കരുവന്നൂർ ബാങ്ക് തട്ടിപ്പ്: വ്യാജ വായ്പകൾ കണ്ടെത്താൻ വിവര ശേഖരണത്തിന് ക്രൈംബ്രാഞ്ച്
text_fieldsതൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് വായ്പയെടുത്തവരുടെയെല്ലാം മൊഴിയെടുക്കാനൊരുങ്ങി അന്വേഷണ സംഘം. ഇതിനുള്ള നടപടികൾ ക്രൈംബ്രാഞ്ച് ആരംഭിച്ചു. പ്രതി ചേർത്ത ഭരണസമിതി അംഗങ്ങൾക്കെതിരെ കൂടുതൽ തെളിവ് ശേഖരിക്കാനും വ്യാജ വായ്പകൾ കണ്ടെത്താനുമാണ് നടപടി. വായ്പയെടുത്ത മുഴുവൻ ആളുകളുടെയും മൊഴി ശേഖരിക്കാനാണ് നീക്കം. ഇതിൽ പ്രധാനമായും സഹകരണ വകുപ്പ് ക്രമക്കേടായും സംശയമായും കണ്ടെത്തിയ വായ്പകളിലാണ്. വായ്പയുമായി ബന്ധപ്പെട്ട് ബാങ്കിലുള്ള രേഖകളും വായ്പയെടുത്ത വ്യക്തിയുടെ കൈയിലുള്ള രേഖകളും പരിശോധിക്കും. എല്ലാ രേഖകളും പരിശോധിക്കുന്നതോടെ ഉടമ അറിയാതെ കൂടുതൽ വായ്പയെടുത്തിട്ടുണ്ടോ എന്നതിൽ വ്യക്തത ലഭിക്കും.
വ്യാജ വായ്പകളുടെ വ്യാപ്തി കണ്ടെത്തുന്നതോടെ കൂടുതൽ തട്ടിപ്പുകൾ കണ്ടെത്താനാവുമെന്നാണ് കരുതുന്നത്. 104 കോടിയുടെ വായ്പ ക്രമക്കേടാണ് നിലവിൽ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതെങ്കിലും വിശദമായ പരിശോധന ആവശ്യമുണ്ടെന്ന് സഹകരണ വകുപ്പ് നിർദേശിച്ചിരുന്നു.
വായ്പയെടുത്തവരിൽനിന്നുള്ള വിവര ശേഖരണവും രേഖകളുടെ പരിശോധനയും പൂർത്തിയാക്കുന്നതോടെ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. ഇതോടെ പ്രതി ചേർത്ത ഭരണസമിതി അംഗങ്ങൾക്കെതിരെയും ഇത് ശക്തമായ തെളിവായി മാറും. വായ്പയനുവദിച്ചതിൽ ഭരണസമിതി ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നും വ്യാജ ഒപ്പിട്ടാണ് ഉദ്യോഗസ്ഥർ ചട്ടവിരുദ്ധ വായ്പകൾ അനുവദിച്ചെതെന്നുമാണ് സഹകരണ വകുപ്പിെൻറ കണ്ടെത്തൽ. ചട്ടവിരുദ്ധമായി വായ്പയനുവദിച്ചത് സംബന്ധിച്ച് ഭരണസമിതിക്കെതിരെ ഗുരുതര കണ്ടെത്തലാണ് ബാങ്കിെൻറ രണ്ട് ഓഡിറ്റിലുള്ളത്.
വായ്പ അനുവദിച്ച രേഖകളിൽ ഭരണസമിതി അംഗങ്ങൾ ഒപ്പിട്ടിട്ടുണ്ടോയെന്നും ഇത് യഥാർഥമാണോയെന്നും പരിശോധിക്കുകയാണ് അന്വേഷണസംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.