കരുവന്നൂർ ബാങ്ക് തട്ടിപ്പ് സി.പി.എം അറിവോടെയെന്ന് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് സി.പി.എം നേതൃത്വത്തിെൻറ അറിവോടെയാണെന്നും തട്ടിപ്പ് കണ്ടെത്തിയിട്ടും പൂഴ്ത്തിവെച്ച് കൂടുതൽ തട്ടിപ്പിന് പാർട്ടി നേതൃത്വം അവസരമൊരുക്കിയെന്നും നിയമസഭയിൽ പ്രതിപക്ഷം. സംഭവത്തിൽ കുറ്റക്കാരായ ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മന്ത്രി കെ.എൻ. വാസവൻ. എവിടെയൊക്കെ അഴിമതി നടത്താമോ അവിടെയൊക്കെ അണികളെ സി.പി.എം അഴിച്ചുവിട്ടിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മന്ത്രിയുടെ വിശദീകരണത്തിൽ തൃപ്തരാകാതെ പ്രതിപക്ഷം ശൂന്യവേളയിൽ സഭയിൽനിന്ന് ഇറങ്ങിപ്പോയി.
സംസ്ഥാനം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പാണ് സി.പി.എം നേതാക്കളുടെ അറിവോടെ നടന്നതെന്ന് ഇതു സംബന്ധിച്ച അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ ഷാഫി പറമ്പിൽ ആരോപിച്ചു. വിവരം മൂന്നുവർഷംമുമ്പ് അറിഞ്ഞിട്ടും നടപടിയെടുക്കാതെ സി.പി.എം തട്ടിപ്പിന് കൂട്ടുനിന്നു. അതിലൂടെ സഹകരണപ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാറിന് വടികൊടുത്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാറിന് പരാതി ലഭിച്ചപ്പോൾത്തന്നെ അന്വേഷണത്തിന് ഉത്തരവിടുകയും നടപടിക്രമങ്ങളെല്ലാം പാലിച്ച് ഭരണസമിതിയെ പിരിച്ചുവിടുകയും ചെയ്തതായി മന്ത്രി വാസവൻ വിശദീകരിച്ചു. ക്രൈംബ്രാഞ്ചും സഹകരണ വകുപ്പും അേന്വഷണം നടത്തുന്നുണ്ട്. സഹകരണ അസി. രജിസ്ട്രാറിന്റെ അന്വേഷണത്തിൽ 104.37 കോടിയുടെ തട്ടിപ്പ് കണ്ടെത്തി. അതിെൻറ അടിസ്ഥാനത്തിൽ കുറ്റക്കാക്കാർക്കെതിരെ അച്ചടക്കനടപടിയും സ്വീകരിച്ചു. വിശദ അന്വേഷണത്തിെൻറ ഭാഗമായി സഹകരണ രജിസ്ട്രാർ നേരിട്ട് പരിശോധന നടത്തിയെന്നും മന്ത്രി അറിയിച്ചു.
ക്രമക്കേട് സംബന്ധിച്ച് മൂന്നു വർഷംമുമ്പ് പരാതി കിട്ടിയിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ സംരക്ഷിക്കുകയായിരുന്നെന്നും വിജിലന്‍സ് അന്വേഷണ ശിപാര്‍ശയുടെ ഫയൽ പൂഴ്ത്തിെവച്ച് തട്ടിപ്പിന് സഹകരണ വകുപ്പ് കൂട്ടുനിന്നെന്നും വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. തട്ടിപ്പ് വിവരം പാർട്ടിതല അന്വേഷണങ്ങളിൽ കണ്ടെത്തിയിട്ടും പൂഴ്ത്തിവെച്ചതിനാലാണ് പിന്നീട്, 100 കോടിയുടെ തട്ടിപ്പ് കൂടി നടന്നത്. രണ്ടുലക്ഷം രൂപയുടെ ക്രമക്കേട് ചൂണ്ടിക്കാട്ടി കോൺഗ്രസ് ഭരിച്ച സഹകരണ ബാങ്കിെൻറ ഭരണസമിതി പിരിച്ചുവിട്ട സർക്കാർ 350 കോടിയുടെ തട്ടിപ്പ് നടത്തിയ കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതിയെ പിരിച്ചുവിടാൻ വിവാദമുണ്ടാകുംവരെ കാത്തിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.