കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സതീഷ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളി; ഗോകുലം ഗോപാലൻ ചോദ്യം ചെയ്യലിന് നാളെയും ഹാജരാകണം
text_fieldsകൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തട്ടിപ്പിൽ ഇയാൾക്ക് നിർണായക പങ്കുണ്ടെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദം അംഗീകരിച്ചാണ് കള്ളപ്പണം തടയൽ നിയമ പ്രകാരമുള്ള കലൂരിലെ പ്രത്യേക കോടതി ജാമ്യം നൽകാൻ വിസമ്മതിച്ചത്.
അറസ്റ്റിലായി 86 ദിവസമായി സതീഷ് റിമാൻഡിൽ കഴിയുകയാണ്. കേസിൽ ഇ.ഡി കുറ്റപത്രവും സമർപ്പിച്ചിരുന്നു. സി.പി.എം നേതാവ് അരവിന്ദാക്ഷൻ അടക്കമുള്ളവർ ബിനാമിയാണെന്നും സഹോദരനായ ശ്രീജിത്തിനെ മുന്നിൽനിർത്തി വൻ തട്ടിപ്പ് നടത്തിയെന്നുമാണ് ഇ.ഡിയുടെ ആരോപണം.
അരവിന്ദാക്ഷന്റെയും മറ്റൊരു പ്രതിയായ സി.കെ. ജിൽസിന്റെയും ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലുണ്ട്. ഇ.ഡിക്കെതിരെ പെരിങ്ങണ്ടൂർ ബാങ്ക് നൽകിയ ഹരജി ഡിസംബർ ഒന്നിന് പരിഗണിക്കാനും കോടതി മാറ്റി. കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി അഖിൽജിത്തിന്റെ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കും. മുഖ്യപ്രതി ഭാസുരാംഗന്റെ മകനാണിയാൾ.
ഗോകുലം ഗോപാലനെ ചോദ്യം ചെയ്തു; നാളെയും ഹാജരാകണം
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ വ്യവസായി ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. നാലുകോടിയുടെ ഇടപാടിലാണ് നടപടി. വെള്ളിയാഴ്ച വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ബുധനാഴ്ച രാവിലെ പത്തരയോടെയാണ് ഗോപാലനെ ഇ.ഡി കൊച്ചി ഓഫിസിലേക്ക് വിളിച്ചുവരുത്തിയത്. നേരത്തേ പ്രതിദിന നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട് കരുവന്നൂർ ബാങ്കിലെ നാലുകോടിയുടെ സംശയാസ്പദ ഇടപാട് ഇ.ഡിയുടെ ശ്രദ്ധയിൽപെട്ടിരുന്നു. ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും അതിന് തയാറായിരുന്നില്ല. തുടർന്നാണ് സമൻസ് അയച്ച് ഗോപാലനെ വിളിപ്പിച്ചതെന്നാണ് ഇ.ഡി നൽകുന്ന സൂചന. എട്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.