കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പി.കെ. ബിജുവിനെ വീണ്ടും ഇ.ഡി ചോദ്യം ചെയ്യും; തിങ്കളാഴ്ച ഹാജരാകണം
text_fieldsകൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ എം.പിയുമായ പി.കെ. ബിജുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാൻ ഇ.ഡി നിർദേശിച്ചിട്ടുണ്ട്.
ഇന്ന് പി.കെ. ബിജുവിനെ എട്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് ബിജു കൊച്ചിയിലെ ഇ.ഡി ഓഫിസിലെത്തിയത്. വൈകീട്ട് ഏഴോടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യങ്ങൾക്കെല്ലാം കൃത്യമായി മറുപടി നൽകിയെന്നാണ് ചോദ്യം ചെയ്യലിനുശേഷം പുറത്തിറങ്ങിയ ബിജു മാധ്യമങ്ങളോട് പറഞ്ഞത്.
ബിജുവിന് കേസിലെ മുഖ്യപ്രതി സതീഷ്കുമാർ 2020ൽ അഞ്ചുലക്ഷം രൂപ നൽകിയതായി കേസിൽ നേരത്തേ അറസ്റ്റിലായ സി.പി.എം നേതാവ് പി.ആർ. അരവിന്ദാക്ഷൻ മൊഴി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബിജുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
കേസിൽ കൂടുതൽ സി.പി.എം നേതാക്കളെ ചോദ്യം ചെയ്യുന്നതിന്‍റെ ഭാഗമായാണ് ബിജുവിന് നോട്ടീസ് അയച്ചത്. ഇതോടൊപ്പം തൃശൂർ കോർപറേഷനിലെ സി.പി.എം കൗൺസിലറും സി.പി.എം തൃശൂർ ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ. ഷാജനും വെള്ളിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. ബാങ്ക് തട്ടിപ്പ് അന്വേഷിക്കാൻ സി.പി.എം നിയോഗിച്ച സമിതിയിലെ അംഗങ്ങളായിരുന്നു ഇരുവരും. സമിതിയുടെ കണ്ടെത്തൽ, കേസിലെ പ്രതികളുമായുള്ള സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ബിജുവിൽനിന്ന് ഇ.ഡി പ്രധാനമായും തേടിയത്.
സി.പി.എം തൃശൂർ ജില്ല സെക്രട്ടറി എം.എം. വർഗീസിന് വെള്ളിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. ഈ മാസം മൂന്നിന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന 26നു ശേഷം ഹാജരാകാമെന്നാണ് വർഗീസ് അറിയിച്ചത്. ഇത് തള്ളിയാണ് ഇ.ഡി പുതിയ നോട്ടീസ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.