ആളിക്കത്തി കരുവന്നൂർ; കടുത്ത സമ്മർദത്തിൽ സി.പി.എമ്മും സർക്കാറും
text_fieldsതൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് പ്രതിസന്ധിക്ക് ഓണത്തിന് മുമ്പ് പരിഹാരം കാണാൻ തിരക്കിട്ട നടപടികളുമായി സർക്കാറും സി.പി.എമ്മും.
ബാങ്കിൽ 30 ലക്ഷം നിക്ഷേപമുണ്ടായിട്ടും മതിയായ ചികിത്സ ലഭിക്കാതെ വയോധിക മരിച്ച സംഭവത്തിന് പിന്നാലെ കൂടുതൽ സമാന പരാതികൾ വന്നതും പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയും ചെയ്തതോടെ കടുത്ത സമ്മർദത്തിലാണ് പാർട്ടിയും സർക്കാറും. അടിയന്തരമായി 25 കോടി കേരള ബാങ്ക് ഉടൻ കൈമാറുമെന്ന് മന്ത്രി വി.എൻ. വാസവന്റെ പ്രഖ്യാപനം ഇതിന്റെ ഭാഗമാണെന്നാണ് സൂചന. കേരള ബാങ്കിന് ഇതുസംബന്ധിച്ച് നിർദേശം നൽകിയതായാണ് വിവരം.
നിക്ഷേപകർക്ക് പണം വേഗത്തിൽ നൽകണമെന്നാവശ്യപ്പെട്ട് സി.പി.ഐ രംഗത്തെത്തിയതും നടപടിക്ക് വേഗംകൂട്ടാൻ കാരണമായി.
50 കോടിയുടെ പ്രതിസന്ധി മാത്രമേ നിലവിൽ ബാങ്കിനുള്ളൂവെന്നാണ് കേരള ബാങ്കിന്റെ വിലയിരുത്തൽ. ഇത് ഈടാക്കാൻ വലിയ പ്രയാസങ്ങളില്ല. നിലവിൽ അതിനുള്ള കെട്ടിടവും വസ്തുക്കളുമടക്കം ആസ്തികളുണ്ട്. സഹകരണ വകുപ്പ് സെക്രട്ടറിയും കേരള ബാങ്ക് പ്രതിനിധി സംഘവുമടക്കം ഇതുസംബന്ധിച്ച് പരിഹാര സാധ്യതകൾ പരിശോധിച്ചു. കഴിഞ്ഞ ദിവസം ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിൽ ഇക്കാര്യത്തിൽ കരട് രേഖയുമായി.
അടുത്ത ദിവസം സഹകരണ മന്ത്രിയുടെ അഭിപ്രായത്തിന് ശേഷം അന്തിമ രൂപം നൽകും.
പരിഗണിക്കുന്ന സാധ്യതകൾ
കേരള ബാങ്കിനും പ്രാഥമിക സഹകരണ സംഘങ്ങൾക്കും നേരിട്ട് കരുവന്നൂർ ബാങ്കിൽ നിക്ഷേപം നടത്താം. ജോയന്റ് രജിസ്ട്രാറുടെ അനുമതി മാത്രം മതി.വായ്പകളുടെ തിരിച്ചടവിന് ഒറ്റത്തവണ തീർപ്പാക്കൽ അടക്കമുള്ളവക്ക് പ്രത്യേക ഇളവ് നൽകി നിലവിൽ കുടിശ്ശികയായി കിടക്കുന്ന വായ്പകളെ തീർപ്പാക്കി വരുമാനമുണ്ടാക്കാം.കൂടുതൽ പലിശയടക്കം വാഗ്ദാനം നൽകി നിക്ഷേപം സ്വീകരിക്കാം.
'25 കോടി കേരള ബാങ്ക് ഉടൻ കൈമാറും'
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിന് കേരള ബാങ്ക് 25 കോടി രൂപ ഉടൻ അനുവദിക്കുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ. നിക്ഷേപകർക്ക് പണം തിരിച്ചുനൽകാൻ നടപടി സ്വീകരിക്കും. ആർ.ബി.ഐ തടസ്സം നിന്നതിനാൽ കൺസോർട്യം ഇനി നടക്കില്ല. ചികിത്സ പണം നൽകാത്തത് ഒറ്റപ്പെട്ട സംഭവമാണ്. പരിശോധിച്ച് നടപടി സ്വീകരിക്കും. നിക്ഷേപർക്ക് ആശങ്ക വേണ്ടെന്നും പൂർണ സുരക്ഷ സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
'ഓണത്തിനുമുമ്പ് പരിഹാരം'
തൃശൂർ: കരുവന്നൂർ ബാങ്കിലെ പ്രശ്നങ്ങൾക്ക് ഓണത്തിന് മുമ്പ് പരിഹാരം കാണാനാവുമെന്നാണ് പ്രതീക്ഷയെന്നും അതിനുള്ള നടപടികളിലേക്ക് കടന്നതായും കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ. കണ്ണൻ വ്യക്തമാക്കി. ഇതിനായി മറ്റ് സഹകരണ ബാങ്കുകളിൽനിന്ന് പണം സമാഹരിച്ചെത്തിക്കാൻ ശ്രമം തുടങ്ങി. 50 കോടി രൂപക്ക് അടുത്ത് കിട്ടിയാൽ ബാങ്കിലെ സാമ്പത്തിക പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരമാകുമെന്നും കണ്ണൻ പറഞ്ഞു.
'പാർട്ടി അറിയാതെ തട്ടിപ്പ് നടക്കില്ല'
തൃശൂർ: ബാങ്ക് തട്ടിപ്പിലെ അന്വേഷണം സി.പി.എം നേതാക്കളിലേക്ക് എത്തിയില്ലെന്ന് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ടി.ആർ. സുനിൽകുമാറിന്റെ പിതാവ് രാമകൃഷ്ണൻ. തട്ടിപ്പിന് പിന്നിലെ നേതാവിന് വേണ്ടിയാണ് എല്ലാം ചെയ്തത്. എന്നാൽ, അദ്ദേഹത്തിനെതിരെ അന്വേഷണം ഉണ്ടായില്ല.
മറ്റു പ്രതികളുമായി ബിനാമി പേരുകളിൽ അദ്ദേഹം നിരവധി സ്വത്തുക്കൾ വാങ്ങിക്കൂട്ടി. തട്ടിപ്പിൽ മകനെ കുടുക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മറ്റൊരു പ്രതിയുടെ കുടുംബാംഗങ്ങൾ സ്വത്ത് സമ്പാദിച്ചത് ബാങ്കിലെ പണം കൊണ്ടാണ്. പാർട്ടിയറിയാതെ തട്ടിപ്പ് നടക്കില്ല. ഉന്നത നേതാക്കൾക്കെതിരെ അന്വേഷണം വേണം. ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.