കരുവന്നൂർ ബാങ്ക് തട്ടിപ്പ്: നാട്ടുകാർക്ക് പിന്നാലെ ആറു പ്രതികൾക്കായി പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്
text_fieldsതൃശൂർ: കോടികളുടെ കൊള്ള നടന്ന കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികൾക്കായി ക്രൈംബ്രാഞ്ച് തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളെ പിടികൂടിയെന്നും ഇല്ലെന്നുമുള്ള വിവാദങ്ങൾക്കും പ്രതികളെ പിടികൂടാത്തതിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾക്കും പിന്നാലെയാണ് സംസ്ഥാന ക്രൈംബ്രാഞ്ച് തൃശൂർ യൂനിറ്റ് വെള്ളിയാഴ്ച തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചത്.
ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാർ (58), മുൻ ബ്രാഞ്ച് മാനേജർ എം.കെ. ബിജു കരീം (45), മുൻ സീനിയർ അക്കൗണ്ടൻറ് ജിൽസ് (43), ബാങ്ക് അംഗം കിരൺ (31), ബാങ്കിെൻറ മുൻ റബ്കോ കമീഷൻ ഏജൻറ് ബിജോയ് (47), ബാങ്ക് സൂപ്പർമാർക്കറ്റ് മുൻ അക്കൗണ്ടൻറ് റെജി അനിൽ (43) എന്നിവർക്കായാണ് നോട്ടീസ് പുറപ്പെടുവിച്ചത്. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളായ ഇവർ ഒളിവിലാണെന്ന് നോട്ടീസിൽ പറയുന്നു. പ്രതികൾ രാജ്യം വിട്ടേക്കുമെന്ന സൂചന ശക്തമായിരിക്കെയാണ് നടപടി. വിമാനയാത്രക്ക് പ്രതികൾ ശ്രമിച്ചാൽ തടയാൻ എമിഗ്രേഷൻ വകുപ്പിന് ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയിട്ടുണ്ട്. ഇടനിലക്കാരൻ കിരൺ നേരത്തെ വിദേശത്തേക്ക് കടന്നെന്നാണ് നിഗമനം.
തിരച്ചിൽ നോട്ടീസ് ഇറക്കാൻ കാലതാമസം ഉണ്ടായിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരണം. നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സ്വാഭാവികമായ താമസം ഉണ്ടാകുമെന്നും അന്വേഷണ സംഘം പറയുന്നു. ബാങ്കിലെ രേഖകൾ പരിശോധിക്കുന്നത് തുടരുകയാണ്. ആയിരക്കണക്കിന് രേഖകൾ പരിശോധിക്കാനുണ്ട്. ഇത് ശ്രമകരമാണെന്നും സമയമെടുക്കുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. പ്രതികളുടെ വീടുകളിൽനിന്ന് കണ്ടെടുത്ത ലാപ്ടോപ്പും കമ്പ്യൂട്ടറും ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ പരിശോധിക്കുന്നുണ്ട്.
അന്വേഷണത്തിെൻറ തുടക്കം മുതൽ പൊലീസ് പ്രതികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് വിമർശനമുയർന്നിരുന്നു. എന്നാൽ, തട്ടിപ്പ് കേസിൽ മതിയായ തെളിവുകളില്ലെങ്കിൽ കോടതിയിൽനിന്ന് ജാമ്യം ലഭിക്കാനിടയാകുമെന്നും തെളിവുകൾ ശേഖരിക്കുന്നതിലാണ് ശ്രദ്ധിക്കുന്നതെന്നായിരുന്നു അന്വേഷണസംഘം പറഞ്ഞിരുന്നത്. പ്രതികളെ പിടികൂടാൻ ൈവകുന്നതിനെതിരെ കോൺഗ്രസും ബി.ജെ.പിയും ശക്തമായി രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം കരുവന്നൂരിലെ നാട്ടുകാർ ചേർന്ന് പ്രതികളുടെ ഫോേട്ടാകൾ വെച്ച് പ്രതീകാത്മക തിരച്ചിൽ നോട്ടീസ് പുറത്തിറക്കിയിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇത് വ്യാപകമായി പ്രചരിച്ചതോടെ പൊലീസിന് മേൽ കടുത്ത സമ്മർദമായി. ഇതോടെയാണ് ഔദ്യോഗികമായി നോട്ടീസ് പുറപ്പെടുവിച്ചതെന്ന് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.