കരുവന്നൂര്‍ ബാങ്ക്: മന്ത്രി ആര്‍. ബിന്ദു മരിച്ച വ്യക്തിയെ അപമാനിച്ചു, മാപ്പ് പറയണമെന്ന് വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം ചികിത്സക്ക് കിട്ടാതെ മരിച്ച വ്യക്തിയെ മന്ത്രി ആര്‍. ബിന്ദു അപമാനിച്ചെന്നും പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്വന്തം പണം ബാങ്കില്‍ ഉണ്ടായിട്ടും മതിയായ ചികിത്സ നല്‍കാന്‍ സാധിക്കാതിരുന്നതിലുള്ള ദുഃഖവും പ്രതിഷേധവും അധികൃതരെ അറിയിക്കാനാണ് കുടുംബം മൃതദേഹവുമായി സമരം നടത്തിയത്. അതിനെ രാഷ്ട്രീയ മുതലെടുപ്പെന്ന് പറഞ്ഞ് മന്ത്രി അപമാനിച്ചു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണിതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
പല ബാങ്കിലും ഇത്തരം സംഭവങ്ങളുണ്ട്. പലരും ആത്മഹത്യയുടെ വക്കിലാണ്. സ്ഥലംവിറ്റതും പെന്‍ഷന്‍ കിട്ടിയതും മക്കളുടെ വിവാഹത്തിന് സമ്പാദിച്ചതും അടക്കമുള്ള പണമാണ് ബാങ്കില്‍ നിക്ഷേപിച്ചത്. ജനങ്ങള്‍ അനിശ്ചിതത്വത്തില്‍ നില്‍ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടേണ്ടതല്ലേ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതക്ക് മങ്ങലേല്‍പ്പിക്കുമെന്നതിനാലാണ് പ്രതിപക്ഷം രാഷ്ട്രീയ വിഷയമായി ഉയർത്താതിരുന്നത്. പറയാതിരിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
കെ.ടി. ജലീലിന് വിശ്വാസ്യത ഇല്ലാതായെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി വരെ ജലീലിനെ തള്ളിപ്പറഞ്ഞു കഴിഞ്ഞു. മുഖ്യമന്ത്രി തള്ളിക്കളഞ്ഞതിനെ കുറിച്ചാണ് ജലീൽ ഇനി പറയേണ്ടത്. കത്തിനെ കുറിച്ച് ജലീലിനെ വിളിച്ചു വരുത്തി മുഖ്യമന്ത്രി ചോദിക്കണം. മുൻ മന്ത്രിയോട് സംസാരിക്കാൻ സമയം കിട്ടിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും സതീശൻ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.