കരുവന്നൂർ ബാങ്ക്: കള്ളപ്പണം വെളുപ്പിച്ച കേസിൽ സി.പി.എം നേതാവ് അറസ്റ്റിൽ
text_fieldsകൊച്ചി: കരുവന്നൂർ സഹ.ബാങ്ക് ബിനാമി വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭ കൗൺസിലറും സി.പി.എം നേതാവുമായ പി.ആർ. അരവിന്ദാക്ഷനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനുമായ അരവിന്ദാക്ഷനെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് അറസ്റ്റ് ചെയ്തത്. ബാങ്കിലെ മുൻ ചീഫ് അക്കൗണ്ടന്റ് സി.കെ. ജിൽസും അറസ്റ്റിലായിട്ടുണ്ട്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. ഇ.ഡിയുടെ കസ്റ്റഡി ഹരജി ബുധനാഴ്ച പരിഗണിക്കും. കേസിൽ നാലുപേരാണ് ഇതുവരെ അറസ്റ്റിലായത്.
വടക്കാഞ്ചേരിയിലെ വീട്ടിലെത്തിയാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത്. കൊച്ചിയിലെ ഇ.ഡി ഓഫിസിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കരുവന്നൂർ കേസിൽ ആദ്യമായാണ് സി.പി.എം നേതാവ് അറസ്റ്റിലാകുന്നത്. തട്ടിപ്പു കേസിൽ ഇ.ഡി കൂടുതൽ കടുത്ത നടപടിയിലേക്ക് നീങ്ങുന്നെന്ന സൂചനയാണിത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുൻ മന്ത്രി എ.സി. മൊയ്തീൻ എം.എൽ.എ, കേരള ബാങ്ക് വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ എം.കെ. കണ്ണൻ എന്നിവരെ ഓരോ തവണ ചോദ്യം ചെയ്തിരുന്നു. വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുകയുമാണ്.
തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡിക്ക് ഏറ്റവും കൂടുതൽ വിവരങ്ങൾ കൈമാറിയ രണ്ടുപേരാണ് പാർട്ടി അത്താണി ലോക്കൽ കമ്മിറ്റി അംഗമായ അരവിന്ദാക്ഷനും ഇടനിലക്കാരനായ കെ.എ. ജിജോറും. ഇവരുടെ മൊഴികളുടെയും കൈമാറിയ തെളിവുകളുടെയും ബലത്തിലാണ് വായ്പ ഇടപാടുകളിലെ ബിനാമിയായ സതീഷ് കുമാർ, രണ്ടാം പ്രതി ബാങ്ക് മുൻ ജീവനക്കാരൻ പി.പി. കിരൺ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തത്. ജിജോറാണ് അരവിന്ദാക്ഷനെതിരെ വ്യക്തമായ മൊഴി നൽകിയതും. ഇതേതുടർന്ന് ഇയാളെ അരവിന്ദാക്ഷൻ ഭീഷണിപ്പെടുത്തിയതായും ഇ.ഡി പറയുന്നു.
എ.സി. മൊയ്തീന്റെ വിശ്വസ്തനായ അരവിന്ദാക്ഷന് നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷനുമാണ്. സതീഷുമായി അടുത്ത ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ എം.കെ. കണ്ണനും സമ്മതിച്ചിരുന്നു. കണ്ണനുമായി ബന്ധപ്പെട്ട ഇനിയുള്ള നടപടികൾ മൊയ്തീനെ സംബന്ധിച്ചും നിർണായകമാണ്. ചോദ്യചെയ്യലിനിടെ ഇ.ഡി ഉദ്യോഗസ്ഥർ മർദിച്ചെന്ന് ആരോപിച്ച് അരവിന്ദാക്ഷൻ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. മുളവടികൊണ്ടു തുടർച്ചയായി മർദിച്ചെന്നും കുനിച്ചുനിർത്തി കഴുത്തിലിടിച്ചെന്നുമടക്കം അരവിന്ദാക്ഷൻ മൊഴി നൽകിയെങ്കിലും പരാതിയിൽ കഴമ്പില്ലെന്നാണ് ഇ.ഡി നിലപാട്. പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും കേസെടുത്തുമില്ല.
ബാങ്ക് മുൻ ചീഫ് അക്കൗണ്ടന്റ് സി.കെ. ജിൽസ് കരുവന്നൂര്‍ തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിലും പ്രതിയായിരുന്നു. അറസ്റ്റിലായ ജിൽസ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ, കേസില്‍ തന്നെ കുടുക്കിയതാണെന്നും ഭരണസമിതി അംഗങ്ങളും സെക്രട്ടറിയും പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്നും വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.