കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ജാമ്യ ഹരജി തള്ളി
text_fieldsതൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിൽ അറസ്റ്റിലായ മുൻ ഭരണസമിതി പ്രസിഡൻറ് കെ.കെ. ദിവാകരെൻറ ജാമ്യാപേക്ഷ കോടതി തള്ളി. ജില്ല സെഷൻസ് ജഡ്ജി പി.ജെ. വിൻസൻറാണ് ഹരജി തള്ളിയത്. കേസിലെ ഏഴാം പ്രതിയാണ് ദിവാകരൻ. തട്ടിപ്പ് നടത്തിയ ആറ് പ്രതികളുമായി ഗൂഢാലോചന നടത്തി ബാങ്കിനെയും നിക്ഷേപകരെയും വഞ്ചിച്ചെന്നാണ് ക്രൈംബ്രാഞ്ച് ചുമത്തിയ കുറ്റം.
50 ലക്ഷം രൂപയുടെ 279 വായ്പകൾ ഭരണസമിതി പരിശോധിക്കുകയോ അന്വേഷിക്കുകയോ ചെയ്യാതെ അനുവദിച്ചുവെന്നും വ്യാജ അംഗത്വം ചേർക്കാൻ വ്യാജ രേഖകളും മറ്റും തയാറാക്കാൻ കൂട്ടുനിന്നെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇക്കഴിഞ്ഞ 13നാണ് ദിവാകരനെയും മൂന്ന് ഭരണസമിതി അംഗങ്ങളെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ചിെൻറ കസ്റ്റഡി അപേക്ഷ നിലനിൽക്കുന്നതിനാൽ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന ജില്ല പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബുവിെൻറ വാദം പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
അതേസമയം, കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയ ദിവാകരൻ, ഭരണസമിതി അംഗങ്ങളായിരുന്ന മാപ്രാണം ചക്രംപുള്ളി വീട്ടിൽ ജോസ് ചക്രംപുള്ളി, തളിയക്കോണം തൈവളപ്പിൽ ബൈജു, പൊറത്തിശ്ശേരി വാക്കയിൽ വീട്ടിൽ ലളിതൻ എന്നിവരുടെ മൊഴിയെടുപ്പ് ക്രൈംബ്രാഞ്ച് പൂർത്തിയാക്കി.
കോടതിയിൽ ഹാജരാക്കിയ ഇവരെ വീണ്ടും റിമാൻഡ് ചെയ്തു. കൃത്രിമ രേഖകളിലും ലോണ്‍ അനുവദിച്ച രേഖകളിലും തങ്ങളല്ല ഒപ്പിട്ടതെന്നും ഉദ്യോഗസ്ഥരായ പ്രതികള്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ് രേഖകളെന്നും സാമ്പത്തിക തിരിമറികളൊന്നും നടത്തിയിട്ടില്ലെന്നും നിരപരാധികളാണെന്നുമുള്ള മുൻ നിലപാട് ഭരണസമിതിയംഗങ്ങൾ ക്രൈംബ്രാഞ്ചിനോട് ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.