക്കുന്നത്. തട്ടിപ്പ് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ പാക്കേജ് സംബന്ധിച്ച നടപടി തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ഒരു പ്രൈമറി സംഘത്തിൽ എന്തെങ്കിലും സാമ്പത്തിക പ്രശ്നം ഉണ്ടായാൽ അത് മറികടക്കാൻ മുമ്പ് ത്രീ ടെയർ സംവിധാനം നിലനിന്നിരുന്നു. പ്രൈമറി സംഘങ്ങൾക്ക് കേരള ബാങ്കിന്‍റെ അംഗീകാരം ഉണ്ട്. നിക്ഷേപക ഗ്യാരന്‍റി സ്കീം വഴി സഹായം മുമ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി വാസവൻ നിയമസഭയെ അറിയിച്ചു.
കരുവന്നൂർ ബാങ്കിൽ 104.24 കോടിയുടെ തട്ടിപ്പ് നടന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്താൻ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ക്രമക്കേട് നടത്തിയ ഒരാളുപോലും ഇപ്പോൾ ബാങ്കിലില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.