കരുവന്നൂർ ബാങ്ക് തട്ടിപ്പ്: കടുത്ത നടപടിക്കൊരുങ്ങി സി.പി.എം
text_fields തൃശൂർ: ബാങ്ക് വായ്പത്തട്ടിപ്പിൽ കുരുക്കിലായ സി.പി.എം കടുത്ത നടപടികൾക്കൊരുങ്ങുന്നു. ഞായറാഴ്ച ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ശക്തമായ നടപടികൾക്ക് തീരുമാനമുണ്ടാവുമെന്നാണ് വിവരം. ബാങ്ക് പരിധിയായ ഏരിയ കമ്മിറ്റിയും ലോക്കൽ കമ്മിറ്റിയും പിരിച്ചുവിടുന്നതടക്കമുള്ള കടുത്ത നടപടികളാണ് ധാരണയിലെത്തിയിരിക്കുന്നത്. കരുവന്നൂരിന് പുറമെ, കാറളത്തും മറ്റ് നിരവധി ബാങ്കുകളിലും സമാനമായ സംഭവങ്ങൾ ഉണ്ടെന്നാണ് പാർട്ടിയുടെ പ്രാഥമിക പരിശോധനയിലുള്ളത്. ശനിയാഴ്ച സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ ജില്ലയിലെ സംസ്ഥാന നേതാക്കളും ജില്ല സെക്രട്ടറി എം.എം. വർഗീസ് അടക്കമുള്ളവരുമായി വിഷയം ചർച്ച ചെയ്തു. കടുത്ത നടപടിക്കാണ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുള്ളതെന്ന് വിജയരാഘവൻ ജില്ല നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി പരിധിയിൽ കരുവന്നൂർ, പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റികൾക്ക് കീഴിലാണ് കരുവന്നൂർ സർവിസ് സഹകരണ ബാങ്ക്. വിഷയം കൈകാര്യം ചെയ്തതിൽ നേതൃത്വത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന ആക്ഷേപവുമുണ്ട്. നേരേത്ത പാർട്ടിതലത്തിൽ പരാതിയെത്തി പരിശോധിച്ചിട്ടും ഗൗരവപൂർവം ഇടപെടാതിരിക്കുകയും പരിശോധിച്ച് നടപടിയെടുക്കാതിരുന്നതുമാണ് ഗുരുതര സാഹചര്യത്തിലെത്തിച്ചതെന്നാണ് വിമർശനം.
ഭരണസമിതി അംഗങ്ങളിൽനിന്ന് ഇന്ന് മൊഴിയെടുക്കും
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് ഭരണസമിതി അംഗങ്ങളിൽനിന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഞായറാഴ്ച മൊഴിയെടുക്കും. തൃശൂരിൽ ക്രൈംബ്രാഞ്ച് ഓഫിസിൽ രാവിലെ നേരിൽ ഹാജരാവാൻ ഡയറക്ടർമാരോട് നിർദേശിച്ചിട്ടുണ്ട്. മുൻ ഭരണസമിതിയുടെ കാലത്താണ് ക്രമക്കേട് നടന്നതെന്നാണ് കണ്ടെത്തൽ. എന്നാൽ, ആ ഭരണസമിതിയുടെ കാലത്തെ മൂന്നുപേർ ഇപ്പോഴത്തെ ഭരണസമിതിയിലുമുണ്ട്. ഇപ്പോഴത്തെ ഭരണസമിതിയുടെ നേതൃത്വത്തിലാണ് സഹകരണ വകുപ്പിനും പൊലീസിനും പരാതി നൽകി ക്രമക്കേട് കണ്ടെത്തിയത്. പ്രസിഡൻറിെൻറ ഒപ്പോ, പരിശോധന റിപ്പോർട്ടുകളോ ഇല്ലാതെയും ഭരണസമിതിയുടെ അനുമതിയില്ലാതെയും കോടികളുടെ വായ്പ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. എസ്.പി സുദർശെൻറ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ബി.ജെ.പി സമരത്തിന്
തൃശൂർ: കരുവന്നൂർ ബാങ്ക് അഴിമതിക്കേസിൽ സി.പി.എം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സമര രംഗത്തേക്ക്. ഞായറാഴ്ച സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ കരുവന്നൂരിലെത്തും. മന്ത്രി ആർ. ബിന്ദുവിന് തെരഞ്ഞെടുപ്പ് ഫണ്ട് വന്നതിൽ അന്വേഷണം വേണമെന്ന ആവശ്യവും മുന്നോട്ടുവെക്കുന്നുണ്ട്. വ്യാജമായി വായ്പ അനുവദിക്കുകയും തേക്കടിയിൽ റിസോർട്ടിനായി ഓഹരിയടിസ്ഥാനത്തിൽ വായ്പ നൽകിയതായും തെളിവുകൾ ഇ.ഡിക്ക് കൈമാറുമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് പറഞ്ഞു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുമെന്ന് ജില്ല പ്രസിഡൻറ് കെ.കെ. അനീഷ്കുമാറും അറിയിച്ചു. സി.പി.എം സംസ്ഥാന, ജില്ല നേതാക്കൾക്ക് തട്ടിപ്പിൽ പങ്കുണ്ട്. മുഖ്യപ്രതി ബിജു കരീം മുൻ മന്ത്രി എ.സി. മൊയ്തീെൻറ ബന്ധുവാണെന്ന് അനീഷ് കുമാർ ആരോപിച്ചു. കൊടകര കുഴൽപണക്കേസിൽ സ്വപ്നലോകത്ത് നിന്ന് കൊണ്ടാണ് അന്വേഷണസംഘം കുറ്റപത്രം തയാറാക്കിയതെന്നും അനീഷ്കുമാർ ആരോപിച്ചു.
