കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട് കേസ്: സി.പി.എം കൗൺസിലർ മധുവടക്കം മൂന്നുപേരെ ചോദ്യം ചെയ്തു
text_fieldsകൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ വടക്കാഞ്ചേരി നഗരസഭയിലെ സി.പി.എം കൗൺസിലർ മധു അമ്പലപുരം ഉൾപ്പെടെ മൂന്നുപേരെക്കൂടി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യംചെയ്തു. കേസിലെ ഒന്നാംപ്രതി സതീഷ് കുമാറിന്‍റെ സഹോദരൻ ശ്രീജിത്, ചാർട്ടേഡ് അക്കൗണ്ടന്‍റ് സനൽകുമാർ എന്നിവരാണ് ബുധനാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫിസിൽ വിളിച്ചുവരുത്തി ചോദ്യംചെയ്ത മറ്റുള്ളവർ.
ചോദ്യംചെയ്യലുകൾ മണിക്കൂറുകളോളം നീണ്ടു. സതീഷ് കുമാർ പലരുമായി സാമ്പത്തിക ഇടപാടുകൾ നടത്തുകയും പല അക്കൗണ്ടുകളിലേക്കും പണം നിക്ഷേപിക്കുകയും ചെയ്തിരുന്നു. അത്തരത്തിൽ മധുവിന്‍റെ പേരിലും ഇയാൾ നിക്ഷേപം നടത്തിയെന്നാണ് ഇ.ഡി കണ്ടെത്തൽ. ഇതിൽ വ്യക്തത വരുത്താനാണ് മധുവിനെ വിളിപ്പിച്ചത്. രാവിലെ 10ന് ഹാജരാകാനായിരുന്നു നോട്ടീസെങ്കിലും ഉച്ചകഴിഞ്ഞ് മൂന്നിനാണ് എത്തിയത്.
അതേസമയം, കഴിഞ്ഞ രണ്ടുദിവസവും ആവശ്യപ്പെട്ടെങ്കിലും തൃശൂരിലെ ജ്വല്ലറി ഉടമ സുനിൽകുമാർ ഇനിയും ഹാജരായിട്ടില്ല. ഇദ്ദേഹം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതായാണ് വിവരം. ശ്രീജിത്തിനെ തുടർച്ചയായ രണ്ടാംദിവസമാണ് ചോദ്യംചെയ്തത്. സതീഷ് ഹവാല ശൃംഖല വഴി വിദേശത്തേക്ക് പണം കടത്തിയെന്നും പലരുടെയും വ്യവസായങ്ങളിൽ നിക്ഷേപം നടത്തിയെന്നും ഇ.ഡി കണ്ടെത്തലുണ്ട്. ഇതിൽ ശ്രീജിത്തിന്‍റെ ബിസിനസും ഉൾപ്പെട്ടിട്ടുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം. ഇതിനെക്കുറിച്ച് അറിയാനാണ് ഇയാളെ ചോദ്യംചെയ്യുന്നത്. സതീഷിന്‍റെ ഇടപാടുകളെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് സനൽകുമാറിനെ വിളിപ്പിച്ചത്.
അതേസമയം, സി.പി.എം സംസ്ഥാന സമിതി അംഗം എം.കെ. കണ്ണനോട് വീണ്ടും വ്യാഴാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞമാസം 29ന് കണ്ണന്‍ ചോദ്യംചെയ്യലിന് ഹാജരായിരുന്നു. ചോദ്യം ചെയ്യലുമായി ഇദ്ദേഹം സഹകരിക്കുന്നില്ലെന്നും മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നും ഇ.ഡി പറഞ്ഞിരുന്നു. എന്നാല്‍, ഇത് കണ്ണന്‍ നിഷേധിക്കുകയായിരുന്നു.
കേസിലെ മുഖ്യപ്രതികളായ സതീഷ് കുമാർ, പി.പി. കിരൺ എന്നിവരുടെ റിമാൻഡ് കാലാവധി ഒക്ടോബർ 17വരെ നീട്ടിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.