കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രസിഡന്റ് ഉൾപ്പെടെ നാല് മുൻ ഭരണസമിതി അംഗങ്ങൾ അറസ്റ്റിൽ
text_fieldsതൃശൂർ: കരുവന്നൂർ സർവിസ് സഹകരണ ബാങ്കിലെ കോടികളുടെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ പ്രസിഡൻറ് ഉൾപ്പെടെ നാല് ഭരണസമിതി അംഗങ്ങൾ അറസ്റ്റിൽ.
ബാങ്ക് മുൻ പ്രസിഡൻറ് മാടായിക്കോണം കട്ടിലപ്പറമ്പിൽ വീട്ടിൽ കെ.കെ. ദിവാകരൻ, ഭരണ സമിതി അംഗങ്ങളായിരുന്ന മാപ്രാണം ചക്രംപുള്ളി വീട്ടിൽ ജോസ് ചക്രംപുള്ളി, തളിയക്കോണം തൈവളപ്പിൽ ബൈജു, പൊറത്തിശ്ശേരി വാക്കയിൽ വീട്ടിൽ ലളിതൻ എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം പുലർച്ച വീടുകളിൽനിന്ന് അറസ്റ്റ് ചെയ്തത്. വ്യാജ രേഖകളുണ്ടാക്കിയും ചട്ടം ലംഘിച്ചും വായ്പ തട്ടിപ്പിന് കൂട്ടുനിന്നുവെന്നാണ് ഇവർക്കെതിരായ കുറ്റം.
സി.പി.എം മാടായിക്കോണം സ്കൂൾ ബ്രാഞ്ച് അംഗമായിരുന്നു ദിവാകരൻ. പാർട്ടിയിൽനിന്ന് നേരത്തേ പുറത്താക്കിയിരുന്നു. തൈവളപ്പിൽ ബൈജു പാർട്ടി പൊറത്തിശ്ശേരി സൗത്ത് ലോക്കൽ കമ്മിറ്റി അംഗമാണ്. നിലവിൽ ആറുമാസം സസ്പെൻഷനിലാണ്. പാർട്ടി മാപ്രാണം ചർച്ച് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ടി.എസ്. ജോസ്. സി.പി.ഐ നേതാവാണ് അറസ്റ്റിലായ വി.കെ. ലളിതൻ. വായ്പ തട്ടിപ്പിൽ ആദ്യമായാണ് ഭരണസമിതി അംഗങ്ങളെ അറസ്റ്റ് ചെയ്യുന്നത്. 104 കോടിയുടെ വായ്പ ക്രമക്കേട് നടന്നുവെന്നാണ് സഹകരണ വകുപ്പിെൻറ പ്രാഥമിക കണ്ടെത്തൽ.
12 ഭരണസമിതി അംഗങ്ങള്ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരുന്നു. നേരത്തേ കേസിലെ മുഖ്യപ്രതികളും സി.പി.എം നേതാക്കളുമായ ബാങ്ക് മുൻ സെക്രട്ടറി ടി.കെ. സുനിൽകുമാർ, മുൻ മാനേജർ ബിജു കരീം, മുൻ അക്കൗണ്ടൻറ് ജിൽസ്, ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സൂപ്പർമാർക്കറ്റിലെ അക്കൗണ്ടൻറ് ഇൻ ചാർജ് റെജി അനിൽ എന്നിവർ പിടിയിലായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. അന്വേഷണം ഭരണ സ്വാധീനമുപയോഗിച്ച് വൈകിപ്പിക്കുന്നുവെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുൻ ജീവനക്കാരൻ നൽകിയ ഹരജി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. ഭരണസമിതി അംഗങ്ങളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ പ്രതിഷേധവും ഉയർന്നിരുന്നു. അതേസമയം, തട്ടിപ്പിലെ പ്രധാനി കിരണിനെ ഇതുവരെയും പിടികൂടാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.