കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ചോദ്യം ചെയ്യൽ എം.കെ. കണ്ണനിൽ ഒതുങ്ങില്ല; മൊഴികൾ നിർണായകമാകും
text_fieldsതൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ കൂടുതൽ നേതാക്കളിലേക്ക് ഇ.ഡി അന്വേഷണം നീളുമെന്ന് സൂചന. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് ചെയർമാനുമായ എം.കെ. കണ്ണനിലേക്ക് അന്വേഷണം എത്തിയതോടെ കേസ് നിർണായക ഘട്ടത്തിലാണെന്ന സൂചനയാണ് ഇ.ഡി വൃത്തങ്ങൾ നൽകുന്നത്.
കണ്ണന്റെ മൊഴികൾ കേസിൽ നിർണായകമാകും. കരുവന്നൂര് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രാദേശിക നേതാക്കളെ കൂടാതെ നേരത്തെ മുന്മന്ത്രി എ.സി. മൊയ്തീനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. കണ്ണനെ കൂടാതെ അടുത്ത ദിവസം തന്നെ ഇ.ഡി പരിശോധന നടത്തിയ അയ്യന്തോൾ സഹകരണ ബാങ്ക് പ്രസിഡന്റ് രവീന്ദ്രനാഥിനെയും വിളിപ്പിക്കുമെന്നാണ് പറയുന്നത്. എം.കെ. കണ്ണൻ പ്രസിഡന്റായ തൃശൂർ സർവിസ് സഹകരണ ബാങ്കിലാണ് കേസിലെ മുഖ്യപ്രതി സതീഷ് കുമാർ മിക്ക ഇടപാടും നടത്തിയത്.
കോടികളുടെ ഇടപാട് രേഖകൾ ഈ ബാങ്കിൽ കഴിഞ്ഞദിവസം നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ തേടാനാണ് കണ്ണനെ തിങ്കളാഴ്ച വിളിച്ചുവരുത്തിയത്. ഇ.ഡി പരിശോധന നടത്തിയ പിറ്റേന്ന് തന്നെ സെക്രട്ടറിയെ വിളിച്ചുവരുത്തിയത് കൂടാതെയാണ് കണ്ണനെ തന്നെ ചോദ്യം ചെയ്തത്. കരുവന്നൂർ ബാങ്കിൽ നിന്ന് 27 കോടിയിലേറെ ബിനാമി വായ്പയായി തട്ടിയ പി.പി. കിരണും സതീഷ് കുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാടാണ് ഇപ്പോൾ ഇ.ഡി അന്വേഷിക്കുന്നത്.
കിരണിന് കരുവന്നൂരിൽ നിന്ന് വായ്പ ലഭിക്കാൻ ഒന്നരകോടി രൂപയുടെ നിക്ഷേപം കൊണ്ടുവരണമെന്ന് തട്ടിപ്പിലെ പ്രധാനപ്രതിയും മുൻ ബാങ്ക് മാനേജറുമായ ബിജു കരീം ആവശ്യപ്പെട്ടിരുന്നു. ഈ തുക നൽകിയത് സതീഷ് കുമാറായിരുന്നു. ഈ തുക സതീഷ് കുമാർ കൈമാറിയത് കണ്ണൻ പ്രസിഡന്റായ തൃശൂർ സഹകരണബാങ്കിൽ നിന്നായിരുന്നു.
ഈ അക്കൗണ്ട് ട്രാൻസ്ഫർ രേഖകൾ നേരത്തെ ഇ.ഡി പിടിച്ചെടുത്തിരുന്നു. അയ്യായിരത്തോളം ഇടപാട് രേഖകളാണ് സംശയകരമായി ഇ.ഡി അന്ന് പരിശോധനയിൽ കണ്ടെടുത്തത്. ഈ പണമാണ് പിന്നീട് പിൻവലിക്കാനെത്തിയപ്പോൾ സതീഷ് കുമാർ അറിയാതെ ബിജുകരീമും കിരണും കൂടി വക മാറ്റിയത്. ഇതേ തുടർന്ന് സതീഷ് കുമാറും കിരണും തമ്മിൽ തർക്കമുണ്ടാവുകയും എ.സി. മൊയ്തീനോടും കണ്ണനോടും പരാതിപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ഇവരെ ഇരിങ്ങാലക്കുടയിലെ റിട്ട. ഡിവൈ.എസ്.പി വിളിച്ചു വരുത്തി സംസാരിച്ചിരുന്നു. പിന്നാലെ സതീഷ് കുമാറിന് ഒന്നരകോടിക്ക് പകരം പലിശയടക്കം മൂന്നര കോടി നൽകിയാണ് അവസാനിപ്പിച്ചത്. ഈ തുക നൽകിയത് കരുവന്നൂർ ബാങ്കിൽ നിന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.