സി.ബി.െഎ അന്വേഷിക്കണം –ശോഭ സുരേന്ദ്രൻ
ഇരിങ്ങാലക്കുട: കരുവന്നൂർ സർവിസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ. ക്രൈം ബ്രാഞ്ച് അന്വേഷണം കൊണ്ട് ഇതിെൻറ പിറകിലെ വമ്പൻ സ്രാവുകളെ പുറത്തുകൊണ്ടുവരാൻ കഴിയില്ല.
നടപടി കടുപ്പിച്ച് പ്രതിപക്ഷം
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സി.പി.എമ്മിനും സർക്കാറിനുമെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസും ബി.ജെ.പിയും. ബാങ്കിന് മുന്നിൽ തുടരുന്ന പ്രതിഷേധം ഞായറാഴ്ചയോടെ കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കാനാണ് ആലോചന. ബാങ്ക് ജപ്തി നോട്ടീസിനെ തുടർന്ന് ആത്മഹത്യ ചെയ്ത മുൻ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ടി.എം. മുകുന്ദെൻറ വീട്ടിൽ യു.ഡി.എഫ് കൺവീനർ എം.എം. ഹസനും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രനുമെത്തി.
മുകുന്ദെൻറ കുടുംബത്തെ സർക്കാർ സംരക്ഷിക്കണം–എം.എം. ഹസന്
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സർവിസ് സഹകരണ ബാങ്ക് തട്ടിപ്പിെൻറ ആദ്യ രക്തസാക്ഷിയാണ് ആത്മഹത്യ ചെയ്ത മുകുന്ദനെന്ന് വീട് സന്ദര്‍ശിച്ച ശേഷം യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന് പറഞ്ഞു.മുകുന്ദെൻറ കുടുംബത്തെ സംരക്ഷിക്കാനുള്ള ബാധ്യത കൂടി സര്‍ക്കാര്‍ ഏറ്റെടുക്കണം. ഒ. അബ്ദുൽ റഹ്മാന്‍കുട്ടി, പി.എ. മാധവന്, എം.കെ. അബ്ദുൽ സലാം, രാജേന്ദ്രന് അരങ്ങത്ത്, സി.ഒ. ജേക്കബ്, ടി.എം. നാസര്‍, എന്‍.കെ. സുധീര്‍, സതീഷ് വിമലന്, ആേൻറാ പെരുമ്പുള്ളി, എം.ആര്. ഷാജു, ബൈജു കുറ്റിക്കാടന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ ഹസനോടൊപ്പം ഉണ്ടായിരുന്നു.
ക്ലർക്കും കാഷ്യറും മാത്രമായി നടത്തിയതല്ല –ഉമ്മൻ ചാണ്ടി
ചാലക്കുടി: കരുവന്നൂർ ബാങ്കിൽ നടന്ന വെട്ടിപ്പ് ക്ലർക്കും കാഷ്യറും കൂടിച്ചേർന്നാണ് നടത്തിയതെന്ന് വിശ്വസിക്കാനാവില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോടികളുടെ വെട്ടിപ്പ് നടത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ചാലക്കുടിയിൽ മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു അദ്ദേഹം. ബെന്നി ബഹനാൻ എം.പി, സനീഷ് കുമാർ ജോസഫ് എം.എൽ.എ, കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയൽ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.