കരുവന്നൂർ ബാങ്കിലെ ഇ.ഡി പരിശോധന പുലരും വരെ
text_fieldsതൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പരിശോധന പുലരും വരെ നീണ്ടു. 20 മണിക്കൂറോളം ഇടവേളയില്ലാത്ത വിധത്തിലായിരുന്നു പരിശോധന. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ സംഘം ശേഖരിച്ചു. ബുധനാഴ്ച രാവിലെ എട്ടോടെ ബാങ്ക് ആസ്ഥാനത്തും പ്രതികളുടെ വീടുകളിലും എത്തിയ ഇ.ഡി സംഘം വ്യാഴാഴ്ച പുലർച്ച 3.45നാണ് പരിശോധന അവസാനിപ്പിച്ചത്.
സുരക്ഷ കണക്കിലെടുത്ത് ആയുധധാരികളായ കേന്ദ്രസേനയെ നിയോഗിച്ചിരുന്നു. എൻഫോഴ്സ്മെൻറ് വിഭാഗം, സാക്ഷികൾ, സുരക്ഷാസേന എന്നിവരടക്കം 80ഓളം പേരാണ് പരിശോധനക്കെത്തിയത്. മുഖ്യപ്രതികളുടെ വീടുകളിലെ പരിശോധന വൈകീട്ട് അവസാനിപ്പിച്ചെങ്കിലും റബ്‌കോ ഏജന്റായിരുന്ന ബിജോയുടെ വീട്ടിലെ പരിശോധന രാത്രി 11വരെ നീണ്ടു. പ്രതികളുടെ വീട്ടിൽനിന്ന് വിവിധ ആധാരങ്ങളും കരാർ പത്രങ്ങളും സാമ്പത്തിക ഇടപാട് രേഖകളുടെ പകർപ്പും ശേഖരിച്ചു. വീട്ടുകാരിൽനിന്നും വിവരശേഖരണം നടത്തി.
തട്ടിപ്പുനടന്ന കാലയളവിൽ ബാങ്കിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളുടെ രേഖകളും സംഘം പരിശോധിച്ചു. ബാങ്കിനും ബിജോയിയുടെ വീടിനും പുറമെ മുൻ സെക്രട്ടറി സുനിൽ കുമാർ, മുൻ ശാഖ മാനേജർ ബിജു കരീം, മുൻ പ്രസിഡന്റ് കെ.കെ. ദിവാകരൻ എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.