കരുവന്നൂർ ബാങ്ക് ക്രമക്കേട്: അന്വേഷണം ഇഴയുന്നതിൽ വിമർശനം; ഇ.ഡി. എന്താണ് ചെയ്യുന്നതെന്ന് ഹൈകോടതി
text_fieldsകൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇ.ഡി) ഹൈകോടതിയുടെ രൂക്ഷ വിമർശനം. കരുവന്നൂർ കേസിൽ അന്വേഷണം ഇഴയാൻ പാടില്ലെന്നും ഇ.ഡി. എന്താണ് ചെയ്യുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
സ്വത്തുക്കൾ കണ്ടുകെട്ടിയെന്നും അക്കൗണ്ടുകൾ മരവിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി അലി സ്രാബി സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ഹൈകോടതിയുടെ നിരീക്ഷണം. അലി സ്രാബിയുടെ കേസുമായി ബന്ധപ്പെട്ട് വിചാരണ കോടതിയിൽ സമർപ്പിച്ച കുറ്റപത്രം ഹാജരാക്കാനും കോടതി നിർദേശം നൽകി.
കേസിന്‍റെ അന്വേഷണം എല്ലായ്പോഴും നീട്ടാൻ പറ്റില്ല. നിക്ഷേപകരടക്കം അനേകം ആളുകളെ ബാധിക്കുന്ന വിഷയമാണിത്. അവർക്ക് എന്ത് ഉറപ്പാണ് കൊടുക്കുക. ഒരു അന്വേഷണ ഏജൻസി കാര്യപ്രാപ്തി തെളിയിക്കേണ്ടത് നടപടികളിലൂടെയാണ്. അന്വേഷണത്തിന് ഒരു സമയക്രമം ഉണ്ടാകണമെന്നും ഹൈകോടതി വ്യക്തമാക്കി.
കരുവന്നൂർ കേസിന്‍റെ അന്വേഷണം സമയബന്ധിതമായി മുന്നോട്ടു പോകുന്നുണ്ടെന്നും നിരവധി പേരെ അറസ്റ്റ് ചെയ്തെന്നും ഇ.ഡി കോടതിയെ അറിയിച്ചു. കോടതിയുടെ ഇടപെടലുകൾ അന്വേഷണത്തിന്‍റെ വേഗം കുറക്കുന്നു. സഹകരണ രജിസ്ട്രാറെ അടക്കം ചോദ്യം ചെയ്യുന്നതിൽ കോടതിയുടെ ഇടപെടലുണ്ടായി. സമൻസിനെതിരെ രജിസ്ട്രാർ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി. സ്റ്റേ നീക്കാൻ കോടതിയെ സമീപിക്കുമെന്നും ഇ.ഡി വ്യക്തമാക്കി. കേസ് രണ്ടാഴ്ചക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.