കരുവന്നൂർ ബാങ്ക്: ഭരണ സമിതി അംഗങ്ങൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
text_fieldsതൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് ഭരണസമിതി അംഗങ്ങളെയും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി.
ഇവരിൽനിന്ന് തെളിവുകളും മൊഴികളും ശേഖരിച്ചശേഷം ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
ബാങ്ക് മുൻ പ്രസിഡൻറ് മാടായിക്കോണം കട്ടിലപ്പറമ്പിൽ വീട്ടിൽ കെ.കെ. ദിവാകരൻ, ഭരണസമിതി അംഗങ്ങളായിരുന്ന മാപ്രാണം ചക്രംപുള്ളി വീട്ടിൽ ജോസ് ചക്രംപുള്ളി, തളിയക്കോണം തൈവളപ്പിൽ ബൈജു, പൊറത്തിശ്ശേരി വാക്കയിൽ വീട്ടിൽ ലളിതൻ എന്നിവരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയത്. ഒരാഴ്ച മുമ്പാണ് ഇവരെ വീടുകളിൽനിന്ന് അറസ്റ്റ് ചെയ്തത്. പ്രസിഡൻറ് ഉൾപ്പെടെ 12 ഭരണസമിതി അംഗങ്ങളെയും ക്രൈംബ്രാഞ്ച് പ്രതി ചേർത്തിട്ടുണ്ട്.
നേരത്തെ ബാങ്ക് സെക്രട്ടറി ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.
തട്ടിപ്പിലെ ഗൂഢാലോചനയും ഉദ്യോഗസ്ഥർക്ക് സൗകര്യങ്ങൾ ഒരുക്കിയതും മറ്റുമാണ് ഭരണസമിതി അംഗങ്ങൾക്കെതിരായ ആക്ഷേപങ്ങൾ. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിൽ ലഭിച്ചേക്കുെമന്നാണ് കരുതുന്നത്.
ബൈജുവാണ് ഉദ്യോഗസ്ഥരുടെ തട്ടിപ്പിന് ഭരണസമിതിയിൽനിന്ന് പിന്തുണ നൽകിയതെന്ന് ആക്ഷേപമുണ്ട്.
100 കോടിയിലേറെ രൂപയുടെ വായ്പ ക്രമക്കേടും സൂപ്പർ മാർക്കറ്റ്, കുറി, സാധനങ്ങൾ വാങ്ങിയത് തുടങ്ങി മറ്റ് ക്രമക്കേടുകൾ വേറെയുമുണ്ട്.
ചട്ടങ്ങൾ ലംഘിച്ചും നിയമവിരുദ്ധമായും വൻതോതിൽ വായ്പ അനുവദിക്കുകയായിരുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം പേരിൽ വ്യാജ രേഖകളുണ്ടാക്കി പണം തട്ടിയെടുത്തിട്ടുണ്ട്.
ഓരോ വായ്പാ ഇടപാടുകളും ഓരോ കേസുകളാക്കി മാറ്റി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാണ് ആലോചിക്കുന്നത്. രേഖകൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുകയാണ്.
ബാങ്കിൽ കമീഷൻ ഏജൻറായിരുന്ന കിരണിനെയും എട്ട് ഭരണ സമിതി അംഗങ്ങളെയും ഇനി അറസ്റ്റ് ചെയ്യാനുണ്ട്. ഇതിൽ മൂന്നുപേർ വനിതകളാണ്. ഇവരുടെ മുൻകൂർ ജാമ്യഹരജി ഹൈകോടതിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.